സൗദി ഖഹ്വ വർഷാചരണ ഡിസൈനുകളിൽ അലങ്കരിച്ച ഫ്ലൈ നാസ് വിമാനം
യാംബു: സൗദി സാംസ്കാരിക മന്ത്രാലയം 2022 ഖഹ്‌വ വർഷമായി ആചരിക്കുന്നതുമായി ബന്ധപ്പെട്ട് രാജ്യത്ത് നിരവധി ആഘോഷ പരിപാടികൾ നടന്നുവരുകയാണ്.
സൗദി സ്വകാര്യ ബജറ്റ് വിമാനക്കമ്പനിയായ ഫ്ലൈ നാസ് ആഘോഷത്തിന്റെ ഭാഗമാകാൻ തീരുമാനിച്ചതായി കമ്പനി അധികൃതർ അറിയിച്ചു. എയർപോർട്ടുകളിലെ ഫ്ലൈനാസ് ബോർഡിങ് പാസുകളിലും പാസഞ്ചർ രജിസ്ട്രേഷൻ സ്ലിപ്പുകളിലും ഖഹ്വയുടെ മഹിമ വിളിച്ചോതുന്ന ഡിസൈനുകൾ ഉൾപ്പെടുത്തിക്കഴിഞ്ഞു. ഫ്ലൈനാസ് വിമാനത്തിൽ യാത്ര ചെയ്യുന്നവർക്ക് ഈ വർഷം അവസാനം വരെ 'ഇയർ ഓഫ് സൗദി കോഫി' എന്ന ഗ്രാഫിക് ഡിസൈനുകളാൽ അലങ്കരിച്ച കപ്പുകളിൽ സൗജന്യമായി സൗദി കോഫി വിതരണം ചെയ്യും.
വിമാനങ്ങളുടെ ബോഡികളിൽ ഖഹ്വ പാരമ്പര്യം വിളിച്ചോതുന്ന ഡിസൈനുകൾ വരച്ചുചേർത്തിട്ടുമുണ്ട്. രാജ്യത്തിന്റെ പൈതൃക പാനീയമാണ് ഖഹ്‌വ. പാരമ്പര്യത്തിന്റെ പെരുമ വിളിച്ചോതുന്ന വിശിഷ്ട പാനീയമെന്ന നിലയിൽ ഖഹ്‌വയെ സമഗ്രമായി അടയാളപ്പെടുത്തുംവിധമുള്ള ആഘോഷ പരിപാടികളാണ് മന്ത്രാലയം ആവിഷ്കരിച്ചുനടത്തിവരുന്നത്. 'ക്വാളിറ്റി ഓഫ് ലൈഫ് പ്രോഗ്രാമി'ൽ വരുന്ന ഖഹ്‌വ വർഷ പരിപാടി സൗദിയുടെ സമഗ്ര വികസന പദ്ധതിയായ വിഷൻ-2030 ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുള്ള പരിപാടികളിലൊന്നാക്കി മാറ്റുകയാണ്.
ഖഹ്‌വയുമായി ബന്ധപ്പെട്ട് വിപുലമായ പരിപാടികളോടെയുള്ള കാമ്പയിൻതന്നെ അവതരിപ്പിക്കുന്നുണ്ട്. സൗദിയിലെ സിവിൽ സ്ഥാപനങ്ങൾ, സർക്കാർ ഏജൻസികൾ, പ്രാദേശിക അന്തർദേശീയ ഹോട്ടലുകൾ, കഫേകൾ എന്നിവയുടെ മെനുകളിലും ഉൽപന്നങ്ങളിലും സൗദി ഖഹ്‌വയുടെ സാന്നിധ്യം ഉറപ്പാക്കാൻ വേണ്ട നടപടികൾ കൈക്കൊള്ളാനും പൊതുജനങ്ങൾക്കായി വിവിധ മത്സരപരിപാടികൾ സംഘടിപ്പിക്കാനും മന്ത്രാലയം തീരുമാനമെടുത്തു.
സൗദി ഖഹ്‌വ തയാറാക്കുന്നതിനുള്ള വിവിധ രീതികളും രാജ്യത്തിന്റെ സാംസ്‌കാരിക വൈവിധ്യവും പുതിയ തലമുറക്ക് പരിചയപ്പെടുത്തുക, അതിനെ അറബ് സമൂഹത്തിന്റെ വേറിട്ട ഒരു സാംസ്‌കാരിക ഉൽപന്നമായി അവതരിപ്പിക്കുക എന്നതും വർഷാചരണത്തിന്റെ ലക്ഷ്യമാണ്. ഖഹ്‌വക്ക് ആവശ്യമായ ചേരുവകളുടെ കൃഷി പ്രോത്സാഹിപ്പിക്കുക, അതിന്റെ രീതികൾ പുതുതലമുറയെ പരിചയപ്പെടുത്തുക, പാനീയ നിർമാണത്തിനും വിളമ്പലിനും പാരമ്പര്യമായ രീതികൾ പിന്തുടരുക, അതിനാവശ്യമായ പാരമ്പര്യ ഉപകരണങ്ങളും പാത്രങ്ങളും നിലനിർത്തുക തുടങ്ങിയ പ്രവർത്തനങ്ങളും ഇതോടൊപ്പം നടക്കുന്നുണ്ട്.
സൗദിയുടെ സ്വന്തം കാപ്പിയായ 'ഖൗലാനി ഖഹ്‌വ' ആധികാരിക ദേശീയ ഉൽപന്നമെന്ന നിലയിൽ പ്രചരിപ്പിക്കുകയും ചെയ്യുന്നുണ്ട്. ലോകത്തെ ഏറ്റവും വലിയ കാപ്പി ഉപഭോക്താക്കളിൽ ഒന്നാണ് സൗദി അറേബ്യ. ജീസാൻ, അസീർ, അൽബാഹ തുടങ്ങിയ പ്രദേശങ്ങളിൽ കാപ്പി കൃഷി ചെയ്യുന്നുമുണ്ട്. അറബികൾ ഏറെ ഇഷ്ടപ്പെടുന്ന 'ഖൗലാനി' എന്ന ഖഹ്വയാണ് ഈ പ്രദേശങ്ങളിൽ കൃഷി ചെയ്യുന്നതിലേറെയും. സൗദി അറേബ്യക്കും യമനിനും ഇടയിലുള്ള പർവതപ്രദേശങ്ങളിൽ വസിച്ചിരുന്ന ഖവ്‌ലാൻ ബിൻ അമർ ഗോത്രത്തിന്റെ പേരിലാണ് 'ഖൗലാനി'അറിയപ്പെടുന്നത്. ലോകത്തിലെ ഏറ്റവും ചെലവേറിയതും അപൂർവവുമായ കാപ്പിക്കുരുകളിലൊന്നാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.