നജ്റാൻ: വേനൽച്ചൂടിൽ നിന്ന് മാറി ശാന്തവും തണുപ്പുള്ളതുമായ അന്തരീക്ഷം ആഗ്രഹിക്കുന്ന സഞ്ചാരികൾക്ക് മികച്ചൊരിടമായി മാറിയിരിക്കുകയാണ് സൗദി അറേബ്യയിലെ നജ്റാൻ പ്രവിശ്യയിലുള്ള വാദി ഹറസ്. പ്രകൃതിഭംഗിയും അനുകൂല കാലാവസ്ഥയും കൊണ്ട് ശ്രദ്ധേയമായ നജ്റാനിലെ ബദർ അൽ ജനൂബ് ഗവർണറേറ്റിലാണ് ഈ സുന്ദര താഴ്വര സ്ഥിതി ചെയ്യുന്നത്. നജ്റാൻ നഗരത്തിൽ നിന്ന് പടിഞ്ഞാറ് മാറി ഏകദേശം 70 കിലോമീറ്റർ അകലെയുള്ള ഹദാദ പ്രദേശത്തിെൻറ ഭാഗമാണ് ഈ പ്രകൃതിദത്ത വിനോദസഞ്ചാര കേന്ദ്രം.
ഉയർന്നുനിൽക്കുന്ന ഗാംഭീര്യമുള്ള മലനിരകളാൽ ചുറ്റപ്പെട്ടതാണ് വാദി ഹറസ്. താഴ്വരയിലുടനീളം വിരിച്ചതുപോലെ വളർന്നുനിൽക്കുന്ന പച്ചപ്പുല്ലുകളും, തൽഹ്, സിദർ തുടങ്ങി ഇടതൂർന്ന് പടർന്നുപന്തലിച്ച വിവിധ തരം മരങ്ങളും കാട്ടുചെടികളും ഇവിടെ കാണാം. ഈ മരങ്ങൾ സഞ്ചാരികൾക്ക് വിശ്രമിക്കാൻ തണുപ്പുള്ള മികച്ച തണലും വിശാലമായ ഇടവുമാണ് ഒരുക്കുന്നത്. ചുറ്റുമുള്ള വലിയ മലനിരകൾ പ്രദേശത്തിന് പ്രത്യേകമായ ശാന്തതയും പ്രകൃതിദത്തമായ സ്വകാര്യതയും നൽകുന്നു.
മനോഹരമായ ഈ പ്രകൃതിദൃശ്യങ്ങൾ കാഴ്ചക്കാരെ ആകർഷിക്കുക മാത്രമല്ല, ഫോട്ടോഗ്രാഫി, പ്രകൃതിപഠനം, ക്യാമ്പിങ്, സാഹസിക യാത്രകൾ എന്നിവയ്ക്ക് അനുയോജ്യമായ അന്തരീക്ഷം കൂടിയാണ് വാദി ഹറസിൽ പ്രധാനം ചെയ്യുന്നത്. രാജ്യത്തെ മുൻനിര വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒന്നായി ഉയർന്നുവരുന്ന ഈ താഴ്വര, വേനൽക്കാലത്ത് എത്തുന്ന സന്ദർശകർക്ക് പുതിയൊരു അനുഭവമാണ് സമ്മാനിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.