സൗ​ദി ആ​രോ​ഗ്യ മ​ന്ത്രി ഫ​ഹ​ദ് അ​ൽ ജ​ലാ​ജി​ൽ ബ​ഹ്‌​റൈ​ൻ മ​ന്ത്രി ഡോ. ​ജ​ലീ​ല അ​ൽ സ​യീ​ദു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​ന്നു 

സൗദി വെർച്വൽ ആശുപത്രി ശൃംഖലയിൽ ബഹ്റൈനും

ദമ്മാം: ആധുനിക വൈദ്യശാസ്ത്ര മേഖലയിൽ വൻ വിപ്ലവം സൃഷ്ടിച്ച് സൗദി അറേബ്യ ആരംഭിച്ച ലോകത്തിലെ ഏറ്റവും വലിയ വെർച്വൽ ആശുപത്രി ശൃംഖലയിൽ ബഹ്റൈനും കണ്ണിചേരുന്നു. 'സഹ' എന്ന ഇന്റർനെറ്റ് ആതുരാലയ ശൃംഖലയിൽ പങ്കാളിയാകുന്ന ആദ്യ രാജ്യംകൂടിയായി മാറുകയാണ് ബഹ്റൈൻ. കഴിഞ്ഞ ദിവസം സൗദിയിലെത്തിയ ബഹ്റൈൻ ആരോഗ്യ മന്ത്രി ഡോ. ജലീല അൽ സയീദ് സൗദി ആരോഗ്യ മന്ത്രി ഫഹദ് അൽജലാജലുമായി നടത്തിയ കൂടിക്കാഴ്ചയിൽ അന്തിമ ധാരണയായി.

സഹ വെർച്വൽ ആശുപത്രിയുടെ പ്രവർത്തനങ്ങളെ കുറിച്ചും അതിന്‍റെ ആധുനിക സാഹചര്യത്തിലെ പ്രാധാന്യത്തെക്കുറിച്ചും ബഹ്റൈൻ മന്ത്രി വിശദീകരിച്ചു. വൈദ്യ ഗവേഷണം, വളരുന്ന സാംക്രമിക രോഗങ്ങൾ, വാക്‌സിന് ശേഷമുള്ള സങ്കീർണതകൾ നിരീക്ഷിക്കൽ തുടങ്ങി ആരോഗ്യ മേഖലയിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചും മന്ത്രിമാർ ചർച്ച ചെയ്തു. ജനിതക രോഗങ്ങൾ, ജീനുകൾ, ടെലി മെഡിസിൻ, ക്ലിനിക്കൽ ട്രയലുകൾ എന്നീ രംഗങ്ങളിലെ സഹകരണത്തിന്റെ പ്രാധാന്യം വർധിച്ചിരിക്കുകയാണെന്ന് മന്ത്രി അൽ-സെയ്ദ് പറഞ്ഞു. ആരോഗ്യ ഇൻഷുറൻസ് മേഖലയിലെ സംയുക്ത ശ്രമങ്ങളും ബഹ്‌റൈനിലെ മൊബൈൽ ഹെൽത്ത് കെയർ അനുഭവവും ഇരുപക്ഷവും ഇതോടൊപ്പം അവലോകനം ചെയ്തു. പിന്നീട്, ബഹ്‌റൈൻ മന്ത്രി സഹ വെർച്വൽ ആശുപത്രി കമാൻഡ് ആൻഡ് കൺട്രോൾ സെന്റർ സന്ദർശിച്ചു. 130 ആശുപത്രികളുമായി ബന്ധിപ്പിച്ചിട്ടുള്ള വളരുന്ന ലൈവ് നെറ്റ്‌വർക്കുള്ള സഹ വെർച്വൽ ആശുപത്രി ഈ രീതിയിലുള്ള ഏറ്റവും വലിയ ആശുപത്രിയാണ്. രോഗികൾക്ക് അവർ ഉള്ളയിടത്തിരുന്ന് തന്നെ വിദഗ്ധ ഡോക്ടർമാരെ കാണാം എന്നതാണ് വെർച്വൽ ആശുപത്രിയുടെ പ്രത്യേകത. കൂടാതെ ഒരു ദിവസത്തെ ഏത് സമയത്തും അവർക്ക് ഡോക്ടർമാരുമായി സംസാരിക്കാൻ സാധിക്കുകയും ചെയ്യും.

ഒരേ കൺസൾട്ടിങ് റൂമിൽനിന്ന് രോഗികൾക്ക് രണ്ടാമത്തെയും മൂന്നാമത്തെയും മെഡിക്കൽ അഭിപ്രായങ്ങൾ സ്വീകരിക്കാമെന്നാണ് ഇതിന്‍റെ മറ്റൊരു പ്രത്യേകത.ഡോക്ടർമാരുമായുള്ള ലളിതമായ വിഡിയോ കാളുകളിൽനിന്ന് വ്യത്യസ്തമായി, വെർച്വൽ ആശുപത്രിയിലെ രോഗികളെ അവരുടെ പ്രദേശങ്ങളിലെ ആശുപത്രികൾ സന്ദർശിക്കാനും രാജ്യത്തുടനീളമുള്ള മികച്ച വിദഗ്ധരുമായി തത്സമയ വിഡിയോ ക്ലിനിക്കൽ സെഷനിൽ പങ്കെടുക്കാനും അനുവദിക്കുന്നു.

24 മണിക്കൂറും പ്രവർത്തിക്കുന്നതിനാൽ ഏത് അടിയന്തര ഘട്ടങ്ങളിലും ഡോക്ടർമാരെ കാണാം. കൂടാതെ മികച്ച സ്പെഷ്യലിസ്റ്റുകളുമായുള്ള തത്സമയ കൂടിയാലോചനകൾ സങ്കീർണമായ കേസുകൾ കൈകാര്യം ചെയ്യുന്നതിന് പ്രാദേശിക ജൂനിയർ സ്റ്റാഫുകളെ സഹായിക്കുകയും ചെയ്യും. ചുരുക്കത്തിൽ പ്രാദേശികമായ ചെറിയ ക്ലിനിക്കുകളിൽനിന്നുപോലും വദിഗ്ധ ചികിത്സയാണ് 'സഹ' വെർച്വൽ ആശുപത്രി നൽകുന്ന സേവനം.

Tags:    
News Summary - And Bahrain in the Saudi virtual hospital network

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.