യാംബു: ഉപഭോക്താവാണെന്ന വ്യാജേന കടകളിലെത്തി പണം തട്ടുന്ന സംഭവങ്ങൾ തുടർക്കഥയാവുന്നു. യാംബു മേഖലയിലും ഇത്തരം തട്ടിപ്പുകൾ അരങ്ങേറുന്നു. ഏതാനും ദിവസങ്ങൾക്കിടയിൽ നിരവധി സംഭവങ്ങളാണ് പ്രദേശത്തെ വിവിധ ഭാഗങ്ങളിൽനിന്ന് റിപ്പോർട്ട് ചെയ്തത്.
ജിദ്ദയിലും മറ്റും മുമ്പ് നടന്ന ഇതുപോലുള്ള സമാന തട്ടിപ്പുകളുടെ വാർത്തകൾ ശ്രദ്ധിച്ചതിനാലാണ് പലരും തട്ടിപ്പിന് വിധേയരാകാതിരുന്നത്. രണ്ടുദിവസം മുമ്പ് ടൗണിലെ ഇലക്ട്രോണിക്സ് കടയിൽനിന്ന് രണ്ടുതവണ പണം തട്ടിയെടുത്തു. സാധനം വാങ്ങി ബില്ലാക്കിയശേഷം വില കൂടുതലാണെന്നു പറഞ്ഞ് ഒഴിഞ്ഞുമാറിയ അറബി വേഷധാരിയായ യുവാവാണ് മലയാളി യുവാവിൽനിന്ന് 700 റിയാൽ ഇങ്ങനെ തട്ടിയെടുത്തത്.
കടയിലെ കാമറ പരിശോധിച്ച് തട്ടിപ്പു നടത്തിയ വ്യക്തിയെ കണ്ടെത്തുകയും പൊലീസിൽ കേസ് കൊടുത്തതായും യുവാവ് അറിയിച്ചു. നഷ്ടപ്പെട്ട സംഖ്യ തിരിച്ചുകിട്ടുമെന്ന പ്രതീക്ഷയിലാണ് അദ്ദേഹം. മാസ്ക് ധരിച്ച് കടയിലെത്തുന്നതുകൊണ്ട് ഒറ്റനോട്ടത്തിൽ കാമറകളിൽനിന്ന് ആളെ തിരിച്ചറിയില്ലെന്ന ധൈര്യത്തിലാണ് ഇത്തരം തട്ടിപ്പു സംഘങ്ങൾ രംഗത്തിറങ്ങുന്നത്. കടയിലെത്തുന്ന ഇക്കൂട്ടർ ആദ്യം മാന്യമായ രീതിയിൽ സാധനങ്ങൾ വാങ്ങി 500 റിയാൽ നോട്ട് കാണിച്ച് പണം നൽകിയെന്ന പ്രതീതി സൃഷ്ടിക്കും. ഇതിനിടയിൽ ചുളുവിൽ ചെറിയ വിലയുള്ള സാധനത്തിെൻറ വില കിഴിച്ചുള്ള ബാക്കി തുക കൈപ്പറ്റിയിരിക്കും.
കടക്കാരനെ പരമാവധി പ്രകോപിപ്പിച്ച്, ശ്രദ്ധതിരിച്ചശേഷം ആദ്യം നൽകിയ 500 റിയാലും തിരിച്ചുവാങ്ങി സ്ഥലം കാലിയാക്കുകയും ചെയ്യും. കടക്കാരൻ ആകെ ആശയക്കുഴപ്പത്തിലാകും. ഏറെ കഴിഞ്ഞാണ് കബളിപ്പിക്കപ്പെട്ടത് തിരിച്ചറിയുക.
500 റിയാലിന് ചില്ലറ ചോദിച്ച് തട്ടിപ്പു നടത്തുന്ന രീതിയും വ്യാപകമാണ്. കടയിൽനിന്ന് വാങ്ങുന്ന ചില്ലറ അകത്തുനിന്ന് എണ്ണിനോക്കാതെ പോക്കറ്റിലിട്ട് പുറത്തുപോയശേഷം തിരിച്ചുവന്ന് തന്ന സംഖ്യയിൽ കുറവുണ്ടെന്നു പറഞ്ഞ് ബഹളംവെച്ച് നൂറും ഇരുനൂറും തട്ടിച്ച് മുങ്ങുന്ന സംഘവും വിലസുകയാണ്.
പച്ചക്കറികട നടത്തുന്ന മലപ്പുറം സ്വദേശിയായ യുവാവ് ഇങ്ങനെ തട്ടിപ്പിന് വിധേയനായ അനുഭവം പറയുന്നു. സംസാരത്തിലും വേഷവിധാനത്തിലും മാന്യനാണെന്ന് വരുത്തിയും കളവ് പറയില്ല എന്ന അവസ്ഥ ഉണ്ടാക്കിയും തട്ടിപ്പ് നടത്തുന്നു.
സാധനം വാങ്ങിയശേഷം താൻ ഉദ്ദേശിച്ച ബ്രാൻഡല്ല എന്നുപറഞ്ഞ് സംഖ്യ മടക്കിനൽകാൻ പറയുമ്പോൾ നൽകാത്ത സംഖ്യ അശ്രദ്ധയോടെ തിരികെ കൊടുക്കുന്ന കച്ചവടക്കാർ പിന്നീട് കണക്കു നോക്കുമ്പോൾ മാത്രമാണ് തട്ടിപ്പിനിരയായത് അറിയുന്നത്.
പത്രങ്ങളിൽ ഇത്തരം സംഭവങ്ങൾ വായിച്ച് ധാരണയുള്ളവർ പോലും വിദഗ്ധമായി കബളിപ്പിക്കലിന് ഇരയാകുന്നത് പ്രവാസി കച്ചവടക്കാരെ ഏറെ ആശങ്കയിലാക്കുന്നുണ്ട്. തട്ടിപ്പുകളുടെ വിവിധ രീതികളും സമാന സംഭവങ്ങളും പലഭാഗത്തും നടന്നിട്ടും പ്രവാസികൾ വഞ്ചിതരാകുന്നത് ആവർത്തിക്കപ്പെടുന്നത് വലിയ അശ്രദ്ധയാണെന്നും അപരിചിതരുമായി പണമിടപാട് നടത്തുമ്പോൾ കൂടുതൽ ജാഗ്രത കൈക്കൊള്ളേണ്ടത് അനിവാര്യമാണെന്നും സാമൂഹിക പ്രവർത്തകർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.