ജിദ്ദ: ടെലിഫോണ്‍, വിവര സാങ്കേതിക മേഖലകളില്‍ സ്വദേശിവത്കരണം നടപ്പാക്കുന്ന പദ്ധതി ബന്ധപ്പെട്ട വകുപ്പുകളുമായി സഹകരിച്ചു പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്ന് ടെലിഫോണ്‍ വിവര സാങ്കേതിക വകുപ്പ് മന്ത്രി ഡോ. മുഹമ്മദ് ബിന്‍ ഇബ്രാഹീം അല്‍സുവൈല്‍ പറഞ്ഞു. വിവര സാങ്കേതിക മന്ത്രാലയം, തൊഴില്‍ വകുപ്പ്, വാണിജ്യം, നഗരസഭ എന്നിവയുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. സ്വദേശികള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ നല്‍കുക ലക്ഷ്യമിട്ടാണ് മൊബൈല്‍ ടെലിഫോണ്‍, മേഖലകളില്‍ സ്വദേശിവത്കരണം നടപ്പാക്കുന്നത്. ദേശീയാടിസ്ഥാനത്തില്‍ പ്രധാന മേഖലകളിലൊന്നാണിത്. ആരോഗ്യം വിദ്യാഭ്യാസം, വാണിജ്യം, മീഡിയ തുടങ്ങിയ മേഖലകളുമായും ഇവക്ക് നേരിട്ട് ബന്ധമുണ്ടെന്നും മന്ത്രി പറഞ്ഞു.
മൊബൈല്‍ ഫോണ്‍ രംഗത്ത് സ്വദേശിവത്കരണം ഊര്‍ജ്ജിതമാക്കാനാവശ്യമായ പ്രോത്സാഹനങ്ങളും സഹായങ്ങളും മന്ത്രാലയം നല്‍കുന്നുണ്ട്. പരിശീലന പരിപാടികള്‍ നടപ്പാക്കിവരികയാണ്.
ഏതൊക്കെ ജോലികളില്‍ സ്വദേശിവത്കരണം നടപ്പാക്കണമെന്നും നിര്‍ണയിച്ചിട്ടുണ്ട്. അതിനനുസരിച്ച് മുന്‍ഗണന ക്രമത്തില്‍ നടപടികളുമായി മുന്നോട്ടുപോകുമെന്നും മന്ത്രി പറഞ്ഞു. സ്വദേശിവത്കരണം നടപ്പാക്കുന്നതിന് നിശ്ചയിച്ച സമയപരിധി ആദ്യഘട്ടം അവസാനിക്കാന്‍ ഏകദേശം ഒരു മാസം ബാക്കി നില്‍ക്കെ നടപടികള്‍ കൂടുതല്‍ ഊര്‍ജ്ജിതമാക്കാന്‍ നീക്കം തുടങ്ങിയിട്ടുണ്ട്. ജൂണിന് മുമ്പായി 50 ശതമാനവും സെപ്റ്റംബറിനുള്ളില്‍ 100 ശതമാനവും സ്വദേശി ജീവനക്കാരായിരിക്കണമെന്നാണ് നിയമം. പ്രഖ്യാപനം വന്നതു മുതല്‍ സ്വദേശിവത്കരണത്തിനുള്ള നടപടികള്‍ തൊഴില്‍ മന്ത്രാലയം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. സ്വദേശികളായ യുവതീ യുവാക്കളില്‍ നിന്ന് അപേക്ഷകള്‍ സ്വീകരിക്കുകയും വിവിധ മേഖലകളിലെ സാങ്കേതിക തൊഴില്‍ പരിശീലന കേന്ദ്രങ്ങളില്‍ മൊബൈല്‍ ഫോണ്‍ വില്‍പന, റിപ്പയറിങ് മേഖലകളില്‍ പരിശീലനം നല്‍കുന്ന ജോലികള്‍ തുടങ്ങുകയും ചെയ്തിട്ടുണ്ട്. നിരവധി സ്വദേശികള്‍ ഇതിനം പരിശീലനം പൂര്‍ത്തിയാക്കി. നിശ്ചിത സമയപരിധിക്ക് മുമ്പായി സ്വദേശികളെ നിയമിക്കാനുള്ള ശ്രമത്തിലാണ് പല മൊബൈല്‍ കടയുടമകളും. ആവശ്യമായ സ്വദേശി ജോലിക്കാരെ ലഭിക്കാത്തത് പലരേയും പ്രയാസപ്പെടുത്തുന്നുണ്ട്. സ്വദേശിവത്കരണത്തിന് നിശ്ചയിച്ച സമയപരിധി അടുക്കുന്നതോടെ വിദേശികളായ തൊഴിലാളികളും ആശങ്കയിലാണ്. മൊബൈല്‍ വില്‍പന, റിപ്പയറിങ് രംഗത്ത് ആയിരക്കണക്കിന് വിദേശികളാണ് ജോലി ചെയ്തുവരുന്നത്. നിശ്ചയിച്ച സമയപരിധി കഴിഞ്ഞാല്‍ വിദേശികളായ തൊഴിലാളികളെ മൊബൈല്‍ കടകളില്‍ ജോലി ചെയ്യാനനുവദിക്കില്ളെന്നും നിയമലംഘകര്‍ക്കെതിരെ ശിക്ഷ നടപടികളുണ്ടാകുമെന്നും മന്ത്രാലയം നേരെത്തെ വ്യക്തമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.