അക്ബർ പൊന്നാനിക്ക് ജിദ്ദ പത്തനംതിട്ട ജില്ല സംഗമത്തിന്റെ ഉപഹാരം പ്രസിഡന്റ് അലി തേക്കുതോട് കൈമാറുന്നു
ജിദ്ദ: പ്രവാസം മതിയാക്കി മടങ്ങുന്ന മാധ്യമപ്രവർത്തകനും ജീവകാരുണ്യ പ്രവർത്തകനുമായ അക്ബർ പൊന്നാനിക്ക് പത്തനംതിട്ട ജില്ല സംഗമം (പി.ജെ.എസ്) യാത്രയയപ്പ് നൽകി. മൂന്നുപതിറ്റാണ്ടായി ജിദ്ദയിൽ സ്വകാര്യ കമ്പനിയിൽ ജീവനക്കാരനായിരുന്നു.
അറബി സാഹിത്യത്തിലും ഭാഷയിലും എം.ഫിൽ, ബി.എഡ് ബിരുദങ്ങൾക്കുശേഷം പൊന്നാനി ഐ.എസ്.എസ്, കൊണ്ടോട്ടി മർകസ് അറബിക് കോളജ് എന്നിവിടങ്ങളിൽ അധ്യാപകനായിരുന്ന അക്ബർ കാലിക്കറ്റ് യൂനിവേഴ്സിറ്റിയിൽ അസിസ്റ്റന്റ് ഗ്രേഡ്-രണ്ടായി ജോലി ചെയ്യവേയാണ് ദീർഘകാല അവധിയോടെ 1992 തുടക്കത്തിൽ ജിദ്ദയിൽ എത്തുന്നത്.
കോട്ടയത്ത് ദീപിക പത്രാധിപ സമിതിയിൽ ട്രെയിനിയായി ചേർന്നതോടെ പത്രപ്രവർത്തന രംഗത്തേക്ക് കടന്നു. ജിദ്ദയിലെത്തിയ ശേഷവും ദീപിക, ചന്ദ്രിക പത്രങ്ങളുമായി ബന്ധം പുലർത്തിയിരുന്നു.
1994 മുതൽ മാതൃഭൂമി പത്രത്തിന്റെ സൗദിയിലെ പ്രതിനിധിയായും സേവനം അനുഷ്ഠിച്ചു. ടൈംസ് ഓഫ് ഇന്ത്യയിൽ എൻ.ആർ.ഐ കോൺട്രിബ്യൂട്ടറായും റിപ്പോർട്ട് ചെയ്തു. നിലവിൽ സത്യം ഓൺലൈൻ വാർത്ത പോർട്ടലിന്റെ സൗദി റിപ്പോർട്ടറാണ്. യാത്രയയപ്പ് ചടങ്ങിൽ പി.ജെ.എസ് പ്രസിഡന്റ് അലി തേക്കുതോട് ഉപഹാരം കൈമാറി. വൈസ് പ്രസിഡന്റ് സന്തോഷ് കടമ്മനിട്ട, ജീവകാരുണ്യ കൺവീനർ നൗഷാദ് അടൂർ, പി.ആർ.ഒ അനിൽകുമാർ പത്തനംതിട്ട, ഉപദേശക സമിതി അംഗം അയൂബ് ഖാൻ പന്തളം, എക്സിക്യൂട്ടിവ് അംഗം എബി ചെറിയാൻ മാത്തൂർ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.