മദീന: മൂന്നാഴ്ച മുമ്പ് മദീനയിൽ മരിച്ച യുവതിയുടെയും കുഞ്ഞിന്‍റെയും മൃതദേഹങ്ങൾ സംസ്കരിച്ചു. കോഴിക്കോട് കൊയിലാണ്ടി അരികുളം സ്വദേശി ബിജുവിെൻറ ഭാര്യ മണിപ്പൂർ സ്വദേശിനി ലക്ഷ്മി ദേവി, ഇവരുടെ ആറുമാസം പ്രായമായ പെൺകുഞ്ഞ് എയ്ഞ്ചൽ എന്നിവരാണ് മരിച്ചത്. ബിജു കോവിഡ് ബാധിച്ചു ആശുപത്രിയിൽ ചികിത്സയിലായിരിക്കെയാണ് യുവതിയെയും കുഞ്ഞിനെയും ഫ്ലാറ്റിനകത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തിൽ ദുരൂഹത സംശയിച്ചെങ്കിലും മരണ റിപ്പോർട്ടിൽ കോവിഡ് ബാധിച്ച് ശ്വാസതടസം നേരിട്ടാണ് മരിച്ചത് എന്ന് തെളിഞ്ഞിരുന്നു.
യുവതി മരിച്ച് മണിക്കൂറുകൾ കഴിഞ്ഞാണ് ഫ്ലാറ്റിനകത്തേക്ക് മറ്റുള്ളവർക്ക് പ്രവേശിക്കാൻ കഴിഞ്ഞത് എന്നതിനാൽ ഈ സമയത്തിനകം പിഞ്ചു കുഞ്ഞും മരിക്കുകയായിരുന്നു എന്നാണ് വിവരം. ഇവരോടൊപ്പം താമസിച്ചിരുന്ന ബിജുവിെൻറ 70 വയസ് പ്രായമായ അമ്മ ഫ്ലാറ്റിന് പുറത്തിറങ്ങിയപ്പോൾ വാതിലടഞ്ഞു ലോക്കായതിനാൽ ഇവർക്ക് അകത്തേക്ക് കടക്കാൻ കഴിഞ്ഞില്ല. മണിക്കൂറുകൾ ഇവർ ഫ്ലാറ്റിന് മുമ്പിൽ നിൽക്കുന്നത് കണ്ട് ഫാറ്റിനടുത്ത് താമസിക്കുന്നവർ കാര്യമന്വേഷിച്ചപ്പോഴാണ് അകത്ത് യുവതിയും കുഞ്ഞുമുള്ള വിവരം അറിയുന്നത്. സംഭവം നടക്കുമ്പോൾ ഇവർക്ക് കൃത്യമായി സംസാരിക്കാൻ സാധിക്കാത്ത സാഹചര്യമായിരുന്നു. ശേഷം പൊലീസെത്തി ഫ്ലാറ്റ് പരിശോധിച്ചപ്പോഴേക്കും യുവതിയും കുഞ്ഞും മരിച്ചിരുന്നു. കോവിഡ് ബാധിച്ച ബിജുവിെൻറ അമ്മയെ പിന്നീട് ആശുപത്രിയിലേക്ക് മാറ്റി.
മദീന നഗരത്തിന് സമീപം പ്രത്യേകമായി ഒരുക്കിയ ശ്മശാനത്തിലാണ് യുവതിയുടെയും കുഞ്ഞിെൻറയും മൃതദേഹം വ്യാഴാഴ്ച സംസ്കരിച്ചത്. ചികിത്സയിലായിരുന്ന ബിജുവും അമ്മയും ഇതിനോടകം രോഗം ഭേദമായി ആശുപത്രി വിട്ടിട്ടുണ്ട്. ഇവർ ഉടനെ നാട്ടിലേക്ക് മടങ്ങാനുള്ള ഒരുക്കത്തിലാണ്. നടപടികൾ പൂർത്തിയാക്കാൻ മദീനയിലെ നവോദയ പ്രവർത്തകരായ നിസാർ കരുനാഗപ്പള്ളി, സലാം കല്ലായി, നസീബ്, ഷംസു എന്നിവർ രംഗത്തുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.