ശൈഖ് ഡോ. അബ്ദുല്ല അൽ ജുഹ്നി, ഇമാം ശൈഖ് ഡോ. അഹ്മദ് അൽഹുദൈഫി
വിമാനത്താവളങ്ങൾക്ക് നേരെ ഹൂതികളുടെ ആക്രമണം ‘ഭീകരവാദവും കുറ്റകരമായ അതിക്രമവും’; മക്ക ഹറം ഇമാം
മക്ക: സൗദിയിലെ വിമാനത്താവളങ്ങളെ ലക്ഷ്യമിട്ട് നിരപരാധികളായ അനേകം മനുഷ്യരുടെ ജീവനെടുത്ത ഭീകര ഹൂതി ഗ്രൂപ്പിന്റെ ആക്രമണങ്ങൾ വ്യക്തമായ ഭീകരവാദവും മനുഷ്യജീവനുകൾക്ക് നേരെയുള്ള ഗുരുതരമായ ലംഘനവുമാണെന്ന് ഇരുഹറമുകളിലെ ഇമാമുമാർ വ്യക്തമാക്കി. വെള്ളിയാഴ്ചത്തെ ജുമുഅ പ്രസംഗത്തിനിടെ ആണ് മക്ക, മദീന ഹറമുകളിലെ ഇമാമുകൾ ഇക്കാര്യം പറഞ്ഞത്.
റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളം ലക്ഷ്യമിട്ട് യാത്രക്കാരെയും അവരിൽ ഉൾപ്പെട്ട ഉംറ തീർഥാടകരെയും നിരപരാധികളായ സാധാരണക്കാരെയും ആക്രമിച്ചുകൊണ്ട് രക്തം ചിന്തിയ ആ ‘ദുഷ്ട സംഘത്തിന്റെ’ പ്രവർത്തി കൊടും കുറ്റകൃത്യവും മനുഷ്യജീവനുകളുടെ പവിത്രതക്ക് നേരെയുള്ള നഗ്നമായ ലംഘനവും ഒരു മതവും ന്യായീകരിക്കാത്ത കാടത്തവും ഭീരുത്വവും നിറഞ്ഞ തീവ്രവാദ പ്രവർത്തനവുമാണെന്ന് മസ്ജിദുൽ ഹറാമിലെ ഇമാമും ഖത്തീബുമായ ശൈഖ് ഡോ. അബ്ദുല്ല അൽ ജുഹ്നി പറഞ്ഞു.
നിരപരാധികൾക്ക് നേരെയുള്ള ആക്രമണം ഭൂമിയിൽ കുഴപ്പമുണ്ടാക്കലിൽ പെട്ടതാണ്. അത്തരം പ്രവർത്തികൾ ആക്ഷേപാർഹവും സമൂഹം തള്ളിക്കളയുന്നതുമായ തിന്മകളുടെ പരിധിയിൽ വരുന്നവയാണെന്നും ഇമാം അൽജുഹ്നി പറഞ്ഞു.
ഭീകര ഹൂതി ഗ്രൂപ്പും അവരുടെ ക്രിമിനൽ സംഘവും മക്കയെയും മദീനയെയും ലക്ഷ്യമിട്ടതിനെയും റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ നടത്തിയ ആക്രമണങ്ങളെയും അതിന്റെ ഫലമായി ജീവനുകൾ നഷ്ടപ്പെട്ടതിനെയും സമാധാനപ്രിയരെ ഭയപ്പെടുത്തുകയും സന്ദർശകരെയും ഉംറ തീർഥാടകരെയും വധിക്കുകയും ചെയ്ത നടപടികളെയും മസ്ജിദുന്നബവി ഇമാം ശൈഖ് ഡോ. അഹ്മദ് അൽഹുദൈഫി അപലപിച്ചു.
ഇസ്ലാമിക ശരീഅത്തും ശരിയായ ബുദ്ധിയും നല്ല മനസ്സാക്ഷിയും അന്താരാഷ്ട്ര നിയമങ്ങളും ഏറ്റവും ശക്തമായ രീതിയിൽ ആക്ഷേപിക്കുകയും തള്ളിക്കളയുകയും ചെയ്യുന്ന ‘വലിയ തിന്മകളും കുറ്റകൃത്യങ്ങളുമാണ്’ ഈ പ്രവർത്തികളെന്ന് മസ്ജിദുന്നബവി ഇമാം പറഞ്ഞു. ഹൂതികളുടെ ഈ അവസാന നീക്കങ്ങളെ ‘നിരാശാജനകമായ ശ്രമങ്ങളും ദയനീയമായ പ്രവർത്തികളും’ എന്ന് അദ്ദേഹം വിശേഷിപ്പിച്ചു. ചരിത്രം അവരെ അതിക്രമകാരികളുടെയും കുഴപ്പക്കാരുടെയും കൂട്ടത്തിലായാണ് രേഖപ്പെടുത്തിയിട്ടുള്ളതെന്നും മസ്ജിദുന്നബവി ഇമാം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.