കർമ സരണിയിൽ നാല് പതിറ്റാണ്ട്:  സി.എച്ച് മൗലവി മടങ്ങുന്നു

ദമ്മാം: നാല്​ പതിറ്റാ​ണ്ടോളം പ്രവാസിയാവുകയും കെ.എം.സി.സിയുടെയും സമസ്​തയുടെയും അമരത്ത് സൗമ്യ പ്രതീകമാവുകയും ചെയ്ത ദമ്മാമിലെ സി.എച്ച്. മൗലവി പ്രവാസത്തോട്​ വിടപറയുന്നു. മത സാമൂഹിക സാംസ്കാരിക രാഷ്​ട്രീയ സംഘടനകളുടെ പോഷക ഘടകങ്ങൾ കേട്ടുകേൾവിയില്ലാത്ത കാലത്ത് കെ.എം.സി.സി.യിലൂടെയും സമസ്തയിലൂടെയും നാടി​​െൻറ നന്മകൾക്ക് വിത്തെറിഞ്ഞവരിൽ പ്രമുഖനാണ്  മൗലവി.  പ്രവാസ ലോകം സ്നേഹാദരവോടെ സി.എച്ച് മൗലവി എന്ന് വിളിക്കുന്ന ചാത്തനത്ത് അബൂബക്കർ മൗലവി മലപ്പുറം പുത്തനത്താണി അതിരുമട സ്വദേശിയാണ്. 1981 -ലായിരുന്നു തൊഴിൽ തേടി ദമ്മാമിലെക്കുള്ള കുടിയേറ്റം. 

ദമ്മാം കപ്പൽ തുറമുഖത്തെ ഒരു സ്ഥാപനത്തിൽ ഓഫീസർ ആയിട്ടായിരുന്നു തുടക്കം. തുടർന്ന് പ്രമുഖ വ്യവസായി നെച്ചിക്കാട്ടിൽ മുഹമ്മദ് കുട്ടിഹാജിയുടെ ബിസിനസ് മാനേജറായി ജോലി മാറുകയും ഏഴു വർഷത്തിന് ശേഷം സ്വന്തം ബിസിനസ് സ്ഥാപനങ്ങൾ ആരംഭിക്കുകയും ചെയ്തു. ദമ്മാം സെൻട്രൽ കമ്മിറ്റിയുടെ ജോ.സെക്രട്ടറി, വൈസ് പ്രസിഡൻറ്​, ട്രഷറർ, ജനറൽ സെക്രട്ടറി, പ്രസിഡൻറ്​ എന്നീ നിലകളിലും പ്രവിശ്യ കേന്ദ്ര സമിതിയുടെ സെക്രട്ടറി, വൈസ് പ്രസിഡൻറ്​ എന്നീ സ്​ഥാനങ്ങളും വഹിച്ചു. ദമ്മാമിൽ സമസ്തയുടെ കീഴ് ഘടകങ്ങൾക്ക് അസ്തിവാരമിടുന്നതിലും നേതൃത്വം നൽകുന്നതിലും സി.എച്ച് മൗലവി മുമ്പേ നടന്നു. 
സമസ്തയുടെ അധ്യാപന, ഖുർആൻ പാരായണ പരിശീലന പരീക്ഷകളിലെല്ലാം തിളക്കമാർന്ന വിജയം കൈവരിച്ച മൗലവി 1980 -ൽ തലശ്ശേരി റെയ്​ഞ്ചിൽ നിന്ന് വിദ്യാഭ്യാസ ബോഡി​​െൻറ ഏറ്റവും നല്ല അധ്യാപകനുള്ള അവാർഡ് കരസ്ഥമാക്കിയിട്ടുണ്ട്. ഭാര്യ ഫാത്തിമയും ജുബൈലിൽ ജോലി ചെയ്യുന്ന മകൻ ഫസീഹ് ഉൾപ്പടെ ആറു മക്കളുമടങ്ങുന്ന കുടുംബത്തിലേക്കാണ്​ മൗലവിയുടെ മടക്കം.

Tags:    
News Summary - ch maulavi-saudi-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.