ഇ.എം. ആദിത്യൻ തനിക്ക് ലഭിച്ച വിവിധ മെഡലുകളുമായി
റിയാദ്: പ്രായം വെറുമൊരു അക്കം മാത്രമാണെന്ന് തെളിയിക്കാൻ മലപ്പുറം എടപ്പാൾ സ്വദേശി ഇ.എം. ആദിത്യൻ ഇനി റിയാദിെൻറ മണ്ണിൽ ഓടും. ജനുവരി 31-ന് നടക്കുന്ന ‘റിയാദ് മാരത്തോൺ 2026’-ൽ പങ്കെടുക്കാനായി 75-കാരനായ ഈ വെറ്ററൻ താരം സൗദി അറേബ്യയിലെത്തി. എഴുത്തിലും ഓട്ടത്തിലും ഔദ്യോഗിക ജീവിതത്തിലും ഒരേപോലെ വ്യക്തിമുദ്ര പതിപ്പിച്ച ആദിത്യെൻറ ജീവിതം പുതിയ തലമുറയ്ക്ക് ഒരു വലിയ പാഠപുസ്തകമാണ്.
64-ാം വയസ്സിൽ, പലരും വിശ്രമജീവിതത്തിലേക്ക് മടങ്ങുന്ന പ്രായത്തിലാണ് ആദിത്യൻ കായികരംഗത്ത് തെൻറ അരങ്ങേറ്റം കുറിച്ചത്. എന്നാൽ വൈകി തുടങ്ങിയ ആ യാത്ര മിന്നുന്നതായിരുന്നു. ഹാഫ് മാരത്തോൺ, 10 കിലോമീറ്റർ ഓട്ടം, സംസ്ഥാന-ദേശീയ വെറ്ററൻ മീറ്റുകൾ എന്നിങ്ങനെ പങ്കെടുത്ത ഇടങ്ങളിലെല്ലാം മെഡലുകൾ വാരിക്കൂട്ടി. 74-ാം വയസ്സിൽ സംസ്ഥാന മാസ്റ്റേഴ്സ് നീന്തൽ മത്സരത്തിലും പങ്കെടുത്ത് അദ്ദേഹം തെൻറ കായികക്ഷമത വിസ്മയിപ്പിച്ചു.
ഭാരത് ഇലക്ട്രോണിക്സിൽ ഫിനാൻസ് മാനേജറായി വിരമിച്ച ആദിത്യൻ ഒരു മികച്ച എഴുത്തുകാരൻ കൂടിയാണ്. ഇംഗ്ലീഷ്, മലയാളം, ഹിന്ദി ഭാഷകളിലായി നിരവധി ലേഖനങ്ങൾ അദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇംഗ്ലീഷ് അക്ഷരമാലയിലെ എ മുതൽ സെഡ് വരെയുള്ള എല്ലാ അക്ഷരങ്ങളിലും തുടങ്ങുന്ന ലേഖനങ്ങൾ എഴുതിയ അപൂർവ നേട്ടം അദ്ദേഹത്തെ രണ്ടുതവണ ഗിന്നസ് ബുക്കിെൻറ ഷോർട്ട്ലിസ്റ്റിൽ എത്തിച്ചു. 1997-ൽ അമേരിക്കൻ ബയോഗ്രഫിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിെൻറ ‘മാൻ ഓഫ് ദ ഇയർ’ ബഹുമതിയും അദ്ദേഹത്തെ തേടിയെത്തി.
ലോകപ്രശസ്ത വ്യക്തികളുമായുള്ള കത്തിടപാടുകൾ ആദിത്യെൻറ ഹോബികളിലൊന്നാണ്. ബ്രിട്ടീഷ് മുൻ പ്രധാനമന്ത്രി ടോണി ബ്ലെയർ, മൻമോഹൻ സിങ്, ഇ.എം.എസ്, ടി.എൻ. ശേഷൻ, രാജ്യാന്തര ഒളിമ്പിക് അസോസിയേഷൻ പ്രസിഡൻറ് ജാക്വസ് റോഗ് തുടങ്ങി പ്രമുഖരുടെ കൈയ്യൊപ്പുള്ള കത്തുകൾ അദ്ദേഹത്തിെൻറ ശേഖരത്തിലുണ്ട്. സമത്വവും നീതിയും നിറഞ്ഞ ഒരു ലോകം എന്ന സ്വപ്നത്തോടെ, സാമൂഹിക ബോധവൽക്കരണത്തിനായി എെൻറ എഴുത്തും ഓട്ടവും തുടരുമെന്ന് ഇ.എം. ആദിത്യൻ പറയുന്നു.
യാത്രയും ചരിത്രാന്വേഷണവും സമന്വയിപ്പിക്കുന്ന ആദിത്യൻ, അടിച്ചമർത്തപ്പെട്ടവർക്ക് നീതി ലഭ്യമാക്കാനുള്ള പോരാട്ടങ്ങളിലും സജീവമാണ്. സാമൂഹിക പ്രതിബദ്ധതയുള്ള ഒരു കായികതാരം എന്ന നിലയിൽ റിയാദ് മാരത്തോണിലെ അദ്ദേഹത്തിെൻറ സാന്നിധ്യം പ്രവാസി മലയാളികൾക്കും വലിയ ആവേശമാണ് പകരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.