ഹജ്ജ് തീർഥാടകർക്ക് ഭക്ഷണം തയാറാക്കാനുള്ള ലൈസൻസ് നേടിയ സൗദി ഷെഫുകൾ
ഹജ്ജ്-ഉംറ മന്ത്രാലയം ഉദ്യോഗസ്ഥരോടൊപ്പം
ജിദ്ദ: ഇത്തവണ ഹജ്ജ് സീസണിൽ തീർഥാടകർക്ക് ഭക്ഷണം തയാറാക്കാൻ സ്വദേശികളായ 30 ഷെഫുകളുണ്ടാകും. തീർഥാടകർക്ക് ഭക്ഷണം നൽകാനും തയാറാക്കാനും ആവശ്യമായ ലൈസൻസുകൾ ജിദ്ദ സൂപ്പർ ഡോമിൽ നടന്ന ഹജ്ജ് ഉച്ചകോടയിൽ സ്വദേശികളായ 30 പുരുഷ-വനിതാ ഷെഫുകൾ നേടി. സമ്മേളനത്തോടനുബന്ധിച്ച് ഒരുക്കിയ ‘ക്രൗഡ് ഫീഡിങ്’ പ്രോഗ്രാമിന്റെ ടെസ്റ്റുകളും പ്രയോഗിച്ച പരീക്ഷണങ്ങളും ഇവർ വിജയിക്കുകയുണ്ടായി.
ഹജ്ജ് സീസണിൽ തീർഥാടകർക്ക് ഭക്ഷണം നൽകുകയും പാചകം ചെയ്യുകയും ചെയ്യുന്ന ലോകത്തേക്ക് പ്രവേശിക്കാൻ സ്വദേശികളെ ദത്തെടുക്കാനും യോഗ്യരാക്കാനും ലക്ഷ്യമിടുന്നതാണ് ‘ഹജ്ജ് ഷെഫ്’ പരിപാടിയെന്ന് അറബ് രാജ്യങ്ങളിൽ നിന്നുള്ള തീർഥാടകർക്കായുള്ള മുത്വവ്വഫ് തലവൻ മുഹമ്മദ് മാജിനി പറഞ്ഞു.
സൗദിയുടെ വേറിട്ട ആതിഥ്യ മര്യാദയും ആധികാരികതയും മൂല്യങ്ങളും കാത്തുസൂക്ഷിച്ച് ലോകത്തിലെ എല്ലാ രാജ്യങ്ങളിൽ നിന്നുമുള്ള തീർഥാടകർക്ക് നൽകുന്ന സേവനങ്ങളുടെ ഗുണനിലവാരം ഉയർത്തുന്നതിനും അവരെ പ്രഫഷനൽ തലത്തിലേക്ക് ഉയർത്തുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണിത്.
പാചകം ചെയ്യുന്നതിലും ഭക്ഷണം നൽകുന്നതിലും മികച്ച ദേശീയ വിഭവശേഷി വളർത്തിയെടുക്കുന്നതിനും സൗദി യുവാക്കളെ ശാക്തീകരിക്കുന്നതിനും ആധികാരികതയും ആധുനികതയും സമന്വയിപ്പിക്കുന്ന നൂതന വിഭവങ്ങൾ അവതരിപ്പിക്കുന്നതിൽ അവരുടെ സർഗാത്മകമായ ഊർജം പുറത്തെടുക്കുന്നതിനും വേണ്ടിയാണ് ഈ സംരംഭമെന്നും മുത്വവ്വഫ് തലവൻ പറഞ്ഞു.
‘വിഷൻ 2030’ന്റെ പരിപാടികളിലൊന്നായ ക്വാളിറ്റി ഓഫ് ലൈഫ് പ്രോഗ്രാമിന്റെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് അനുസൃതമായി തീർഥാടകർക്ക് നൽകുന്ന ഭക്ഷണ സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനുമാണ് ഇത്.
തീർഥാടകരുടെ അനുഭവം സമ്പന്നമാക്കുന്നതിനും സവിശേഷമായ സൗദി രുചിയും വ്യതിരിക്തമായ അന്തർദേശീയ രുചിയോടും കൂടിച്ചേർന്ന ഒരു വിഭവം അവതരിപ്പിക്കുന്നതിനും ഇത് സംഭാവന ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.