മലബാർ അടുക്കള ജിദ്ദ ചാപ്റ്റർ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ സംസാരിക്കുന്നു.

മലബാർ അടുക്കള സംഘടിപ്പിക്കുന്ന 'അരങ്ങും അടുക്കളയും' ഫെബ്രുവരി ഏഴിന്

ജിദ്ദ: മലബാർ അടുക്കള സൗഹൃദ കൂട്ടായ്മ ജിദ്ദ ചാപ്റ്റർ 'അരങ്ങും അടുക്കളയും' എന്ന പേരിൽ സംഘടിപ്പിച്ച പരിപാടി ഫെബ്രുവരി ഏഴിന് നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. വൈകീട്ട് നാല് മുതൽ ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് അങ്കണത്തിൽ വെച്ച് നടക്കുന്ന പരിപാടിയിൽ പാചക മത്സരം, തുന്നൽ മത്സരം, തീറ്റ മത്സരം, കുട്ടികൾക്കുള്ള വിവിധ മത്സരങ്ങൾ തുടങ്ങിയവയോടൊപ്പം വിവിധ കലാപരിപാടികളും അരങ്ങേറും. സ്വാദിഷ്ടമായ വിവിധ ഭക്ഷണങ്ങൾ ലഭ്യമാവുന്ന ഫുഡ് സ്റ്റാളുകൾ, കുട്ടികൾക്കും സ്ത്രീകൾക്കുമായുള്ള തുണി ഷോപ്പുകൾ, കരകൗശല വസ്തുക്കൾ, ആഭരണങ്ങൾ തുടങ്ങിയവയുടെ സ്റ്റാളുകളും ഒരുക്കുന്നുണ്ട്. പരിപാടിയിൽ മലബാർ അടുക്കള ഗ്ലോബൽ ചെയർമാൻ മുഹമ്മദലി ചക്കോത്ത് മുഖ്യാഥിതി ആയിരിക്കും.

10 വർഷങ്ങൾക്ക് മുമ്പ് മലബാറിന്റെ തനത് രുചി പരിചയപ്പെടുത്തുന്ന ഫേസ്ബുക്ക് ഗ്രൂപ്പിലൂടെയാണ് മലബാർ അടുക്കള എന്ന കൂട്ടായ്മ രൂപംകൊണ്ടതെന്ന് ഭാരവാഹികൾ അറിയിച്ചു. ദുബായ് ആസ്ഥാനമായുള്ള മലബാർ അടുക്കള കൂട്ടായ്മക്ക് നിലവിൽ ലോകത്തുടനീളം ചാപ്റ്ററുകളുണ്ട്. 18 അഡ്മിന്മാരും 50 ലേറെ കോഓർഡിനേറ്റേഴ്‌സും 100 ഓളം എക്സിക്യൂട്ടീവ് അംഗങ്ങളും അഞ്ച് ലക്ഷത്തിലേറെ അംഗങ്ങളും ഇപ്പോൾ കൂട്ടായ്മയിൽ സജീവരായിട്ടുണ്ട്. സ്നേഹം, കരുതൽ, കൂട്ടായ്മ എന്നതാണ് കൂട്ടായ്മയുടെ മുഖമുദ്ര. പ്രധാനമായും പാചകത്തിനു മുൻഗണന നൽകുന്ന മലബാർ അടുക്കള കൂട്ടായ്മ ചാരിറ്റി രംഗത്തും മുദ്ര പതിപ്പിക്കുന്നുണ്ട്. ജാതി, മത, വർഗ, രാഷ്ടീയ ഭേദമന്യയാണ് കൂട്ടായ്‌മ പ്രവർത്തിച്ചു വരുന്നത്.

പാചകമത്സരങ്ങൾക്ക് പുറമെ കുടുംബ സംഗമങ്ങളും സ്നേഹവിരുന്നുകളും വിനോദയാത്രകളും സന്നദ്ധ സംഘടന പ്രവർത്തനങ്ങളും കലാ, സാംസ്കാരിക പ്രവർത്തനങ്ങളുമായി കൂട്ടായ്‌മ മുന്നേറുന്നു. മറ്റു സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമുകളിലും കൂട്ടായ്മക്ക് ഗ്രൂപ്പുകളും ഒരു മൊബൈൽ ആപ്ലിക്കേഷനും നിലവിലുണ്ട്. സ്ത്രീകളുടെ ഉന്നമനം ഉദ്ദേശിച്ചുകൊണ്ടുള്ള മലബാർ ബിസിനസ്സ് ക്ലബ് (എം.ബി.സി) എന്ന സംരംഭവും കൂട്ടായ്മക്ക് കീഴിൽ നിലവിലുണ്ട്. ഈ സംരഭത്തിൽ ഇന്ത്യയിലും വിദേശത്തും യൂനിവേഴ്സിറ്റികളുടെ അംഗീകാരമുള്ള പാചക പരിശീലന കോഴ്സുകളും, മലബാർ അടുക്കള ബ്രാൻഡിന്റെ ഫുഡ് പ്രൊഡക്റ്റുകളും, മലബാർ അടുക്കള ട്രാവൽ ആൻഡ് ടൂറിസവും നടന്നുവരുന്നതായി ഭാരവാഹികൾ അറിയിച്ചു.

മലബാർ അടുക്കള ജിദ്ദ ചാപ്റ്റർ കോർഡിനേറ്റർ ഖുബ്റ ലത്തീഫ്, എക്സിക്യൂട്ടീവ് അംഗങ്ങളായ ഷബ്‌ന ബാബു, സാഹിറ സവാദ്, സബ്രീന മജീദ്, ഫൈസ ഗഫൂർ, മുംതാസ് സലാം എന്നിവർ വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു.

Tags:    
News Summary - 'Arangum Adukkalayum' organized by Malabar Kitchen on 7th February

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.