ചൈനീസ് കമ്പനികളുമായി സൗദി അധികൃതർ കരാറുകളിൽ ഒപ്പുവെച്ചപ്പോൾ
റിയാദ്: പ്രാദേശിക വിപണിയിലെ കരാറുകാരുടെ ക്ഷാമവും ഭവന പദ്ധതികളുടെ വിതരണം വൈകിപ്പിക്കുന്ന മറ്റ് തടസ്സങ്ങളും മറികടക്കാൻ ചൈനീസ് ഡെവലപ്പർമാരുമായി സൗദി കരാർ ഒപ്പിടുന്നത് തുടരുകയാണെന്ന് മുനിസിപ്പാലിറ്റി, ഭവന നിർമാണ മന്ത്രി മാജിദ് അൽഹുഖൈൽ പറഞ്ഞു. ചൈന സന്ദർശനത്തിനു ശേഷമാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. സൗദിയുടെ വളർച്ചക്കും ദേശീയ ഭവന പദ്ധതിക്കും അന്താരാഷ്ട്ര കമ്പനികളുമായി സഹകരണം ആവശ്യമാണെന്ന് മന്ത്രി സൂചിപ്പിച്ചു.
സ്ഥാപിത പദ്ധതികൾക്കനുസൃതമായി പദ്ധതികൾ കാലതാമസമില്ലാതെ നടപ്പിലാക്കാൻ ‘വൈറ്റ് ലാൻഡ്’ നിയമം പോലുള്ള ഭവന നിയമങ്ങൾ റിയാദിൽ നിരവധി പദ്ധതികൾ ആരംഭിക്കുന്നതിന് സഹായകമാകുമെന്നും അവ നടപ്പിലാക്കുന്നതിന് പ്രാദേശിക ഡെവലപ്പർമാരും അന്താരാഷ്ട്ര കമ്പനികളും തമ്മിലുള്ള പങ്കാളിത്തം ആവശ്യമാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു. ആഗോളതലത്തിൽ സ്വാധീനം ചെലുത്തിയ പദ്ധതികൾ നടപ്പിലാക്കിയ ഏറ്റവും മികച്ച ചൈനീസ് കമ്പനികളെ ആകർഷിക്കുക എന്നതാണ് മന്ത്രാലയം ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു.
ചൈന സന്ദർശന വേളയിൽ സൗദി ഹൗസിങ് കമ്പനിയും നിരവധി ചൈനീസ് കമ്പനികളും തമ്മിൽ 24,000 ഭവന യൂണിറ്റുകൾ നിർമ്മിക്കുന്നതിനുള്ള കരാറുകളിൽ ഒപ്പുവെച്ചു. ചൈനയുമായി സഹകരിച്ച് ഒരു ലക്ഷം ഭവന യൂണിറ്റുകൾ നിർമ്മിക്കുക എന്ന നേരത്തെ പ്രഖ്യാപിച്ച ലക്ഷ്യം അടുത്ത വർഷം പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നു.
പവർ ചൈന, എം.സി.സി, സി.എം.ഇ.സി, സി.ഐ.ടി.ഐ.സി ഗ്രൂപ്പ്, സി.എ.സി.സി, സെവൻത് ബ്യൂറോ ഓഫ് ചൈന കൺസ്ട്രക്ഷൻ എന്നിവയുടെ നേതാക്കളുമായുള്ള കൂടിക്കാഴ്ചകൾ സന്ദർശനത്തിൽ ഉൾപ്പെട്ടിരുന്നു. വ്യാവസായിക നിർമ്മാണത്തിലും ആധുനിക നിർമ്മാണത്തിലും സഹകരണത്തിനുള്ള അവസരങ്ങൾ ചർച്ച ചെയ്തതായും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.