കടുത്ത നടപടികളിലേക്ക് സൗദി; നിയന്ത്രണങ്ങൾ ഇന്നുമുതൽ പ്രാബല്യത്തിൽ

റിയാദ്: കോവിഡ് ബാധിതരുടെ എണ്ണം 118 ആയതോടെ കടുത്ത നിയന്ത്രങ്ങളും നടപടികളുമായി സൗദി സർക്കാർ. 16 ദിവസം സർക്കാർ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു.

ആരോഗ്യ, ആഭ്യന്തര, സൈനിക മന്ത്രാലയങ്ങള്‍ ഒഴികെയാണ് അവധി. വിവിധ സ്ഥാപനങ്ങളും രാജ്യത്തെ ബാര്‍ബര്‍ ഷോപ്പുകളും ബ്യൂട്ടി പാര്‍ലറുകളും അനിശ്ചിത കാലത്തേക്ക് അടക്കാന്‍ ഉത്തരവിറങ്ങി.

പൊതുസ്ഥലങ്ങള്‍, പാര്‍ക്കുകള്‍, ബീച്ചുകള്‍ എന്നിവിടങ്ങളില്‍ ഒരുമിച്ച് കൂടുന്നതിന് വിലക്കേര്‍പ്പെടുത്തി. സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങള്‍ പരമാവധി ജീവനക്കാര്‍ക്ക് അവധി നല്‍കണമെന്നും നിര്‍ദേശം നല്‍കി. എല്ലാ ഉത്തരവുകളും തിങ്കളാഴ്ച മുതൽ പ്രാബല്യത്തിലായി.

പ്രധാന നടപടികൾ:


1. രാജ്യത്തെ സര്‍ക്കാര്‍ ഓഫീസുകള്‍ 16 ദിവസത്തേക്ക് അടച്ചു. ആരോഗ്യം, ആഭ്യന്തരം, പ്രതിരോധ മന്ത്രാലയങ്ങള്‍ സാധാരണ പോലെ പ്രവര്‍ത്തിക്കും. വിദ്യാഭ്യാസ മേഖലയില്‍ നേരത്തെ തീരുമാനിച്ച വിദൂര സ്മാര്‍ട്ട് ക്ലാസുകൾ തുടരും.


2. രാജ്യത്തെ മുഴുവന്‍ മാളുകളും ഷോപ്പിങ് കോംപ്ലക്സുകളും അടച്ചു. എന്നാല്‍, ഭക്ഷണം ലഭ്യമാകുന്ന സൂപ്പര്‍ മാര്‍ക്കറ്റുകള്‍ക്കും ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ക്കും തുറക്കാം. ഇവര്‍ സ്റ്റൈറിലൈസേഷനുള്ള സംവിധാനം സജ്ജീകരിക്കണം, 24 മണിക്കൂര്‍ സേവനത്തിനും സന്നദ്ധമാകണം എന്നിവയാണ് നിബന്ധനകള്‍. ഫാര്‍മസികള്‍ക്കും മുഴു സമയം പ്രവര്‍ത്തിക്കാം. ഷോപ്പിങ് കോംപ്ലക്സുകളിലെ മറ്റുസ്ഥാപനങ്ങൾ തുറക്കാന്‍ പാടില്ല. എന്നാല്‍ ഷോപ്പിങ് കോംപ്ലക്സുകളിലല്ലാതെ ഒറ്റക്ക് പ്രവര്‍ത്തിക്കുന്ന വ്യാപാര വാണിജ്യസ്ഥാപനങ്ങള്‍ക്ക് തുറന്ന് പ്രവര്‍ത്തിക്കാം. ഇവ ഏതൊക്കെയെന്ന് മുനിസിപ്പാലിറ്റി തീരുമാനിക്കും.


3. രാജ്യത്തെ ബാര്‍ബര്‍ ഷോപ്പുകളും സ്ത്രീകള്‍ക്കായുള്ള ബ്യൂട്ടി പാര്‍ലറുകളും തുറക്കുന്നതിന് അനിശ്ചിത കാലത്തേക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി.

4. ഭക്ഷണം നല്‍കുന്ന എല്ലാ സ്ഥാപനങ്ങളിലും പാര്‍സല്‍ സംവിധാനം മാത്രമേ അനുവദിക്കൂ. ഹോട്ടലുകള്‍, റസ്​റ്റോറൻറുകള്‍, കഫേകള്‍ എന്നിവിടങ്ങളിലെല്ലാം ഭക്ഷണം സ്ഥാപനത്തില്‍ വെച്ച് തന്നെ കഴിക്കുന്നത് നിരോധിച്ചു. 24 മണിക്കൂറും ഭക്ഷ്യശാലകള്‍ക്ക് പ്രവര്‍ത്തിക്കാം.

5. വിനോദത്തിനായി ഒത്തു കൂടുന്നതും നിരോധിച്ചു. പാര്‍ക്കുകള്‍, ബീച്ചുകള്‍, റിസോട്ടുകള്‍, ക്യാമ്പ് ചെയ്യല്‍ എന്നിവയെല്ലാം നിരോധിച്ചു. പൊതു ഇടങ്ങളിലും ആളുകള്‍ ഒത്തു ചേരുന്നതിന് വിലക്ക് ഏര്‍പ്പെടുത്തി. പൊതു സ്ഥലങ്ങളിലെ മുഴുവന്‍ ലേലം വിളികള്‍ക്കും പ്രക്രിയകള്‍ക്കും നിരോധനം പ്രാബല്യത്തിൽ.

6. സര്‍ക്കാര്‍ ഓഫിസുകളിലേക്കുള്ള എല്ലാ വിധ അന്വേഷണങ്ങളും നടപടികളും ഇടപാടുകളും ഇലക്ട്രോണിക് സംവിധാനം വഴിയാക്കി. വിവിധ കമ്പനികളും സര്‍ക്കാറും തമ്മിലുള്ള ഇടപാടുകള്‍ക്കും ഇത് ബാധകമാണ്. അന്വേഷണങ്ങള്‍ ഫോണ്‍ വഴി മാത്രമായി പരിമിതപ്പെടുത്തി.

7. ജോലി സ്ഥലങ്ങളില്‍ പരമാവധി ജീവനക്കാരെ കുറക്കാന്‍ സ്വകാര്യ കമ്പനികളോടും ഭരണകൂടം നിര്‍ദേശിച്ചു. കഴിയുന്നത്ര ജീവനക്കാരുടെ എണ്ണം ഈ സമയത്ത് കുറക്കണം. പരമാവധി ജോലികള്‍ വീടുകളില്‍നിന്നും ചെയ്യാന്‍ പാകത്തില്‍ ക്രമീകരിക്കണം. ഗര്‍ഭിണികള്‍, ആരോഗ്യ പ്രയാസം ഉള്ളവര്‍ എന്നിവര്‍ക്കെല്ലാം നിര്‍ബന്ധമായും ലീവ് അനുവദിക്കണം.

8. വിദേശത്ത് നിന്നും എത്തുന്ന ജീവനക്കാര്‍ക്ക് 14 ദിവസം നിര്‍ബന്ധമായും അവധി നല്‍കണം. ഇവര്‍ വീടുകളിലോ താമസ സ്ഥലങ്ങളിലോ നിരീക്ഷണത്തില്‍ തുടരണം. അസുഖമില്ലെന്ന് ഉറപ്പു വരുത്താനാണിത്.

Tags:    
News Summary - covid 19: saudi restrictions

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.