ലോകത്തെ ഏറ്റവും വലിയ കപ്പല്‍ശാല റാസ് അല്‍ഖൈറില്‍ വരുന്നു

ദമ്മാം: സൗദി അറേബ്യയുടെ കിഴക്കന്‍തീരത്ത് റാസ് അല്‍ ഖൈറില്‍ കൂറ്റന്‍ കപ്പല്‍നിര്‍മാണശാല വരുന്നു. കപ്പല്‍ ശാലയുടെ രൂപകല്‍പനക്കായി നെതര്‍ലാന്‍റില്‍ നിന്നുള്ള ഹാസ്കോനിങ് ഡി.എച്ച്.വി, ദക്ഷിണ കൊറിയന്‍ കമ്പനിയായ ഹ്യൂണ്ടായ് എന്‍ജിനീയറിങ് ആന്‍റ് കണ്‍സ്ട്രക്ഷന്‍ കമ്പനി എന്നിവ ചേര്‍ന്നുള്ള കണ്‍സോര്‍ഷ്യം സൗദി മന്ത്രാലയയവുമായി കരാറിലത്തെി. 
വലിപ്പമേറിയ കപ്പലുകളുടെ അറ്റകുറ്റപ്പണിക്കും നിര്‍മാണത്തിനും ഉതകുന്ന തരത്തിലുള്ള വിവിധോദ്ദേശ്യ കപ്പല്‍ശാലയാണ് ജുബൈലിന് സമീപത്തെ റാസ് അല്‍ ഖൈറില്‍ ഉയരുന്നത്. വലിയ ചരക്കുകപ്പലുകളുടെ നവീകരണ പ്രവൃത്തികള്‍ പുറംകടലില്‍വെച്ചു തന്നെ നിര്‍വഹിക്കാനുള്ള സംവിധാനവും ഇതിലുണ്ടാകും. പുറംകടല്‍ എണ്ണക്കിണറുകള്‍ക്കും ഈ കപ്പല്‍ശാല സമുച്ചയം  ഉപകാരപ്പെടും. 2021ല്‍ നിര്‍മാണം പൂര്‍ത്തിയാകുമ്പോള്‍ ലോകത്തെ തന്നെ ഏറ്റവും വിസ്തൃതമായ കപ്പല്‍ശാലയായി ഇതുമാറുമെന്നാണ് കണക്കാക്കപ്പെടുന്നത്. ഒപ്പം 80,000 തൊഴില്‍ അവസരങ്ങളും സൃഷ്ടിക്കപ്പെടും. ആഗോളതലത്തില്‍ മത്സരക്ഷമതയുള്ള, ദീര്‍ഘകാലം ഈടുനില്‍ക്കുന്ന, ആദായകരമായ ഒരുസംവിധാനമാകണം പുതിയകാലത്തെ കപ്പല്‍ യാര്‍ഡുകളെന്ന് ഹാസ്കോനിങ് ഡി.എച്ച്.വി പ്രോജക്ട് ഡയറക്ടര്‍ ആഡ്രിയന്‍ അര്‍നോള്‍ഡ് പറഞ്ഞു. ഒറ്റപദ്ധതിയായി നാലുവ്യത്യസ്ത യാര്‍ഡുകളാണ് നിര്‍മിക്കുന്നത്. സൗദിയുടെ സാമ്പത്തിക വളര്‍ച്ചയില്‍ നിര്‍ണായക സംഭാവന നല്‍കാന്‍ ഈ സ്ഥാപനത്തിനാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 
എണ്ണയുടെ ആശ്രിതത്വത്തില്‍ നിന്ന് സമ്പദ്വ്യവസ്ഥയെ മോചിപ്പിച്ച്, ബഹുമുഖ സ്രോതസുകളിലേക്ക് കേന്ദ്രീകരിക്കുകയെന്ന പദ്ധതിയുടെ ഭാഗമാണ് ഇത്. സൗദി അരാംകോക്കാണ് പദ്ധതിയുടെ ആകെ ചുമതല. 
സര്‍വസജ്ജമായ ഏഴു ഡ്രൈഡോക്കുകള്‍, രണ്ടു ബേസിനുകള്‍, അഞ്ചു കടല്‍പ്പാലങ്ങള്‍, കപ്പലുകള്‍ ഉയര്‍ത്താനുള്ള സംവിധാനം, വര്‍ക്ഷോപ്പുകള്‍, വെയര്‍ഹൗസുകള്‍ തുടങ്ങിയവയൊക്കെ ഉള്‍ക്കൊള്ളുന്ന വമ്പന്‍ സമുച്ചയമാണ് റാസ് അല്‍ ഖൈറില്‍ അഞ്ചുവര്‍ഷം കൊണ്ട് വരിക. ഇതിനൊപ്പം ഓഫീസ് കെട്ടിടങ്ങളും 10,000 ജീവനക്കാര്‍ക്കുള്ള താമസ സൗകര്യവും വിനോദമേഖലയും സ്ഥാപിക്കും. 
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.