മൊബൈല്‍ അറ്റകുറ്റപ്പണി:  സൗദി വനിതകളും രംഗത്ത്

റിയാദ്: മൊബൈല്‍ വില്‍പന, അറ്റകുറ്റപ്പണി എന്നീ മേഖലകളില്‍ നൂറു ശതമാനം സൗദി വത്കരണം നടപ്പാക്കിയതിന് പിറകെ ഈ രംഗത്തേക്ക് കൂടുതല്‍ സ്വദേശികള്‍ കടന്നു വരുന്നു. വനിതകള്‍ക്കും ഈ മേഖല വഴങ്ങുമെന്ന് തെളിയിച്ചിരിക്കുകയാണ് മക്കക്കാരിയായ മൈത്ത ഇസ്മാഈല്‍ എന്ന സ്വദേശി യുവതി. മൊബൈല്‍ അറ്റകുറ്റപ്പണിയില്‍ നൈപുണ്യം നേടിയാണ് ഇവര്‍ ജോലി കണ്ടത്തെിയത്. ഏതു തരം മൊബൈലും മൈത്തയുടെ കൈകള്‍ക്ക് വഴങ്ങും. നിരന്തരമായ പരിശീലനത്തിലൂടെയും രക്ഷിതാക്കളുടെയും സഹോദരങ്ങളുടെയും പിന്തുണയോടെയുമാണ് മൊബൈല്‍ നന്നാക്കുന്ന വിദ്യ വശത്താക്കിയതെന്നും അവര്‍ പറഞ്ഞു. തൊഴില്‍ വകുപ്പിന്‍െറ നിര്‍ദേശ പ്രകാരം മാനവ വിഭവ ശേഷി വകുപ്പ് ഏര്‍പ്പെടുത്തിയ പരിശീലന കളരിയില്‍ നിന്നാണ് മൊബൈലുകള്‍ കൈകാര്യം ചെയ്യാനുള്ള പരിജ്ഞാനം നേടിയത്. പിന്നീട് സ്വകാര്യ സ്ഥാപനത്തില്‍ ചേര്‍ന്ന് പ്രായോഗിക പരിശീലനത്തിലൂടെ ഈ രംഗത്ത് ജോലി ചെയ്യാനുള്ള ആത്മ വിശ്വാസം നേടി. ഇതിന് ശേഷമാണ് ജോലിയില്‍ പ്രവേശിച്ചത്. യുവതികള്‍ക്ക് വീട്ടിലിരുന്നും ജോലി ചെയ്യാനുള്ള സാഹചര്യം ഈ മേഖലയിലുണ്ടെന്നും കൂടുതല്‍ വനിതകള്‍ ഈ രംഗത്തേക്ക് കടന്നു വരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മൈത്ത പറഞ്ഞു. സ്വദേശി യുവതി, യുവാക്കള്‍ക്ക് തൊഴില്‍ നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് മലയാളികളുള്‍പ്പെടെ ആയിരക്കണക്കിന് വിദേശികള്‍ ജോലി ചെയ്തിരുന്ന മേഖല പൂര്‍ണമായി സൗദികള്‍ക്ക് മാത്രമാക്കി മാറ്റിയത്. സെപ്റ്റംബര്‍ ഒന്നു മുതലാണ് നിയമം നടപ്പാക്കിയത്. സ്വദേശികളെ ഈ രംഗത്തേക്ക് ആകര്‍ഷിക്കാന്‍ നിരവധി പദ്ധതികളാണ് തൊഴില്‍ വകുപ്പ് ഒരുക്കിയിരുക്കുന്നത്. റിയാദിലെ ഗൊര്‍നാത്തയില്‍ വനിതകള്‍ക്ക് മാത്രമായി മൊബൈല്‍ സൂഖ് തന്നെ തൊഴില്‍ മന്ത്രാലയം തുറന്നിട്ടുണ്ട്. മൊബൈല്‍ വില്‍പന, അറ്റകുറ്റപ്പണി എന്നീ തൊഴിലുകളില്‍ സൗജന്യ പരിശീലനം നല്‍കി. സ്വന്തമായി സംരംഭങ്ങള്‍ തുടങ്ങേണ്ടവര്‍ക്ക് രണ്ട് ലക്ഷം റിയാല്‍ വരെ വായ്പ നല്‍കി. സ്വദേശികള്‍ക്ക് തൊഴില്‍ നല്‍കുന്നവര്‍ക്ക് 2000 റിയാല്‍ ശമ്പളയിനത്തില്‍ രണ്ടു വര്‍ഷം വരെ സര്‍ക്കാര്‍ നല്‍കുമെന്നും തൊഴില്‍ വകുപ്പ് അറിയിച്ചിട്ടുണ്ട്.  

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.