പ്രവാസത്തിന് വിരാമമിട്ടു മടങ്ങുന്ന ഷാജഹാൻ ബാബുവിന് കാലിക്കറ്റ് മ്യൂസിക് ലവേഴ്സ് യാത്രയയപ്പ് നൽകിയപ്പോൾ
ജിദ്ദ: മൂന്നരപ്പതിറ്റാണ്ടിലധികമായ തന്റെ പ്രവാസത്തിന് വിരാമമിട്ടുകൊണ്ട് മടങ്ങുന്ന കോഴിക്കോട് മീഞ്ചന്ത സ്വദേശി ഷാജഹാൻ ബാബുവിന് കാലിക്കറ്റ് മ്യൂസിക് ലവേഴ്സിന്റെ നേതൃത്വത്തിൽ സംഗീതസാന്ദ്രമായ യാത്രയയപ്പ് നൽകി. ജിദ്ദയിലെ സംഗീതവേദികളിലെ സ്ഥിരസാന്നിധ്യവും തബലിസ്റ്റുമായ ഇദ്ദേഹം കാലിക്കറ്റ് മ്യൂസിക് ലവേഴ്സിന്റെ സ്ഥാപക അംഗങ്ങളിൽ ഒരാളാണ്.
35 വർഷത്തോളമായി സൗദിയിലെ പ്രമുഖ െഡയറി ഫുഡ് നിർമാണ കമ്പനിയായ സഡാഫ്കോയിലെ (സൗദി മിൽക്ക്) ജീവനക്കാരനായിരുന്നു. കഴിഞ്ഞ ആറു വർഷമായി മക്ക ബ്രാഞ്ചിൽ സ്റ്റോർ സൂപ്പർവൈസർ ജോലി ചെയ്തുകൊണ്ടിരിക്കെയാണ് മടക്കം.
ജിദ്ദ സീസൺസ് റസ്റ്റാറന്റിൽ കാലിക്കറ്റ് മ്യൂസിക് ലവേഴ്സ് ഒരുക്കിയ പ്രൗഢഗംഭീര ചടങ്ങിൽ ഗായകർ, സംഘടന പ്രതിനിധികൾ, മീഡിയ പ്രവർത്തകർ തുടങ്ങി നിരവധി പേർ പങ്കെടുത്തു. കാലിക്കറ്റ് മ്യൂസിക് ലവേഴ്സ് ലൈവ് ഓർക്കസ്ട്ര ടീമിന്റെ നേതൃത്വത്തിൽ ജിദ്ദയിലെ ഗായകർ ഒന്നൊന്നായി അണിനിരന്നു കൊണ്ട് പാട്ടിന്റെ പാലാഴി തീർത്ത സംഗീതവിരുന്ന് സദസ്സിന് മനം കുളിർക്കുന്ന സംഗീതാനുഭവമായി.
മിർസ ശരീഫ്, ബൈജു ദാസ്, മൻസൂർ ഫറോക്ക്, മുജീബ് വൈക്കത്ത്, നൂഹ് ബീമാപള്ളി, നാസർ മോങ്ങം, ഖമറുദ്ദീൻ, സാദിഖലി തുവ്വൂർ, മുംതാസ് അബ്ദുറഹ്മാൻ, സോഫിയ സുനിൽ, ബീഗം ഖദീജ, ജാഫർ വയനാട്, നാഫിസ് റസാഖ്, സീതി കൊളക്കാടൻ, അഷ്റഫ് കോമു, റഈസാ അമീർ, ഐഷാ നാസർ എന്നിവർ ഗാനമാലപിച്ചു.
ഷാനവാസ് ഷാനു (കീബോർഡ്), മൻസൂർ ഫറോക്ക് (ഹാർമോണിയം), മനാഫ് മാത്തോട്ടം, രാജ് കുമാർ തുവ്വൂർ (തബല), കിരൺ കലാനി (റിഥം പാഡ്) എന്നിവർ പശ്ചാത്തല സംഗീതമൊരുക്കി.
യാത്രയയപ്പ് ചടങ്ങിൽ മുതിർന്ന ഗായകൻ മിർസ ശരീഫ് ഷാജഹാൻ ബാബുവിനെ പൊന്നാടയണിയിച്ചു. കാലിക്കറ്റ് മ്യൂസിക് ലവേഴ്സ് പ്രസിഡന്റ് അബ്ദുറഹ്മാൻ മാവൂർ ഉപഹാരം കൈമാറി. മുസാഫിർ, കിസ്മത്ത് മമ്പാട്, ഇഖ്ബാൽ പൊക്കുന്ന്, വി.പി. ഹിഫ്സുറഹ്മാൻ, അഡ്വ. ഷംസുദ്ദീൻ, കബീർ കൊണ്ടോട്ടി, യൂസഫ് ഹാജി, സീതി കൊളക്കാടൻ, റജിയ വീരാൻ, ജോതി ബാബുകുമാർ തുടങ്ങിയവർ ആശംസകൾ നേർന്നു. നാട്ടിൽനിന്നുള്ള നിരവധി മുൻ പ്രവാസികൾ വിഡിയോ സന്ദേശത്തിലൂടെ ആശംസകൾ അറിയിച്ചു. മറുപടി പ്രസംഗത്തിൽ പ്രവാസത്തിലെ അനുഭവങ്ങളും സുഹൃദ് ബന്ധങ്ങളെയും പറ്റി വിവരിച്ചുകൊണ്ട് ഇടറുന്ന വാക്കുകളാൽ ഷാജഹാൻ ബാബു എല്ലാവർക്കും നന്ദി അറിയിച്ചു.
ആഷിക് റഹീം അവതാരകനായിരുന്നു. സെക്രട്ടറി സാലിഹ് കാവോട് സ്വാഗതവും സുധീർ അൻസാർ നന്ദിയും പറഞ്ഞു. അഷ്റഫ് അൽ അറബി, റിയാസ് കള്ളിയത്ത്, നൗഷാദ് കളപ്പാടൻ, ഷമർജാൻ എന്നിവർ നേതൃത്വം നൽകി. കാലിക്കറ്റ് മ്യൂസിക് ലവേഴ്സ് പ്രദർശിപ്പിച്ച ഷാജഹാൻ ബാബുവിന്റെ പ്രവാസ ജീവിത മുഹൂർത്തങ്ങൾ പകർത്തിയ വ്യത്യസ്തമായ വിഡിയോ ക്ലിപ്പ് സദസ്സിന് പുതിയ അനുഭവമായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.