ജിദ്ദ വിമാനത്താവളം; നോർത്ത് ടെർമിനലിൽ നിന്നുള്ള സർവിസുകൾ പൂർണമായും നിർത്തലാക്കി

ജിദ്ദ: കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനും പ്രവർത്തനക്ഷമത വർധിപ്പിക്കുന്നതി നുമുള്ള പദ്ധതിയുടെ ഭാഗമായി നോർത്ത് ടെർമിനലിലെ മുഴുവൻ സർവിസുകളും നിർത്തലാക്കി. സർവിസുകൾ നാലാം നമ്പർ ടെർമിനലിലേക്കുള്ള മാറ്റം ജിദ്ദ എയർപോർട്സ് കമ്പനി പൂർത്തിയാക്കി.

സെപ്റ്റംബർ 27 മുതലാണ് ടെർമിനലിന്റെ ഘട്ടംഘട്ടമായുള്ള പ്രവർത്തനം ആരംഭിച്ചത്. പ്രമുഖ അന്താരാഷ്ട്ര വിമാനക്കമ്പനികളുടെ സർവിസുകൾ പുതിയ ടെർമിനലിലേക്ക് ഇതിനകം മാറ്റിയിട്ടുണ്ട്.

മുൻകൂട്ടി നിശ്ചയിച്ച ടൈംടേബിൾ അനുസരിച്ച് ഈ ആഴ്ചയിലുടനീളം ഘട്ടംഘട്ടമായുള്ള മാറ്റം തുടരും. വിമാനത്താവളത്തിലെ യാത്രക്കാരുടെ തിരക്ക് കാര്യക്ഷമമായി പുനഃക്രമീകരിക്കുകയാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഇതിനായി നോർത്ത് ടെർമിനലിൽ നിന്നുള്ള വിദേശ വിമാനക്കമ്പനികളുടെ സർവിസുകളും ഒന്നാം നമ്പർ ടെർമിനൽ, ഹജ്ജ്-ഉംറ ടെർമിനൽ കോംപ്ലക്സ് എന്നിവിടങ്ങളിൽ നിന്നുള്ള ചില കമ്പനികളുടെ സർവിസുകളും പുതിയ ടെർമിനലിലേക്ക് മാറുന്നതിൽ ഉൾപ്പെടുന്നു.

വിമാനത്താവളത്തിന്റെ യാത്രാ ശേഷി വർധിപ്പിക്കാനും യാത്രാ നടപടിക്രമങ്ങൾ കൂടുതൽ എളുപ്പമാക്കാനും സഹായിക്കും. 97,000 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള പുതിയ ടെർമിനലിന് പ്രതിവർഷം 1.5 കോടി യാത്രക്കാരെ ഉൾക്കൊള്ളാൻ ശേഷിയുണ്ട്. അത്യാധുനിക സാങ്കേതിക വിദ്യയിലധിഷ്ഠിതമായ പ്രവർത്തന സംവിധാനങ്ങളും ഹജ്ജ്, ഉംറ തീർത്ഥാടകർക്കായി പ്രത്യേക സൗകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്.

സൗദി വിഷൻ 2030-ന്റെ ലക്ഷ്യങ്ങൾക്ക് അനുസൃതമായും ഏവിയേഷൻ പ്രോഗ്രാമിന്റെ ഭാഗമായും വിമാനത്താവളത്തിന്റെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിന്റെ ഭാഗമായാണ് നാലാം നമ്പർ ടെർമിനൽ പ്രവർത്തനമാരംഭിച്ചിരിക്കുന്നത്.യാത്രക്കാർ വിമാനത്താവളത്തിലേക്ക് തിരിക്കുന്നതിന് മുമ്പ് ഔദ്യോഗിക പ്ലാറ്റ്‌ഫോമുകൾ വഴി തങ്ങളുടെ യാത്രാ ടെർമിനൽ ഏതാണെന്ന് പരിശോധിക്കണമെന്ന് ജിദ്ദ എയർപോർട്സ് കമ്പനി അഭ്യർത്ഥിച്ചു.

Tags:    
News Summary - Jeddah Airport: Operations from North Terminal Completely Discontinued

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.