യാംബു: സൗദിയിൽ കഴിഞ്ഞ മാസം അഴിമതി വിരുദ്ധ അതോറിറ്റി നടത്തിയ റെയ്ഡുകളിൽ 233 പേർ പിടിയിലായെന്ന് കൺട്രോൾ ആൻഡ് ആന്റി-കറപ്ഷൻ കമീഷൻ അറിയിച്ചു. ഡിസംബറിനുശേഷം പരാതികളെ തുടർന്ന് 5,518 മോണിറ്ററിങ് റൗണ്ടിന് ശേഷം നടത്തിയ ക്രിമിനൽ നടപടിക്രമങ്ങൾ പൂർത്തിയാക്കിയാണ് വിദേശികൾ ഉൾപ്പെടെയുള്ള പ്രതികളെ അറസ്റ്റ് ചെയ്തത്. കൈക്കൂലി, അധികാര ദുർവിനിയോഗം, കള്ളപ്പണം വെളുപ്പിക്കൽ, പൊതുഫണ്ടുകൾ ദുരുപയോഗം ചെയ്യൽ, വ്യാജരേഖ ഉണ്ടാക്കൽ എന്നിവയാണ് പ്രതികൾക്കെതിരെ ചുമത്തിയ കുറ്റങ്ങൾ.
പ്രതികളിൽ ചിലർ ഉപാധികളുടെ അടിസ്ഥാനത്തിൽ ജാമ്യത്തിലിറങ്ങിയവരുമുണ്ടെന്ന് അന്വേഷണ കമീഷൻ അറിയിച്ചു. ആഭ്യന്തരം, പ്രതിരോധം, ആരോഗ്യം, നീതിന്യായം, മുനിസിപ്പൽ ഗ്രാമകാര്യം, ഭവനനിർമാണം തുടങ്ങിയ മന്ത്രാലയങ്ങളിലെ ജീവനക്കാർ അറസ്റ്റിലായവരിൽ ഉൾപ്പെടും.
ഇവരെ വിചാരണക്ക് ഹാജരാക്കുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയായതായി കമീഷൻ അറിയിച്ചു. സാമ്പത്തിക രംഗത്തും ഭരണരംഗത്തും അഴിമതിയുമായി ബന്ധപ്പെട്ട പരാതികൾ ടോൾ ഫ്രീ നമ്പറായ 980 ലോ 980@nazaha.gov.sa എന്ന ഇ-മെയിലിലോ 011 4420057 എന്ന ഫാക്സ് നമ്പറിലോ അറിയിക്കണമെന്ന് അതോറിറ്റി അഭ്യർഥിച്ചു. അഴിമതികളെ കുറിച്ച് ബന്ധപ്പെട്ടവരെ വിവരം അറിയിക്കുന്നവർക്ക് എല്ലാവിധ സുരക്ഷയും നൽകുമെന്നും അതിന്റെ പേരിൽ ജോലിയിലോ മറ്റോ പ്രയാസം ഉണ്ടാകാതിരിക്കാനുള്ള കരുതൽ നടപടി കൈക്കൊള്ളുമെന്നും കമീഷൻ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.