പൊതുനിക്ഷേപ ഫണ്ടില്‍ സഹകരിക്കാന്‍ ഖത്തര്‍; പരിഗണനയില്‍ ജര്‍മന്‍ കമ്പനികളും  

ദമ്മാം: ലോകത്തെ ഏറ്റവും മൂല്യമേറിയ ബോണ്ട് വില്‍പനക്ക് പിന്നാലെ സൗദി അറേബ്യയുടെ പൊതുനിക്ഷേപ ഫണ്ടിന്‍െറ ചര്‍ച്ചകളും സജീവമായി. റെക്കോഡ് മൂല്യമായ 1,750 കോടി ഡോളറാണ് ആദ്യ ബോണ്ട് വില്‍പന സമാഹരിച്ചത്. അര്‍ജന്‍റീനയുടെ 1,650 കോടി ഡോളര്‍ ആണ് ഇതുവരെയുണ്ടായിരുന്ന ഏറ്റവും ഉയര്‍ന്ന മൂല്യം. ബോണ്ടിന്‍െറ ചര്‍ച്ചകള്‍ അടങ്ങുന്നതിന് മുമ്പ് തന്നെ നേരത്തെ പ്രഖ്യാപിക്കപ്പെട്ട പബ്ളിക് ഇന്‍വെസ്റ്റ്മെന്‍റ് ഫണ്ടിന് കീഴിലുള്ള ടെക്നോളജി ഫണ്ടിന്‍െറ ആലോചനകളും സജീവമായിട്ടുണ്ട്. സാങ്കേതികവിദ്യ മേഖലയില്‍ ജാപ്പനീസ് സ്ഥാപനമായ സോഫ്റ്റ് ബാങ്കുമായി സഹകരിച്ച് സൗദി അറേബ്യ സ്ഥാപിക്കുന്ന 10,000 കോടി ഡോളറിന്‍െറ ടെക്നോളജി ഫണ്ടില്‍ നിക്ഷേപിക്കാന്‍ ഖത്തര്‍ സന്നദ്ധത പ്രകടിപ്പിച്ചുകഴിഞ്ഞു. ദോഹയില്‍ സന്ദര്‍ശനം നടത്തുന്ന സോഫ്റ്റ്ബാങ്ക് ചെയര്‍മാന്‍ മസായോഷി സോനുമായി ഖത്തര്‍ ഇന്‍വെസ്റ്റ്മെന്‍റ് അതോറിറ്റി അധികൃതര്‍ നടത്തിയ ചര്‍ച്ചയിലാണ് ഈ ധാരണ ഉരുത്തിരിഞ്ഞതെന്ന് ധനകാര്യ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞയാഴ്ച സൗദിയിലത്തെി ടെക്നോളജി ഫണ്ടിന്‍െറ അന്തിമ രൂപം തീരുമാനിച്ചശേഷം വിവിധ ഗള്‍ഫ് രാഷ്ട്രങ്ങള്‍ സന്ദര്‍ശിക്കുകയാണ് സോഫ്റ്റ് ബാങ്ക് ചെയര്‍മാന്‍. ടെക്നോളജി ഫണ്ടില്‍ 2,500 കോടി ഡോളറാകും സോഫ്റ്റ് ബാങ്കിന്‍െറ നിക്ഷേപം. സൗദി പബ്ളിക് ഇന്‍വെസ്റ്റ്മെന്‍റ് ഫണ്ടിന്‍െറ വിഹിതം 4,500 കോടി ഡോളറാണ്. ആദ്യത്തെ അഞ്ചുവര്‍ഷം സോഫ്റ്റ്ബാങ്ക് വിഷന്‍ ഫണ്ട് എന്നാകും ഇത് അറിയപ്പെടുക. 3,000 കോടി ഡോളര്‍ കൂടി മറ്റിടങ്ങളില്‍ നിന്ന് സമാഹരിച്ച് ഫണ്ടിന്‍െറ ശേഷി പരമാവധി എത്തിക്കുകയെന്നതാണ് ഇപ്പോഴത്തെ ലക്ഷ്യം. വരുന്ന ദശകത്തില്‍ സാങ്കേതികരംഗത്ത് ലോകത്തെ ഏറ്റവും വലിയ നിക്ഷേപകരായി ഈ ഫണ്ട് മാറുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ലോകപ്രശസ്ത ധനകാര്യ സ്ഥാപനമായ ഗോള്‍ഡ്മാന്‍ സാക്സ് ആകും പുതിയ ഫണ്ടിന്‍െറ ഉപദേശകരെന്നും റിപ്പോര്‍ട്ടുകളുണ്ട്.
അതിനിടെയാണ് പൊതുനിക്ഷേപ ഫണ്ടിന്‍െറ വിദേശ നിക്ഷേപത്തിനായി ജര്‍മന്‍ ബ്ളൂചിപ്പ് കമ്പനികളെ പരിഗണിക്കുന്നുവെന്ന് ബോര്‍ഡ് അംഗം അഹ്മദ് അല്‍ ഖത്തീബ് സൂചിപ്പിച്ചത്. 2020 ഓടെ ഫണ്ടിന്‍െറ 20 ശതമാനം ആസ്തികള്‍ വിദേശത്ത്  നിക്ഷേപിക്കാനാണ് ആലോചിക്കുന്നത്. 2030 ഓടെ 50 ശതമാനവും വിദേശത്താക്കും. സാമ്പത്തികരംഗത്തെ സ്ഥിരതയില്‍ ഏറ്റവും മുന്നില്‍ ജര്‍മനിയാണ്. അതുകൊണ്ട് തന്നെ ജര്‍മന്‍ ബ്ളൂചിപ്പ് കമ്പനികള്‍ പരിഗണന പട്ടികയിലുണ്ടെന്നും അഹ്മദ് അല്‍ ഖത്തീബ് കൂട്ടിച്ചേര്‍ത്തു. ജര്‍മന്‍ ധനകാര്യ സ്ഥാപനമായ ഡോയിഷ് ബാങ്കില്‍ ഫണ്ട് നിക്ഷേപിക്കുമെന്ന സൂചനയും അദ്ദേഹം നല്‍കി. ‘സൗദി അറേബ്യയില്‍ വന്‍ വിജയമാണ് ഡോയിഷ് ബാങ്ക്. അവരുമായി കൂടുതല്‍ സഹകരണത്തിന് താല്‍പര്യത്തോടെ കാത്തിരിക്കുകയാണ്’ - അദ്ദേഹം പറഞ്ഞു. 
Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.