ഐ.സി.എഫ് - ആർ.എസ്.സി ‘ലബ്ബൈക്ക് ഹജ്ജ് നാവിഗേറ്റർ’ ആപ്പ് ഇബ്രാഹീം ഖലീൽ അൽ ബുഖാരി തങ്ങൾ പുറത്തിറക്കുന്നു
മക്ക: മലയാളികളടക്കമുള്ള മുഴുവൻ ഹജ്ജ് തീർഥാടകർക്കും ആശ്വാസമായി ഐ.സി.എഫ് - ആർ.എസ്.സി വളന്റിയർ കോർ വികസിപ്പിച്ചെടുത്ത 'ലബ്ബൈക്ക് ഹജ്ജ് നാവിഗേറ്റർ' കേരള മുസ്ലിം ജമാഅത്ത് സംസ്ഥന സെക്രട്ടറി ഇബ്രാഹീം ഖലീൽ അൽ ബുഖാരി തങ്ങൾ പുറത്തിറക്കി.
സാങ്കേതിക വിദ്യയിൽ പരിമിതമായ അറിവ് മാത്രമുള്ളവർക്കും പ്രായമായവർക്കും അനായാസമായി ഉപയോഗിക്കാൻ കഴിയുന്ന വിധത്തിലാണ് നാവിഗേറ്റർ ഒരുക്കിയിട്ടുള്ളതെന്ന് സാരഥികൾ അറിയിച്ചു. വിവര സാങ്കേതികവിദ്യയുടെയും നിർമിത ബുദ്ധിയുടെയും വളർച്ചക്കാനുസൃതമായി സേവനരംഗത്ത് മാറ്റങ്ങൾ കൊണ്ടുവരാനുള്ള വളൻറിയർ കൊറിന്റെ പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണെന്ന് ഖലീൽ തങ്ങൾ പറഞ്ഞു. വർഷങ്ങളായി ഹജ്ജ് സേവന രംഗത്തുള്ള ഐ.സി.എഫ് - ആർ.എസ്.സി വളന്റിയർ കോറിന്റെ പ്രവർത്തനനങ്ങൾക്ക് 'ലബ്ബൈക് ഹജ്ജ് നാവിഗേറ്റർ' വലിയ മുതൽക്കൂട്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.
ഹജ്ജ് യാത്രക്കിടയിൽ മക്കയിലെയും മദീനയിലെയും പ്രധാന പുണ്യസ്ഥലങ്ങളിലേക്കുള്ള ദിശയും മറ്റ് ആവശ്യമായ വിവരങ്ങളും നൽകുന്നതിനായി വികസിപ്പിച്ചെടുത്ത ആപ് തീർഥാടകർക്ക് അവരുടെ ലൊക്കേഷനുകളും പ്രധാന സ്ഥലങ്ങളും കണ്ടെത്താൻ ഏറെ സഹായകരമാവും. മക്കയിലെ അസീസിയ ഉൾപ്പെടെയുള്ള പ്രധാന സ്ഥലങ്ങളിലെ കെട്ടിടങ്ങൾ, മിനായിലെ ടെന്റുകൾ, ഹറമിലേക്ക് പോകുന്നതിനും തിരിച്ചുവരുന്നതിനും ആശ്രയിക്കേണ്ട ബസ് സ്റ്റാൻഡുകളുടെ വിവരങ്ങൾ, ബാഗുകൾ നഷ്ടപ്പെട്ടാൽ ലഭിക്കുന്ന സ്ഥലങ്ങൾ, മക്കയിലെ റസ്റ്റാറന്റുകൾ, സൂപ്പർമാർക്കറ്റുകൾ തുടങ്ങി പ്രധാന സ്ഥാപനങ്ങളുടെയും സ്ഥലങ്ങളുടെയും ലൊക്കേഷനുകൾ ‘ലബ്ബൈക് ഹജ്ജ് നാവിഗേറ്റർ’ ആപ്പിൽ ലഭ്യമാണ്.
ഇന്ത്യൻ ഹജ്ജ് മിഷൻ ആശുപത്രികൾ, മക്കയിലെ സർക്കാർ, സ്വകാര്യ ആശുപത്രികൾ എന്നിവയുടെ ലൊക്കേഷനുകളും മൊബൈൽ ആപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഓരോ ദിവസവും വരുന്ന ഹാജിമാരുടെ ഫ്ലൈറ്റ് ഷെഡ്യൂളുകൾ, ഹാജിമാർക്ക് ആവശ്യമുള്ള പ്രധാന നോട്ടിഫിക്കേഷനുകൾ, വളന്റിയർമാരുടെ സേവനം തേടാനുള്ള ഹെൽപ് ഡെസ്ക് നമ്പറുകൾ തുടങ്ങി ഹാജിമാർക്കും വളന്റിയേഴ്സിനും ഒരുപോലെ ഉപയോഗിക്കാവുന്ന രീതിയിലാണ് മൊബൈൽ ആപ് സംവിധാനിച്ചിരിക്കുന്നത്. ആൻഡ്രോയിഡ്, ഐ.ഒ.എസ് സ്റ്റോറുകളിൽ ലബ്ബൈക് ആപ് ലഭ്യമാക്കുമെന്നും ഐ.സി.എഫ്, ആർ.എസ്.സി ഹജ്ജ് വളൻറിയർ കോർ ടീം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.