ലോകത്തിലെ ഏറ്റവും വലിയ പുഷ്പ പരവതാനി എന്ന റെക്കോർഡ് ഇനി സൗദിക്ക് സ്വന്തം 

യാമ്പു: ലോകത്തിലെ ഏറ്റവും വലിയ പുഷ്പ പരവതാനി എന്ന ബഹുമതി വീണ്ടും സൗദി അറേബ്യക്ക് സ്വന്തം. 16134 ചതുരശ്ര മീറ്ററിൽ പതിനാല് വിധത്തിലുള്ള പതിനെട്ട് ലക്ഷം പൂക്കളാണ് ഈ വർഷം ഗിന്നസ്​ ബുക്കിൽ ഇടം പിടിക്കാൻ യാമ്പു പുഷ്പോത്സവ നഗരിയിലെ പരവതാനിയിൽ നട്ടു പിടിപ്പിച്ചത്. 2014 ലെ പുഷ്പമേളയിൽ 10712 ചതുരശ്രമീറ്റർ വിസ്​തൃതിയിൽ പതിനഞ്ച് ലക്ഷം  പൂക്കൾ കൊണ്ട് തീർത്ത പരവതാനി നേരത്തെ ഗിന്നസ്​ റെക്കോർഡിൽ ഇടം പിടിച്ചിരുന്നു. അതിന് ശേഷം യാമ്പു പുഷ്പ പരവതാനി ഒന്നാം സ്​ഥാനം എന്ന ബഹുമതി ലഭിക്കാതെ പിന്നിലായിരുന്നു. 2016 ഡിസംബർ 17 ൽ മെക്സിക്കോയിൽ 126000 പൂക്കളിൽ തീർത്ത 14 200.000 ചതുരശ്ര മീറ്റർ വിസ്​തീർണമുള്ള പുഷ്പ പരവതാനിയായിരുന്നു നിലവിൽ ലോക ബഹുമതി നേടിയിരുന്നതെന്നും അതിനെ മറി കടന്നാണ് ലോകത്ത് ഗിന്നസ്​ റിക്കോർഡിൽ ഒന്നാമത് എന്ന ബഹുമതി സൗദിയിലെ യാമ്പു പുഷ്പപരവതാനി ഈ വർഷം നേടിയതെന്നും ഗിന്നസ്​ വേൾഡ്  റിക്കോർഡ് വിധികർത്താവ് ഗ്ലൺ പൊളാർഡ്  ‘ഗൾഫ് മാധ്യമ’ ത്തോട് പറഞ്ഞു. പതിനൊന്നാമത് പുഷ്പമേളയുടെ ഉദ്ഘാടന ചടങ്ങിൽ യാമ്പു പുഷ്പ പരവതാനി ഗിന്നസ്​ ബുക്കിൽ ഇടം പിടിച്ചത് ഔദ്യോഗികമായി പ്രഖ്യാപിക്കാൻ നഗരിയിലെത്തിയതായിരുന്നു അദ്ദേഹം. ഏറ്റവും വലിയതും ചാരുതയേറിയതുമായ പൂക്കൾ കൊണ്ട് നിർമിച്ച ഈ പരവതാനി അത്യാകർഷകമാണെന്നും ഇതി​െൻറ നിർമാണത്തിൽ പങ്കു വഹിച്ച എല്ലാവരും അഭിനന്ദനം അർഹിക്കുന്നതായും അദ്ദേഹം പറഞ്ഞു.        

യാമ്പു റോയൽ കമീഷന് കീഴിലുള്ള നഴ്സറിയിൽ നട്ടു പിടിപ്പിച്ചുണ്ടാക്കിയ പൂക്കളാണ് പരവതാനിയിൽ ഉപയോഗിച്ചിരിക്കുന്നത്​. പൂക്കളുടെ വിത്തുകൾ അമേരിക്കയിൽ നിന്ന് ഇറക്കുമതി ചെയ്ത് നല്ല പരിചരണത്തോടെ നട്ടുവളർത്താൻ പ്രത്യേകം തൊഴിലാളികൾ സംഘാടകരായ യാമ്പു റോയൽ കമ്മീഷനു കീഴിലുണ്ട്. മേളയുടെ ജനറൽ സൂപ്പർ വൈസർ എഞ്ചിനീയർ സ്വാലിഹ് അൽ സഹ്റാനിയുടെ നേതൃത്വത്തിൽ പത്തോളം എഞ്ചിനീയർമാരുടെ നേതൃത്വത്തിൽ അമ്പതോളം തൊഴിലാളികൾ കഠിനാധ്വാനം ചെയ്താണ് മനോഹരമായ പൂക്കളുടെ കാർപറ്റ് നിർമിച്ചത്. സ്വദേശി തൊഴിലാളികൾ മുമ്പത്തേക്കാൾ പുഷ്പ നഗരി സംവിധാനിക്കുന്നതിൽ ഈ വർഷം സജീവമായി കർമരംഗത്തുണ്ടായിരുന്നു. പുഷ്പ നഗരിയുടെ മറ്റു സംവിധാനങ്ങൾ ഒരുക്കുന്നത് റോയൽ കമീഷൻ ഇറിഗേഷൻ ആൻറ് ലാൻഡ് സ്​കേപിങ് വിഭാഗമാണ്. ഇതി​െൻറ ഡയറക്​ടർ എൻജിനീയർ സ്വാലിഹ് അൽ സഹ്റാനിയുടെ കീഴിലെ  ഉയർന്ന ഉദ്യോഗസ്​ഥരിൽ മലയാളി പെരുമയും കാണാം. നിലമ്പൂർ സ്വദേശി മുരളി ദാസ​​െൻറ യാമ്പു പുഷ്പമേളയുടെ സംഘാടനത്തിലെ  സാന്നിധ്യം  ശ്രദ്ധേയമാണ്. പുഷ്പങ്ങൾ കൊണ്ട് ഡിസൈൻ ചെയ്ത വിവിധ ആർച്ചുകളും പ്രത്യേക കൂടാരങ്ങളും ഈ വർഷത്തെ മറ്റൊരു പ്രത്യേകതയാണ്. സന്ദർശകർക്ക് പൂക്കളുടെയും പച്ചപ്പി​െൻറയും വൈവിധ്യമാർന്ന കാഴ്ചകൾ സമ്മാനിക്കുന്നതോടൊപ്പം നല്ല ആരോഗ്യത്തിന്ന് ചെടികളും ഉദ്യാനങ്ങളും ഒരുക്കേണ്ട അനിവാര്യതയും വിളിച്ചോതുന്നു. പുഷ്പസാഗര കാഴ്ച  സന്ദർശകരുടെ  മനം കുളിർപ്പിക്കുന്നത് തന്നെയാണ്. വാണിജ്യ വിനോദ പരിപാടികൾ പുനരുജ്ജീവിപ്പിക്കുന്നതി​െൻറ ഭാഗമായും പ്രകൃതി സംരക്ഷണം മുൻനിർത്തിയുമാണ് അധികൃതർ ഓരോ വർഷവും  യാമ്പുവിൽ പുഷ്പമേള സംഘടിപ്പിച്ചുവരുന്നത്. മേളക്ക് മാറ്റുകൂട്ടാൻ  വിവിധ വിനോദ പരിപാടികളുണ്ട്​. സ്വദേശത്തും  വിദേശത്തുമുള്ള 150 കമ്പനികൾ മേളയിൽ പ്രദർശന പവലിയനുകളും ഒരുക്കിയിട്ടുണ്ട്.

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.