സിയാഹുൽ ഹഖ് പാപ്പിനിപ്പാറയുടെ കഥാ സമാഹാരം പുറത്തിറങ്ങുന്നു; കവർ പ്രകാശനം ചെയ്തു
യാംബു: സിയാഹുൽ ഹഖ് പാപ്പിനിപ്പാറയുടെ 'കാളാഞ്ചി'എന്ന പേരിലുള്ള പ്രഥമ കഥാസമാഹാരം പുറത്തിറങ്ങുന്നു. സിനിമ പ്രവർത്തകനും തനിമ കലാ സാഹിത്യ വേദി സംസ്ഥാന പ്രസിഡണ്ടുമായ ആദം അയ്യൂബ്, പ്രശസ്ത എഴുത്തുകാരൻ പി. സുരേന്ദ്രൻ, എഴുത്തുകാരി ഇ.ഇന്ദുലേഖ, സംഗീത സംവിധായകൻ ജിതേഷ് നാരായൺ, സജദിൽ മുജീബ്, അഹ്മദ് പാപ്പിനിപ്പാറ തുടങ്ങിയവർ സമൂഹ മാധ്യമങ്ങൾ വഴി കഥാ പുസ്തകത്തിൻ്റെ കവർ പ്രകാശനം നിർവഹിച്ചു. മനുഷ്യ ജീവിതത്തിന്റെ നേർത്ത നിഴലുകളിലൂടെ സഞ്ചരിക്കുന്ന കഥകളുടെ സമാഹാരമാണ് ഈ പുസ്തകം.
ഗ്രാമത്തിൻ്റെ മണ്ണിൻ്റെ മണവും മരുഭൂ ജീവിതത്തിന്റെ അനുഭവവും മനുഷ്യ ജീവിതത്തിൻ്റെ ചൂടും കയ്പ്പുമെല്ലാം ഇഴ ചേർന്ന ഒമ്പത് ചെറു കഥകളാണ് ഈ പുസ്തകത്തിലുള്ളത്. സൗദി യാംബുവിൽ നീണ്ടകാലം പ്രവാസിയായിരുന്ന സിയാഹുൽ ഹഖ് മലപ്പുറം ജില്ലയിലെ മഞ്ചേരി പാപ്പിനിപ്പാറ സ്വദേശിയാണ്. യാംബുവിലെ മുൻ മാധ്യമ പ്രവർത്തകനായിരുന്ന അദ്ദേഹം തനിമയുടെ സജീവപ്രവർത്തകനു മായിരുന്നു.
ഏതാനും വർഷങ്ങൾക്ക് മുമ്പാണ് പ്രവാസം മതിയാക്കി സിയാഹുൽ ഹഖ് നാടണഞ്ഞത്. നാട്ടിൽ ബിസിനസ് മേഖലയിൽ പ്രവർത്തിക്കുന്ന ഇദ്ദേഹം സാമൂഹ്യ കലാ സാംസ്കാരിക മേഖലകളിൽ ഇപ്പോഴും സജീവ സാന്നിധ്യമാണ്. കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന 'മാൻ കൈൻറ് ലിറ്റ്റേച്ചർ' ആണ് പുസ്തകത്തിന്റെ പ്രസാധകർ. 'കാളാഞ്ചി' പുറത്തിറങ്ങിയാൽ ആമസോൺ പ്ലാറ്റ് ഫോമിലൂടെയും മറ്റും ലഭ്യമാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.