പ്രളയത്തില്‍ വീര്‍പുമുട്ടി അസീര്‍

ഖമീസ് മുശൈത്ത്: രണ്ട് ദിവസമായി പെയ്യുന്ന കനത്ത മഴയെ തുടര്‍ന്നുണ്ടായ പ്രളയത്തില്‍ അസീര്‍ മേഖല വീര്‍പു മുട്ടി.. വെള്ളപ്പൊക്കത്തില്‍  ജനജീവിതം  ദുസ്സഹമായി. സ്കൂളുകള്‍ മുടങ്ങി. എങ്ങും അപകട ഭീഷണിയാണ്. കടുത്ത മഞ്ഞും മഴയും താഴ്വരകളില്‍ താമസിക്കുന്നവരെ ഭീതിയിലാക്കി. നിരവധി വീടുകളിലും സ്ഥാപനങ്ങളിലും വെള്ളം കയറി.പലയിടത്തും വാഹനങ്ങള്‍ വെള്ളത്തില്‍ ഒലിച്ചുപോയി. താഴ്ന്ന ഭാഗങ്ങളില്‍ താമസിച്ചിരുന്ന കുടുംബങ്ങളെ സിവില്‍ ഡിഫന്‍സ് സുരക്ഷിത മേഖലയിലേക്ക് മാറ്റി പാര്‍പ്പിച്ചു. അബ്ഹയില്‍ ഒരു കുടുംബത്തിലെ രണ്ട് പേരെ കാണാതായി. മൊഹായില്‍ വാഹനം തെന്നി മറിഞ്ഞു സ്വദേശി പൗരന്‍മാര്‍ക്ക് ഗുരുതര പരിക്കേറ്റു.ബിഷ് വാദിയില്‍ വെള്ളപ്പൊക്കത്തില്‍ വാഹനങ്ങള്‍  ഒലിച്ച് പോയി.  എഞ്ചിനില്‍ വെള്ളം കയറി കട്ടപ്പുറത്തായ വാഹനങ്ങളുടെ എണ്ണം റോഡുകളില്‍ പെരുകി. 
സ്വദേശി പെണ്‍ കുട്ടികള്‍ യാത്ര ചെയ്ത വാഹനം വഴിയില്‍ കുടുങ്ങി.റോഡില്‍ മലയിടിഞ്ഞ് വീണതിനെ തുടര്‍ന്ന് അബ്ഹ ദര്‍ബ് റോഡ് പൂര്‍ണമായി അടച്ചു.  ഇതുവഴി പോകേണ്ട വാഹനങ്ങള്‍ അല്‍ സുദ, മൊഹിയില്‍ വഴി തിരിച്ച് വിട്ടു. 
 വഴിയില്‍ കുടുങ്ങിയവരെ സഹായിക്കാന്‍ അപകട ഭീഷണി വക വെക്കാതെ പലയിടത്തും സ്വദേശി പൗരന്‍മാര്‍  രംഗത്തിറങ്ങിയത് മലയാളികളടക്കം നിരവധി പേര്‍ക്ക് തുണയായി. അസീറിലെ സ്കൂളുകള്‍ക്ക് ഇന്നും ഗവര്‍ണര്‍ അവധി പ്രഖ്യാപിച്ചു. ഇന്ത്യന്‍ സ്കൂളുകള്‍ അടക്കം ഇന്നും അവധിയായിരിക്കും.  കിങ് ഖാലിദ് യൂനിവേഴ്സിറ്റികള്‍ക്കും മേഖലയിലെ  ബ്രാഞ്ചുകള്‍ക്കും ഇന്ന് അവധിയായിരിക്കുമെന്ന് യൂനിവേഴ്സിറ്റി അറിയിച്ചു.
ചെവ്വാഴ്ച അബ്ഹയില്‍ 600 ഇടങ്ങളില്‍ നിന്ന് സിവില്‍ ഡിഫന്‍സിന്‍െറ സഹായം തേടിയതായാണ് ഒൗദ്യോഗിക കണക്ക്. ഒമ്പതോളം താഴ്വരകളിലായി 200 വാഹനങ്ങള്‍ വെള്ളത്തില്‍ കുടുങ്ങി. 25 പേരെ സിവില്‍ ഡിഫന്‍സ് രക്ഷപ്പെടുത്തി. ഖമീസ് മുശൈതില്‍ 314 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. അഞ്ച് താഴ്വരകളിലായി 577 വാഹനങ്ങള്‍ കുടുങ്ങി. 213 പേരെ രക്ഷപ്പെടുത്തി. ഇതില്‍ 59 ഓളം സ്ക്കൂള്‍ വിദ്യാര്‍ഥികളുമുണ്ട്. അബ്ഹ വിമാനത്താവളത്തില്‍ രേഖപെടുത്തിയ കണക്ക് പ്രകാരം ചൊവാഴ്ച രാത്രി വരെ 90 മില്ലി മീറ്റര്‍ മഴ പെയ്തിട്ടുണ്ടെന്ന് അസീര്‍ മേഖല പരിസ്ഥിതി കാലാവസ്ഥ ബ്രാഞ്ച് ഓഫീസ് മേധാവി അലി അല്‍ഫര്‍തീഷ് പറഞ്ഞു. അബ്ഹ പട്ടണത്തിന്‍െറ ഹൃദയഭാഗത്ത് 116 മില്ലി മീറ്റര്‍ മഴയുണ്ടായതായും അദ്ദേഹം പറഞ്ഞു. സിവില്‍ ഡിഫന്‍സിന്‍െറ നേതൃത്വത്തില്‍ രക്ഷാ പ്രവര്‍ത്തനങ്ങള്‍ പ്രളയ ബാധിത പ്രദേശങ്ങളില്‍ തുടരുകയാണ്. ആവശ്യമായ എല്ലാ സേവനങ്ങള്‍ നല്‍കാനും സിവില്‍ ഡിഫന്‍സിനോടും മറ്റ് വകുപ്പുകളോടും മേഖലാ ഗവര്‍ണര്‍ അമീര്‍ ഫൈസല്‍ ബിന്‍ ഖാലിദ് ആവശ്യപ്പെട്ടു. അസീര്‍ മേഖല മുനിസിപ്പാലിറ്റി ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. മുനിസിപ്പാലിറ്റിയുടെ മേല്‍നോട്ടത്തില്‍ അടിയന്തിര സേവന വിഭാഗവും രംഗത്തിയിറങ്ങിയിട്ടുണ്ട്. 
കനത്ത മഴയെ തുടര്‍ന്നുള്ള രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് മുനിസിപ്പാലിറ്റിക്ക്  1150 തൊഴിലാളികളെയും 30 നിരീക്ഷികരേയും ഒരുക്കിയതായി അസീര്‍ മേഖല മുനിസിപ്പാലിറ്റി വക്താവ് എന്‍ജിനീയര്‍ സഈദ് അല്‍സഹ്റാനി പറഞ്ഞു. വെള്ളം നീക്കം ചെയ്യാന്‍ പമ്പ് സെറ്റുകളും ലോറികളും മറ്റ് ഉപകരണങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.


 

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.