റിയാദ് വിമാനത്താവളത്തില്‍ 32 ഇഞ്ചില്‍ കൂടുതലുള്ള ടി.വി കൊണ്ടുപോകുന്നതിന് വിലക്ക്

റിയാദ്: കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ 32 ഇഞ്ചില്‍ കൂടുതലുള്ള ടി.വി സെറ്റുകള്‍ക്കും വലിയ ലഗേജുകള്‍ക്കും വിലക്ക്. എയര്‍പോര്‍ട്ട് അതോറിറ്റിയുടെതാണ് തീരുമാനം. ഇതറിയാതെ ടി.വി സെറ്റുകളുമായി എത്തുന്നവര്‍ പലരും നിരാശയോടെ മടങ്ങുന്നത് പതിവാകുന്നു. വിമാനത്താവളത്തിന്‍െറ കൗണ്ടറുകള്‍ നവീകരിച്ചതിന് ശേഷമാണ് ഈ തീരുമാനം നിലവില്‍ വന്നത്. നേരത്തേ ടെര്‍മിനലിന് പുറത്ത് ലഗേജുകള്‍ സ്കാന്‍ ചെയ്ത് ലിഫ്റ്റു വഴി നേരെ ബാഗേജ് മേക്കപ്പിങ് ഏരിയയിലേക്ക് കൊണ്ടുപോകാറായിരുന്നു പതിവ്. അവിടെ നിന്ന് അതത് വിമാന കമ്പനികള്‍ ലഗേജുകള്‍ എടുത്ത് വിമാനത്തിലേക്ക് കയറ്റുകയും ചെയ്തിരുന്നു. എന്നാല്‍ നവീകരണത്തിന് ശേഷം ഈ സംവിധാനം ഉപേക്ഷിച്ചു. ലഗേജുകള്‍ കൊണ്ടുപോകുന്ന പുതിയ കണ്‍വേയര്‍ ബെല്‍റ്റിന്‍െറ വിസ്താരം ചുരുങ്ങിയതാണ് കാരണമായി പറയുന്നു. 32 ഇഞ്ചില്‍ കൂടുതലുള്ള ടി.വി സെറ്റുകള്‍ ഈ കണ്‍വേയര്‍ ബെല്‍റ്റ് വഴി കൊണ്ടുപോകാനാവില്ല. ഇക്കാരണത്താലാണ് എയര്‍പോര്‍ട്ട് അതോറിറ്റി വിലക്കേര്‍പ്പെടുത്തിയത്. 32 ഇഞ്ച് ടി.വി സെറ്റുകള്‍ തന്നെ കമ്പനി പാക്കിങ് ആണെങ്കില്‍ മാത്രമേ സ്വീകരിക്കുന്നുള്ളൂ. സാധാരണ രീതിയില്‍ പ്രവാസികള്‍ ടി.വിയുടെ കവര്‍ പൊട്ടിച്ച് അതില്‍ ബ്ളാങ്കറ്റും മറ്റും വെക്കാറുണ്ട്. പിന്നീട് സ്വന്തം നിലയില്‍ ടാപ് ഒട്ടിച്ചാണ് കൊണ്ടുപോകാറുള്ളത്. ഈ രീതിയില്‍ പാക് ചെയ്താലും കടത്തി വിടില്ളെന്ന് എയര്‍ഇന്ത്യയുടെ എയര്‍പോര്‍ട്ട് ഡ്യൂട്ടി മാനേജര്‍ സിറാജ് ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു.
ജിദ്ദ, ദമ്മാം വിമാനത്താവളത്തില്‍ നിലവില്‍ ടി.വി കൊണ്ടുപോകുന്നതിന് തടസ്സങ്ങളില്ല. ഇതിന് പുറമെ ലഗേജ് കയര്‍ കൊണ്ട് കെട്ടി കൊണ്ടുപോകുന്നതിനും അധികൃതര്‍ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ഈ വിലക്ക് സൗദിയിലെ എല്ലാ വിമാനത്താവളങ്ങളിലുമുണ്ട്. കയര്‍ കണ്‍വേയര്‍ ബെല്‍റ്റില്‍ കുടുങ്ങി മെഷീന്‍ കേടാവുന്നതുകൊണ്ടാണിത്.
ഇതിന് പുറമെ കയറുകൊണ്ട് കെട്ടിയ ലഗേജില്‍ കൈകൊണ്ട് പിടിക്കാന്‍ വേണ്ടി യാത്രക്കാര്‍ പ്രത്യേക കെട്ടിടാറുണ്ട്. വിമാനത്തിലേക്ക് ലഗേജ് കൊണ്ടുപോകുന്ന ഘട്ടത്തില്‍ ഈ കെട്ടുകള്‍ പ്രയാസം സൃഷ്ടിക്കുന്നതിനാല്‍ ഈ തീരുമാനം വിമാന കമ്പനികള്‍ക്കും ആശ്വാസമാണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.