പഴമയോടെ ബദ്ര്‍ താഴ് വര

യാമ്പു: റമദാന്‍ 17 ഇസ്ലാമിക ചരിത്രത്തില്‍ സുപ്രധാനമായ അധ്യായമായ ബദ്ര്‍ യുദ്ധത്തിന് സാക്ഷ്യം വഹിച്ച ദിനമാണ്.  മനുഷ്യചരിത്രത്തില്‍ ഏറ്റവും ശ്രദ്ധേയമായ പോരാട്ടം നടന്ന ഈ സ്ഥലം യാമ്പുവില്‍ നിന്നും 90 കിലോമീറ്റര്‍ അകലെയാണ്. മലകളാല്‍ ചുറ്റപ്പെട്ട  ബദ്ര്‍  പ്രദേശം ഇന്നും അതിന്‍െറ പഴമ നിലനിര്‍ത്തി സംരക്ഷിക്കപ്പെടുന്നു. ഈത്തപ്പനകള്‍ വിളഞ്ഞു നില്‍ക്കുന്ന ഈ പ്രദേശത്തേക്ക് കടന്ന് ചെല്ലുമ്പോള്‍ തന്നെ ഒരു മൂകത അനുഭവപ്പെടും. ഇസ്ലാമിന്‍െറയും അതിനെ പ്രതിനിധാനം ചെയ്യുന്ന സമൂഹത്തിന്‍െറയും രാഷ്ട്രത്തിന്‍േറയും നിലനില്‍പ്പ് ഉറപ്പുവരുത്തിയ സമരമായിരുന്നു ബദ്ര്‍.

1435  വര്‍ഷം മുമ്പ് നടന്ന സംഭവത്തിന്‍െറ ചരിത്ര ശേഷിപ്പുകള്‍ കാണാന്‍ ഇപ്പോള്‍  അധികൃതര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ബദര്‍ രക്തസാക്ഷികളുടെ  ഖബറിടങ്ങളുടെ ചാരത്തു ചെല്ലാന്‍  സന്ദര്‍ശകര്‍ക്ക്  അടുത്തകാലം വരെ അനുവാദം നല്‍കിയിരുന്നു. വിദേശികളായ തീര്‍ഥാടകരുടെ അമിതമായ ആവേശവും പുത്തന്‍ ആചാരവും നിമിത്തം  ഇപ്പോള്‍ ചുറ്റു മതിലിനടുത്തു നിന്ന് മാത്രമേ ബദ്ര്‍ രക്തസാക്ഷികളുടെ ഖബറിടങ്ങള്‍ കാണാന്‍ സാധിക്കൂ. ഹജ്ജിനും ഉംറക്കും വരുന്ന തീര്‍ത്ഥാടകര്‍ക്ക് സന്ദര്‍ശനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും സൗദിയിലുള്ള ആളുകള്‍ അവധി ദിനങ്ങളിലും മറ്റും ബദ്ര്‍ സന്ദര്‍ശനം നടത്തുന്നു. 

മുഹമ്മദ് നബി മക്കയില്‍പതിമൂന്ന് വര്‍ഷം ഇസ്ലാമിക പ്രബോധനം നടത്തി. മക്കയിലെ അന്നത്തെ ഗോത്രത്തലവന്മാര്‍ക്ക് അതൊട്ടും ഇഷ്ടപ്പെട്ടില്ല. പ്രവാചകനെയും അനുയായികളെയും കഠിന മായി മര്‍ദ്ദിച്ചു. സാധ്യമാകുന്നതിലപ്പുറം  എല്ലാം സഹിച്ചും ക്ഷമിച്ചും കഴിഞ്ഞു. അവസാനം  ദൈവ കല്‍പനപ്രകാരം  മുഹമ്മദ്  നബിയും സഖാക്കളും യസ്രിബിലേക്കു  പലായനം  ചെയ്തു. മുഹമ്മദ് നബി അവിടെയത്തെിയപ്പോള്‍ യസ്രിബ് പ്രവാചക നഗരം  എന്നര്‍ഥമുള്ള   മദീനത്തുന്നബിയായി മാറി. അവിടെ ഇസ്ലാമിക രാഷ്ട്രം രൂപം കൊണ്ടു.

ഇതില്‍ അരിശം  പൂണ്ട മക്കയിലെ ഖുറൈശികൂട്ടം മദീനയെ തകര്‍ക്കാന്‍ ഗൂഢ പദ്ധതികള്‍ മെനഞ്ഞു. വിവരമറിഞ്ഞ പ്രവാചകന്‍ അവരെ നേരിടാനൊരുങ്ങി. അതാണ് ബദ്ര്‍ യുദ്ധത്തിന് നിമിത്ത മായത്. ഇസ്ലാമിക ചേരിയിലെ മൂന്നിരട്ടിയിലേറെയായിരുന്നു ശത്രുക്കള്‍. ആയുധ ബലവും കൂടുതല്‍ ഖുറൈശിക്കൂട്ടത്തിനായിരുന്നു. എന്നിട്ടും നിഷ്പ്രയാസം പ്രവാചകനും  അനുയായികളും വിജയം   വരിച്ചു.   ഓരോ റമദാന്‍ കടന്ന് വരുമ്പോഴും ബദ്ര്‍ പോരാട്ടചരിത്രം   മുസ്ലിം ലോകം  അനുസ്മരിക്കുന്നു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.