പുണ്യസ്ഥലങ്ങളിലേക്ക് ഹാജിമാരെ കൊണ്ടുപോകുന്ന മശാഇർ ട്രെയിനുകൾ 

ഹാജിമാരുടെ ഭക്ഷണത്തിന് കേന്ദ്രീകൃത അടുക്കളകൾ

അബ്ദുറഹ്മാൻ തുറക്കൽ

ജിദ്ദ: ഹജ്ജ് തീർഥാടകർക്കുള്ള ഭക്ഷണം പാചകം ചെയ്ത് വിതരണത്തിന് കേന്ദ്രീകൃത അടുക്കളകൾ പ്രവർത്തനം ആരംഭിക്കുമെന്ന് ആഭ്യന്തര ഹജ്ജ് ഏകോപന കൗൺസിൽ മേധാവി ഡോ. സാഇദ് അൽജുഹ്നി പറഞ്ഞു. ആദ്യമായാണ് ഇത്തരത്തിലുള്ള 'സെൻട്രൽ കിച്ചണുകൾ' പ്രവർത്തിപ്പിക്കുന്നത്.

കിദാന കമ്പനിയാണ് ഈ അടുക്കളകൾ നിർമിച്ചത്. നിലവിൽ നിർത്തലാക്കിയിരിക്കുന്ന തുറന്ന സ്ഥലങ്ങളിലെ ലഘുഭക്ഷണശാലകളും പാചകം ചെയ്ത ഉടനുള്ള ഭക്ഷണ വിതരണവും പുനരാരംഭിക്കും. കോവിഡ് കാലത്തിന് മുമ്പുണ്ടായിരുന്ന രീതിയിൽ തീർഥാടകരുടെ അഭിരുചിക്കനുസരിച്ച ഭക്ഷണ വിതരണ രീതി ഇത്തവണയുണ്ടാകും. ഭക്ഷണ വിതരണ സേവനം കുറ്റമറ്റ രീതിയിലാക്കാൻ എല്ലാ ഹജ്ജ് സേവന സ്ഥാപനങ്ങളുമായും സഹകരിച്ച് പ്രവർത്തിക്കുന്നുണ്ട്. കാറ്ററിങ് കോൺട്രാക്ടർമാരുടെ ഫീൽഡ് സർവേ നടത്തിയും നഗരസഭയുമായി ചർച്ച നടത്തിയും തീർഥാടകർക്ക് മികച്ച സേവനങ്ങൾ നൽകാനാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്.

ഇത്തവണ ഹാജിമാരുടെ താമസത്തിന് നൂതന രീതിയിൽ നിർമിച്ച തമ്പുകൾ ഉണ്ടാകും. അതിന്റെ ആദ്യഘട്ടമാണിപ്പോൾ പൂർത്തിയായിരിക്കുന്നത്. ഈ സീസണിൽ അറഫ മുഴുവൻ വൈദ്യുതിവത്കരിച്ചിട്ടുണ്ട്.നേരത്തെ ജനറേറ്ററുകളായിരുന്നു വൈദ്യുതിക്ക് വേണ്ടി ഉപയോഗിച്ചിരുന്നത്. 80,000 തീർഥാടകരെ മിനയിൽ നിന്ന് അറഫയിലേക്കും തിരിച്ചും മശാഇർ ട്രെയിൻ വഴി എത്തിക്കുമെന്നും ഹജ്ജ് ഏകോപന കൗൺസിൽ മേധാവി പറഞ്ഞു.

കെട്ടിടസുരക്ഷ പരിശോധന

ജിദ്ദ: മക്കയിൽ തീർഥാടകർ താമസിക്കുന്ന കെട്ടിടങ്ങളിൽ സിവിൽ ഡിഫൻസ് കെട്ടിടസുരക്ഷ പരിശോധന ശക്തമാക്കി. കെട്ടിടത്തിൽ അടിയന്തര കവാടങ്ങൾ, ലിഫ്റ്റിന്റെ സുരക്ഷ, അഗ്നിബാധ തടയുന്നതിനുള്ള സംവിധാനങ്ങൾ എന്നിവയുണ്ടോ എന്ന് ഉറപ്പുവരുത്തുന്നതിനാണ് പരിശോധന നടക്കുന്നത്.

ഈ വർഷത്തെ ഹജ്ജിന് ലോകത്തിന്റെ നാനാഭാഗങ്ങളിൽനിന്ന് തീർഥാടകർ മക്കയിലെത്തിത്തുടങ്ങിയ പശ്ചാത്തലത്തിലാണ് എല്ലാ നിലയിലുമുള്ള സുരക്ഷിതത്വം ഉറപ്പുവരുത്തുന്നത്.

അണുനാശിനി പ്രയോഗത്തിന് 707 പേർ

ജിദ്ദ: പുണ്യസ്ഥലങ്ങളായ മിന, മുസ്ദലിഫ, അറഫ എന്നിവിടങ്ങളിൽ പ്രാണികളെ തുരത്താൻ അണുനാശിനി തളിക്കാൻ 707 പേരെ നിയോഗിച്ചതായി മക്ക നഗരസഭ അറിയിച്ചു.

1,100 ലധികം ഉപകരണങ്ങളാണ് ഈ പ്രവൃത്തിക്കായി ഒരുക്കിയിട്ടുള്ളത്. പുണ്യസ്ഥലങ്ങളിൽ ആരോഗ്യകരമായ അന്തരീക്ഷം തീർഥാടകർക്ക് ഒരുക്കുന്നതിനാണ് ഇത്രയും പേരെ അണുനാശിനി തളിക്കാൻ നിയോഗിച്ചതെന്ന് മക്ക നഗരസഭ സേവന വിഭാഗം അണ്ടർ സെക്രട്ടറി എൻജി. മുഹമ്മദ് ബിൻ അബ്ദുൽ ബാസിത് പറഞ്ഞു.

കഴിഞ്ഞമാസം മുതൽ മരുന്ന് തളിക്കൽ ആരംഭിച്ചിട്ടുണ്ട്. രാവിലെയും വൈകീട്ടുമായി രണ്ടു സമയങ്ങളിലായി ഇപ്പോഴും മരുന്നു തളിക്കൽ തുടരുകയാണ്. ഇതിനായി പുണ്യസ്ഥലങ്ങളെ വിവിധ ഏരിയകളായി തിരിച്ചിട്ടുണ്ട്. ഓരോ ഏരിയയിലും പ്രത്യേക സംഘങ്ങളുമുണ്ട്. 

Tags:    
News Summary - Centralized kitchens for pilgrims' meals

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.