വീട്ടുവേലക്കാരെ വില്‍ക്കുന്നവര്‍ക്ക് പത്ത് ലക്ഷം റിയാല്‍ പിഴ; 15 വര്‍ഷം തടവ്

റിയാദ്: വീട്ടുവേലക്കാരെ വില്‍പന നടത്തുകയോ അനധികൃതമായി വാടകക്ക് നല്‍കുകയോ അതിന് മധ്യസ്ഥം വഹിക്കുകയോ ചെയ്യുന്നവര്‍ക്ക് കടുത്ത ശിക്ഷ ലഭിക്കുമെന്ന് സൗദി തൊഴില്‍, സാമൂഹ്യക്ഷേമ മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. തൊഴില്‍ മന്ത്രാലയം ഏര്‍പ്പെടുത്തിയ ‘മുസാനിദ്‘ സംവിധാനത്തിലൂടെയല്ലാതെ വീട്ടുവേലക്കാരെ കൈമാറ്റം ചെയ്യുകയോ താല്‍ക്കാലിക കാലത്തേക്ക് വാടകക്ക് നല്‍കുകയോ ചെയ്യുന്നവര്‍ക്ക് 15 വര്‍ഷം തടവോ പത്ത് ലക്ഷം റിയാല്‍ പിഴയോ രണ്ടും ഒന്നിച്ചോ ശിക്ഷ നല്‍കുമെന്ന് തൊഴില്‍ മന്ത്രാലയത്തിലെ പരിശോധന വിഭാഗം അണ്ടര്‍സെക്രട്ടറി ഡോ. മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍ഫാലിഹ് പറഞ്ഞു.
റമദാന്‍ അടുത്തുവരുന്ന സന്ദര്‍ഭത്തില്‍ തൊഴില്‍ വിപണിയില്‍ വീട്ടുവേലക്കാര്‍ക്ക് ആവശ്യക്കാര്‍ വര്‍ധിച്ച സാഹചര്യം ഉപയോഗപ്പെടുത്താന്‍ വേലക്കാരെ വിതരണം ചെയ്യുന്ന സ്ഥാപനങ്ങളും വ്യക്തികളും പത്രങ്ങളിലും ഇതര മാധ്യമങ്ങളിലും പരസ്യം ചെയ്ത പശ്ചാത്തലത്തിലാണ് മന്ത്രാലയത്തിന്‍െറ മുന്നറിയിപ്പ്. ഇത്തരം പരസ്യങ്ങളുടെ സ്രോതസുകളും നിയമസാധുതയും അന്വേഷിക്കാന്‍ പബ്ളിക് പ്രോസിക്യൂട്ടര്‍ക്ക് കൈമാറുന്നതിന് പൊതുസുരക്ഷ വിഭാഗവും തൊഴില്‍ മന്ത്രാലയവും തമ്മില്‍ ധാരണയിലായിട്ടുണ്ടെന്നും മന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കി.
മുഖ്യമായും മൂന്ന് സാഹചര്യങ്ങള്‍ പരിഗണിച്ചാണ് അനധികൃത വേലക്കാരുടെ കാര്യത്തില്‍ വിധി കല്‍പിക്കുക. വേലക്കാരെ ചൂഷണം ചെയ്ത് തൊഴിലുടമയോ സ്ഥാപനമോ ഇടനിലക്കാരോ വേലക്കാരെ കൈമാറ്റം ചെയ്യുകയും വാടകക്ക് നല്‍കുകയും ചെയ്യുന്ന സാഹചര്യത്തില്‍ മനുഷ്യക്കടത്തിന്‍െറയും കച്ചവടത്തിന്‍െറ ഗണത്തില്‍ ഉള്‍പ്പെടുത്തി പരമാവധി ശിക്ഷ നല്‍കും. 15 വര്‍ഷം തടവും പത്ത് ലക്ഷം റിയാലും പിഴയുമാണ് ഇതിന് ശിക്ഷ. തൊഴിലുടമ തൊഴിലാളിയെ ചൂഷണം ചെയ്യാത്ത സാഹചര്യത്തിലും തൊഴിലാളി ഒളിച്ചോടിയതല്ലാത്ത അവസ്ഥയിലും വീട്ടുവേലക്കാരുടെ നിയമാവലയില്‍ പറഞ്ഞ നിയമലംഘനത്തിനാണ് കേസ് എടുക്കുക. ഒളിച്ചോടിയ തൊഴിലാളി സ്വന്തം ഉത്തരവാദിത്തത്തില്‍ പുറത്ത് ജോലി ചെയ്യുന്ന സാഹചര്യത്തില്‍ ഇഖാമ നിയമലംഘനമനുസരിച്ചാണ് കേസ് എടുക്കുക എന്നും ഡോ. അല്‍ഫാലിഹ് വിശദീകരിച്ചു.
വീട്ടുവേലക്കാരെ റിക്രൂട്ട് ചെയ്യാനോ താല്‍കാലിക കാലത്തേക്ക് വാടകക്ക് എടുക്കാനോ ഉദ്ദേശിക്കുന്ന സ്വദേശികളും വിദേശികളും മന്ത്രാലയം ഏര്‍പ്പെടുത്തിയ ‘മുസാനിദ്’ സംവിധാനം വഴിയാണ് നടപടികള്‍ പൂര്‍ത്തിയാക്കേണ്ടത്. വിശദീകരണം ആവശ്യമുള്ളവര്‍ക്ക് മന്ത്രാലയത്തിന്‍െറ 19911 എന്ന നമ്പര്‍ വഴിയോ www.mol.gov.sa  എന്ന വെബ്സൈറ്റ് മുഖേനയോ ബന്ധപ്പെടാവുന്നതാണ്. പൊതുസുരക്ഷയുമായി ബന്ധപ്പെട്ട പരാതികള്‍ക്ക് 989 എന്ന നമ്പറിലും ബന്ധപ്പെടാം.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.