ഫോർക ഫുഡ് ഫെസ്റ്റിൽ വിജയികളായ ‘നമ്മൾ ചാവക്കാട്ടുകാർ’ സൗദി ചാപ്റ്റർ വനിതാ വിഭാഗം സമ്മാനങ്ങളുമായി
റിയാദ്: ചാവക്കാടിന്റെ പാചകപ്പെരുമക്ക് റിയാദിൽ അംഗീകാരം. പ്രവാസി പ്രാദേശിക കൂട്ടായ്മകളുടെ പൊതുവേദിയായ ഫെഡറേഷൻ ഓഫ് കേരളയിറ്റ് റീജനൽ അസോസിയേഷനും (ഫോർക) അൽ മദീന ഹൈപ്പർ മാർക്കറ്റും ചേർന്ന് സംഘടിപ്പിച്ച പാചക മത്സരത്തിൽ ഒന്നാം സമ്മാനം നേടിയത് ‘നമ്മൾ ചാവക്കാട്ടുകാർ’ സൗദി ചാപ്റ്റർ വനിത വിഭാഗമാണ്.
തിരുനവന്തപുരം മുതൽ കാസർകോട് വരെയുള്ള 18 പ്രാദേശിക സംഘടനകൾ പങ്കെടുത്ത മത്സരത്തിൽ രുചി, അലങ്കാരം, നിർമാണ രീതി വിവരണം, വൈവിധ്യം എന്നീ ഘടകങ്ങളെ അവലംബമാക്കി നടത്തിയ വിധിനിർണയമാണ് ചാവക്കാട്ടുകാരുടെ പാചകനൈപുണ്യത്തിന് ഫുൾമാർക്ക് നൽകിയത്.ചാവക്കാട്ടുകാരുടെ തനത് വിഭവമായ കൈപ്പത്തിരി, ചിക്കൻ പില്ലോ, ചെമ്മീൻ ചക്കക്കുരു മാങ്ങാക്കറി, വാട്ടർ മിലൻ സമ്മർ കറി, ചക്കപ്പായസം തുടങ്ങിയവ അണിനിരത്തിയാണ് ഒന്നാം സ്ഥാനത്തിനുള്ള ഒരു പവൻ സ്വർണവും മറ്റു സമ്മാനങ്ങളും കരസ്ഥമാക്കിയത്. അലങ്കാരത്തിന് പ്ലാസ്റ്റിക് ഉൽപന്നങ്ങളൊന്നും ഉപയോഗിക്കാതെ പ്രദർശിപ്പിച്ചത് പരിസ്ഥിതിക്ക് പരിക്കേൽപിക്കുന്ന പ്ലാസ്റ്റിക്കിനെതിരായ സന്ദേശമാണ് നൽകുന്നതെന്ന് വിധികർത്താക്കൾ അഭിപ്രായപ്പെട്ടു. ഷെഹീറ ആരിഫ്, ഫസ്ന ഷാഹിദ്, റസീന സിറാജുദ്ദീൻ, ജഫ്രീന ജാഫ്ഷിദ്, ഫിദ ഫെർമിസ്, റിജില ഫായിസ് തുടങ്ങിയവരാണ് പാചകങ്ങൾക്കും അലങ്കാരങ്ങൾക്കും നേതൃത്വം നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.