ടാക്സി ഡ്രൈവര്‍മാരുടെ റിക്രൂട്ടിങ് നിര്‍ത്തിവെക്കാന്‍ തീരുമാനം

ജിദ്ദ: ഗതാഗത മേഖല സ്വദേശിവത്കരിക്കാനുള്ള നടപടികള്‍ ആരംഭിച്ചതായി സൗദി തൊഴില്‍ മന്ത്രാലയവും ഗതാഗത മന്ത്രാലയവും അറിയിച്ചു. ഇതുസംബന്ധമായി ഇരുമന്ത്രാലയങ്ങളും തമ്മില്‍ കരാറിലത്തെിയതായി പ്രാദേശിക മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. ഗതാഗത തൊഴിലുകളില്‍ സ്വദേശിവത്കരണം ഏര്‍പ്പെടുത്തുന്നതിന്‍െറ മുന്നോടിയായി ഈ മേഖലയിലെ തൊഴിലുകളെ വിവിധ ഗണങ്ങളില്‍ ഉള്‍പ്പെടുത്തി വേര്‍തിരിക്കും. ആഭ്യന്തര ഗതാഗതം, അന്താരാഷ്ട്ര ഗതാഗതം, ആഭ്യന്തര ചരക്ക് നീക്കം, അന്താരാഷ്ട്ര ചരക്ക് നീക്കം തുടങ്ങി വിവിധ വിഭാഗങ്ങളാക്കിയാണ് തിരിച്ചിരിക്കുന്നത്. 
പൊതു ടാക്സി ഡ്രൈവര്‍ വിഭാഗത്തിലേക്ക് തൊഴില്‍ മന്ത്രാലയത്തിന്‍െറ വിസ നിയന്ത്രണം നിലവിലുണ്ടെങ്കിലും ഇനിമുതല്‍ ഈ വിഭാഗത്തിലേക്ക് വിസ അനുവദിക്കില്ല. ടാക്സി വിഭാഗവുമായി ബന്ധപ്പെട്ട തൊഴില്‍ വിപണിയുടെ സാധ്യത പഠനം തൊഴില്‍ മന്ത്രാലയ നടത്തും. നിവലില്‍ ടാക്സി സ്ഥാപനം നടത്താന്‍ അനുമതി ലഭിച്ചിട്ടുള്ള സ്ഥാപനങ്ങളുടെ വാഹനങ്ങള്‍ക്കും മറ്റുമായ അപേക്ഷകളും കൂടുതല്‍ പഠനങ്ങള്‍ക്ക് വിധേയമാക്കും. ആഭ്യന്തര ബസ് സര്‍വീസുകളിലെയും ചരക്ക് സര്‍വീസുകളിലെയും തൊഴിലുകളില്‍ സ്വദേശിവത്കരണത്തിന് പുതിയ പദ്ധതികള്‍ ആവിഷ്ക്കരിക്കുന്നുണ്ട്. 
ഇത്തരം സ്ഥാപനങ്ങളുടെ ലൈസന്‍സ് നിയമങ്ങളും മറ്റും ഗതാഗത മന്ത്രാലയം പരിഷ്കരിക്കും. ടാക്സി മേഖലയില്‍ തൊഴില്‍ മന്ത്രാലയത്തിന്‍െറ നിതാഖാത് പദ്ധതി പരിഷ്കരിച്ച് പുതിയ നിയമം കൊണ്ടുവരാനാണ് തൊഴില്‍ മന്ത്രാലയത്തിന്‍െറ തീരുമാനം.
 ഇതോടെ ടാക്സി വിഭാഗം ഗതാഗത മന്ത്രാലയത്തിന്‍െറ കീഴില്‍ വരും. അതോടൊപ്പം നഗരങ്ങള്‍ക്കിടയിലും സൗദിക്ക് പുറത്തേക്കും സര്‍വീസ് നടത്തുന്ന പൊതു ബസുകളിലും ചരക്ക് വാഹനങ്ങളിലും ജോലിചെയ്യുന്നതിന് രണ്ടുവീതം പൊതുഡ്രൈവര്‍ വിസകള്‍ നല്‍കുമെന്നും മന്ത്രാലയം അറിയിച്ചു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.