റിയാദിൽ ‘ബ്ലാക്ക് ഗോൾഡ് മ്യൂസിയം’ ഊർജ മന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ സൽമാനും സാംസ്കാരിക മന്ത്രി അമീർ ബദ്ർ ബിൻ അബ്ദുല്ലയും ചേർന്ന് മ്യൂസിയത്തിെൻറ ഉദ്ഘാടനം ചെയ്തപ്പോൾ
റിയാദ്: മനുഷ്യരാശിയിൽ എണ്ണ (പെട്രോളിയം) വരുത്തിയ ആഴത്തിലുള്ള പരിവർത്തനങ്ങൾ പ്രദർശിപ്പിക്കുന്ന സൗദി അറേബ്യയിലെ ആദ്യത്തെ മ്യൂസിയമായ ‘ബ്ലാക്ക് ഗോൾഡ് മ്യൂസിയം’ റിയാദിൽ പ്രവർത്തനമാരംഭിച്ചു. ഊർജ മന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ സൽമാനും സാംസ്കാരിക മന്ത്രി അമീർ ബദ്ർ ബിൻ അബ്ദുല്ലയും ചേർന്ന് മ്യൂസിയത്തിെൻറ ഉദ്ഘാടനം നിർവഹിച്ചു. മ്യൂസിയം അതോറിറ്റി പ്രതിനിധീകരിക്കുന്ന സാംസ്കാരിക മേഖലയും ഊർജ മേഖലയും തമ്മിലുള്ള സഹകരണത്തിെൻറ ഫലമായാണ് ഈ സംരംഭം യാഥാർഥ്യമായത്. പെട്രോളിയത്തിെൻറ ചരിത്രത്തെക്കുറിച്ചും ജീവിതത്തിെൻറ വിവിധ വശങ്ങളിൽ അത് ചെലുത്തിയ വ്യാപകമായ സ്വാധീനത്തെക്കുറിച്ചും സമഗ്രമായ അവലോകനം നൽകാൻ ഈ മ്യൂസിയം സഹായിക്കുമെന്ന് ഊർജ മന്ത്രി പറഞ്ഞു. എണ്ണക്കും കലക്കും വേണ്ടി സമർപ്പിച്ചിരിക്കുന്ന ലോകത്തിലെ ആദ്യത്തെ സ്ഥിരം മ്യൂസിയം എന്ന നിലയിൽ, ആഗോള സാംസ്കാരിക സംവാദത്തിൽ ഇത് ഒരു സുപ്രധാന നാഴികക്കല്ലാണ് അടയാളപ്പെടുത്തുന്നതെന്ന് സാംസ്കാരിക മന്ത്രി അഭിപ്രായപ്പെട്ടു.
ഭാവി തലമുറകൾക്കായി പൈതൃകവും സംസ്കാരവും സംരക്ഷിക്കുന്നതിനും പുതിയ കലാരൂപങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള മ്യൂസിയം അതോറിറ്റിയുടെ പ്രതിബദ്ധതയുടെ ഭാഗമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പരമ്പരാഗത ശാസ്ത്ര-വ്യവസായ മ്യൂസിയങ്ങളിൽനിന്ന് വ്യത്യസ്തമായി, എണ്ണയെ മാനുഷികവും സാംസ്കാരികവും കലാപരവുമായ വീക്ഷണകോണിൽ നിന്നാണ് ബ്ലാക്ക് ഗോൾഡ് മ്യൂസിയം സമീപിക്കുന്നത്. 30-ലധികം രാജ്യങ്ങളിൽ നിന്നുള്ള 170-ലധികം പ്രമുഖ സൗദി, അന്താരാഷ്ട്ര കലാകാരന്മാർ സൃഷ്ടിച്ച 350-ലധികം ആധുനിക കലാസൃഷ്ടികളുടെ സ്ഥിരം ശേഖരം ഇവിടെയുണ്ട്.
സമൂഹങ്ങളെയും സമ്പദ്വ്യവസ്ഥകളെയും ദൈനംദിന ജീവിതത്തെയും രൂപപ്പെടുത്തുന്നതിൽ എണ്ണയുടെ പങ്ക് പര്യവേക്ഷണം ചെയ്യാൻ സഹായിക്കുന്ന പ്രധാന കലാ ഇൻസ്റ്റാലേഷനുകൾ, ഫോട്ടോഗ്രാഫുകൾ, ചരിത്ര രേഖകൾ എന്നിവ സന്ദർശകർക്ക് ഇവിടെ കാണാം. റിയാദിലെ കിങ് അബ്ദുല്ല പെട്രോളിയം സ്റ്റഡീസ് ആൻഡ് റിസർച് സെൻറർ സമുച്ചയത്തിനുള്ളിൽ അന്തരിച്ച വിശ്വപ്രസിദ്ധ വാസ്തുശിൽപി സഹാ ഹദിദ് രൂപകൽപന ചെയ്ത ഐക്കണിക് കെട്ടിടത്തിലാണ് മ്യൂസിയം സജ്ജീകരിച്ചിരിക്കുന്നത്. ആധുനിക കലയുടെ ലെൻസിലൂടെ ‘കറുത്ത സ്വർണ’വുമായി ഇടപഴകാൻ സന്ദർശകർക്ക് ഈ മ്യൂസിയം അതുല്യമായ അവസരമാണ് ഒരുക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.