മൊബൈല്‍ കടകളില്‍ പരിശോധന തുടരുന്നു; 988 കടകള്‍ പൂട്ടി 

റിയാദ്: സൗദികളെ നിയമിക്കാത്ത 988 മൊബൈല്‍ കടകള്‍ തൊഴില്‍ മന്ത്രാലയം അടച്ചു പൂട്ടി. തീരുമാനം നടപ്പാക്കുന്നതില്‍ ഭാഗികമായ വീഴ്ച വരുത്തിയ 461 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. കടകളില്‍ 50 ശതമാനം ജീവനക്കാര്‍ സൗദികളായിരിക്കണമെന്നാണ് നിയമം. റമദാന്‍ ഒന്നുമുതലാണ് ഇത് പ്രാബല്യത്തില്‍ വന്നത്. ഏറ്റവും കൂടുതല്‍ ക്രമക്കേടുകള്‍ കണ്ടത്തെിയത് ദമ്മാമിലാണ്. 502 കടകളിലാണ് സ്വദേശിവത്കരണവുമായി ബന്ധപ്പെട്ട നിയമലംഘനങ്ങള്‍ ദമ്മാമില്‍ പിടികൂടിയത്. റിയാദില്‍ 210 നിയമ ലംഘനങ്ങള്‍ പിടികൂടി. 8002 കടകളില്‍ നിയമപ്രകാരം 50 ശതമാനം സ്വദേശികളെ നിയമിച്ചതായി പരിശോധനയില്‍ വ്യക്തമായി. കിഴക്കന്‍ പ്രവിശ്യയില്‍ 26 ശതമാനം സ്ഥാപനങ്ങള്‍ തൊഴില്‍ വകുപ്പിന്‍െറ ഉത്തരവ് പ്രകാരം നിയമം പാലിച്ചിട്ടുണ്ട്. റിയാദില്‍ ഇത് 17 ഉം അല്‍ഖസീമില്‍ 12ഉം ശതമാനമാണ്. 
റമദാന്‍ ഒന്നിനാണ് മൊബൈല്‍ കടകളില്‍ നാലു മന്ത്രാലയങ്ങള്‍ സംയുക്തമായി പരിശോധന തുടങ്ങിയത്. ത്വാഇഫില്‍ 49 കടകള്‍ക്കെതിരെയാണ് നടപടിയെടുത്തത്. 9813 കടകളിലാണ് കഴിഞ്ഞ 20 ദിവസത്തിനുള്ളില്‍ അധികൃതര്‍ പരിശോധന നടത്തിയത്. തൊഴില്‍ വകുപ്പ്, ടെലികോം, മാനവ വിഭവശേഷി, വാണിജ്യം എന്നീ നാലു വകുപ്പുകള്‍ ചേര്‍ന്നാണ് പരിശോധന നടത്തുന്നത്. പൊലീസ് സഹായത്തോടെയാണ് ഉദ്യോഗസ്ഥര്‍ എത്തുന്നത്. സെപ്റ്റംബര്‍ മുതല്‍ മൊബൈല്‍ കടകളിലെ മുഴുവന്‍ ജീവനക്കാരും സൗദികളാവണമെന്നാണ് നിയമം. തീരുമാനവുമായി മുന്നോട്ടുപോകുമെന്ന് അധികൃതര്‍ ആവര്‍ത്തിച്ചു. കിഴക്കന്‍ പ്രവിശ്യ 2359, റിയാദ് 1625, ഖസീം 1118, മക്ക 989, അസീര്‍ 889, മദീന 841 എന്നിങ്ങനെയാണ് പരിശോധന നടന്ന സ്ഥാപനങ്ങളുടെ എണ്ണം. മൊബൈല്‍ കടകളില്‍ സൗദിവത്കരണം ഏര്‍പ്പെടുത്തുന്നതില്‍ വീഴ്ച വരുത്തുന്നത് ശ്രദ്ധയില്‍പെട്ടാല്‍ അറിയിക്കണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു. www.rasd.ma3an.gov.sa എന്ന വെബ്സൈറ്റിലോ 19911 എന്ന ടോള്‍ ഫ്രീ നമ്പറിലോ പരാതി അറിയിക്കാം. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.