കൂടുതല്‍ വിദേശ ബാങ്കുകള്‍ക്ക് സൗദി അനുമതി നല്‍കും

റിയാദ്: വിദേശ ബാങ്കുകള്‍ക്ക് രാജ്യത്ത് ശാഖ തുറക്കാനുള്ള നിബന്ധനകള്‍ ലഘൂകരിച്ച് കൂടുതല്‍ സാമ്പത്തിക സ്ഥാപനങ്ങളെ ആകര്‍ഷിക്കാന്‍ സൗദി പദ്ധതി തയാറാക്കിയതായി  ബ്ളൂംബര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു. സ്വകാര്യ മേഖലയിലെ മുതല്‍മുടക്ക് നിക്ഷേപം വര്‍ധിപ്പിക്കുന്നതിന്‍െറ ഭാഗമായാണ് വിദേശ ബാങ്കുകള്‍ക്ക് അനുമതി നല്‍കാനുള്ള തീരുമാനം.
രണ്ടാം കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ പ്രഖ്യാപിച്ച സൗദി വിഷന്‍ 2030ന്‍െറയും ദേശീയ പരിവര്‍ത്തന പദ്ധതി 2020ന്‍െറയും രൂപരേഖയനുസരിച്ചാണ് സ്വകാര്യമേഖലയിലേക്ക് പുതിയ നിക്ഷേപകരെ ആകര്‍ഷിക്കാന്‍ സൗദി അധികൃതര്‍ ശ്രമം നടത്തുന്നത്. സൗദി നിക്ഷേപ ഫണ്ടിന്‍െറ മേധാവിത്വവും അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാനാണ് വഹിക്കുന്നത്. 
വിദേശ ബാങ്കുകള്‍ക്ക് രാജ്യത്തേക്ക് കടന്നുവരാന്‍ നിലവിലുള്ള നിയമങ്ങള്‍ കടമ്പകള്‍ സൃഷ്ടിക്കുന്നതായി സാമ്പത്തിക സഭ നടത്തിയ പഠനത്തില്‍ വ്യക്തമായിരുന്നു. ഈ സാഹചര്യത്തിലാണ് നിബന്ധനകള്‍ ലഘൂകരിക്കാനുള്ള തീരുമാനം കൈക്കൊണ്ടത്.
സൗദി അറേബ്യ മോണിറ്ററി ഏജന്‍സിയും (സാമ) ദേശീയ നിക്ഷേപ ഫണ്ടും സഹകരിച്ചാകും വിദേശ ബാങ്കുകളുമായി ബന്ധപ്പെട്ട നിയമാവലി ലഘൂകരിക്കുക. സൗദി റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ മുതലിറക്കാനും ചെറുകിട സംരംഭങ്ങള്‍ക്ക് വായ്പ അനുവദിക്കാനും വിദേശ ബാങ്കുകള്‍ക്ക് അവസരമൊരുക്കുന്ന കാര്യവും ‘സാമ’യുടെ പരിഗണനയിലുണ്ട്.
 
Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.