അൽവജ്ഹ് വിമാനത്താവളം ടാക്സിവേ പുതുക്കൽ പ്രവൃത്തി
ജിദ്ദ: സൗദിയുടെ വടക്കുപടിഞ്ഞാറൻ മേഖലയിലെ തബൂക്കിൽ സ്ഥിതി ചെയ്യുന്ന അൽവജ്ഹ് വിമാനത്താവളം അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്കനുസൃതമായി നവീകരിക്കുന്നു. റെഡ് സീ ഇൻറർനാഷനലാണ് ഇക്കാര്യം വ്യക്തമാക്കിയത്. നിലവിലെ ടെർമിനലും അടിസ്ഥാന സൗകര്യങ്ങളും നവീകരിക്കുന്നതിനൊപ്പം വിമാനത്താവളം അന്താരാഷ്ട്ര നിലവാരത്തിൽ നവീകരിക്കാനാണ് പദ്ധതി. റെഡ് സീ ഇൻറർനാഷനൽ ഒരു പുതിയ ഇൻറർനാഷനൽ ഹാൾ നിർമിക്കും. അതിന്റെ ഡിസൈനുകൾ ഉടൻ വെളിപ്പെടുത്തും. ഇത് കൂടുതൽ നേരിട്ടുള്ള വിമാനങ്ങൾ സർവിസ് നടത്താൻ അൽവജ്ഹ് വിമാനത്താവളത്തിെൻറ ശേഷി വർധിപ്പിക്കും. പ്രദേശത്ത് സാമ്പത്തിക ചലനം സൃഷ്ടിക്കുകയും കൂടുതൽ തൊഴിലവസരങ്ങൾ നൽകുകയും ചെയ്യും. മുഴുവൻ മേഖലയിലും വികസിപ്പിക്കുന്ന പദ്ധതികൾക്ക് സേവനം നൽകാൻ വിമാനത്താവളത്തിന് കഴിയും. കമ്പനി വികസിപ്പിക്കുന്ന ‘അമാല’ ലക്ഷ്യസ്ഥാനത്തേക്കുള്ള ഒരു പുതിയ കവാടമാകാനുള്ള അവസരവുമാണിത്.
റെഡ് സീ ഇൻറർനാഷനലിെൻറ അനുബന്ധ സ്ഥാപനമായ ഫ്ലൈ റെഡ് സീയുടെ പ്രവർത്തനങ്ങൾക്ക് ഒരു പുതിയ പ്ലാറ്റ്ഫോമായി മാറാനുള്ള അവസരമാകും. സൗദി അറേബ്യയിലെ ആദ്യത്തെ ജലവിമാന കമ്പനിയാണിത്. ഇത് മേഖലയെ പരസ്പരം ബന്ധിപ്പിക്കുമെന്നും റെഡ് സീ ഇൻറർനാഷനൽ പറഞ്ഞു. വളർന്നുവരുന്ന പ്രാദേശിക സമൂഹത്തിെൻറ ആവശ്യങ്ങൾ നിറവേറ്റിക്കൊണ്ട് തബൂക്ക് മേഖലയിലെ താമസക്കാർക്ക് സേവനം നൽകുന്ന ഒരു ആധുനിക വിമാനത്താവളമാക്കി അൽവജ്ഹ് വിമാനത്താവളത്തെ മാറ്റുമെന്ന് റെഡ് സീ ഇൻറർനാഷനൽ സി.ഇ.ഒ ജോൺ പഗാനോ പറഞ്ഞു.
ഈ പദ്ധതി കമ്പനിയുടെ വ്യോമയാന പദ്ധതികളുടെ ഒരു അഭിലാഷ പട്ടികയിൽ ഉൾപ്പെടുന്നു. കഴിഞ്ഞ മാസമാണ് റിയാദിൽനിന്നുള്ള ആദ്യത്തെ ആഭ്യന്തര വാണിജ്യ വിമാനത്തെ റെഡ് സീ അന്താരാഷ്ട്ര വിമാനത്താവളത്തിൽ സ്വീകരിച്ചത്. അൽവജ്ഹ് വിമാനത്താവളത്തിൽ നടന്നുകൊണ്ടിരിക്കുന്ന വികസന പ്രവർത്തനങ്ങളുടെ ഭാഗമായി സൗദി എയർലൈൻസ് ഇവിടെ നിന്ന് നടത്തുന്ന നിലവിലെ നാല് വിമാന സർവിസുകൾ ഒക്ടോബർ 29 മുതൽ റിയാദ്, ജിദ്ദ നഗരങ്ങളിൽനിന്ന് റെഡ് സീ ഇൻറർനാഷനൽ വിമാനത്താവളത്തിലേക്ക് മാറ്റും.
സുഗമമായ ഗതാഗതം ഉറപ്പാക്കാൻ റെഡ് സീ വിമാനത്താവളത്തിനും അൽവജ്ഹ് വിമാനത്താവളത്തിനുമിടയിലും റെഡ് സീ വിമാനത്താവളത്തിനും അൽവജ്ഹ് പട്ടണത്തിനുമിടയിലും യാത്രക്കാർക്ക് റെഡ് സീ ഇൻറർനാഷനൽ സൗജന്യ ഗതാഗത സേവനങ്ങൾ നൽകുമെന്നും സി.ഇ.ഒ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.