ഇന്ന് വായനാദിനം: മായുന്നില്ല; നേരുകളുടെ നടവഴിയിലെ ഈ കത്ത്

അബൂദബി: ഷെമിയുടെ ‘നടവഴിയിലെ നേരുകള്‍’ പ്രസിദ്ധീകരിച്ചിട്ട് ഒരു വര്‍ഷമാകുന്നു. ഇതിനകം എട്ട് പതിപ്പുകളിറങ്ങി, പതിനായിരത്തിലധികം കോപ്പികള്‍ വിറ്റുപോയി. നോവല്‍ വായിച്ച നൂറുകണക്കിന് വായനക്കാരാണ് ഫോണിലൂടെയും ഇ-മെയിലിലൂടെയും നേരിട്ടും അഭിനന്ദനമറിയിച്ചത്, വായനാനുഭവം എഴുത്തുകാരിയുമായി പങ്കുവെച്ചത്. ഓരോ പ്രതികരണങ്ങളും ഷെമിക്ക് വിലപ്പെട്ടതായിരുന്നു. അപ്പോഴും അവയ്ക്കിടയില്‍നിന്ന് തപാല്‍ വഴി ഒമാനില്‍നിന്നത്തെിയ ഒരു കത്ത് അവര്‍ ഹൃദയത്തോട് ഏറെ ചേര്‍ത്ത് നിര്‍ത്തുന്നു.
ഒമാനില്‍ ജോലിചെയ്യുന്ന ഇന്ദു വിനോദ്ലാല്‍ ആണ് കത്തെഴുത്തുകാരി. വ്യക്തിപരമായ ഒരു വായനാനുഭവമാണ് ഈ എഴുത്തെങ്കിലും നിരൂപണത്തിന്‍െറ മുദ്രകള്‍ പലയിടങ്ങളിലായി ചിതറിക്കിടക്കുന്നു. 
‘നടവഴിയിലെ നേരുകള്‍’ നോവല്‍ ഇന്ദുവിന്‍െറ കൈയിലത്തെിയതിനെ കുറിച്ചുള്ള വിവരണമാണ് ഈ കത്തിനെ ഏറെ ആകര്‍ഷകമാക്കുന്നത്. ഒരിക്കല്‍ നാട്ടിലേക്കുള്ള യാത്രയില്‍ തിരുവനന്തപുരം വിമാനത്താവളത്തിലെ പുസ്തകശാലയില്‍ പുസ്തകം വാങ്ങാനത്തെിയതായിരുന്നു ഇന്ദു. കുറച്ചു പുസ്തകങ്ങളെടുത്ത് ബില്‍ ചെയ്യാനത്തെിയപ്പോള്‍ പുസ്തകശാലയിലെ വില്‍പനക്കാരന്‍ ‘നടവഴിയിലെ നേരുകള്‍’ എടുത്തുനല്‍കി. 
വ്യത്യസ്തമായ വായനാനുഭവമാണെന്ന് പറഞ്ഞ് ആ യുവാവ് പുസ്തകം വാങ്ങാന്‍ ഇന്ദുവിനെ നിര്‍ബന്ധിച്ചപ്പോള്‍ അവര്‍ പുറചട്ടകളിലൂടെ കണ്ണോടിച്ചു, പിന്‍വശത്തെ കുറിപ്പ് വായിച്ചു, വെറുതെയൊന്ന് മറിച്ചുനോക്കി. പക്ഷേ, വാങ്ങേണ്ട എന്നാണ് മനസ്സ് പറഞ്ഞത്. 
പുസ്തകം തിരികെ കൊടുത്തെങ്കിലും യുവാവ് വിട്ടില്ല. അങ്ങനെ മനസ്സില്ലാമനസ്സോടെ എടുത്ത് ബില്‍ ചെയ്തപ്പോള്‍ മൊത്തം വില ആയിരത്തിലധികം രൂപയായി. കൈയില്‍ ആയിരം രൂപ മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നതിനാല്‍ ‘നടവഴിയിലെ നേരുകള്‍’ വീണ്ടും തിരിച്ചു നല്‍കി. വേറെയേതെങ്കിലും പുസ്തകം ഒഴിവാക്കിയാല്‍ പോരേയെന്നായി വില്‍പനക്കാരന്‍. എന്നാല്‍, അങ്ങനെ ചെയ്യാന്‍ തോന്നിയില്ല. തുടര്‍ന്ന് ബാഗ് അരിച്ചുപെറുക്കിയെങ്കിലും 18 രൂപയുടെ കുറവ്. അപ്പോള്‍ വില്‍പനക്കാരനുണ്ട് തന്‍െറ കീശയില്‍നിന്ന് 18 രൂപയെടുത്ത് ഇന്ദു നല്‍കിയ പണത്തോടൊപ്പം ചേര്‍ത്ത് ബില്‍ ചെയ്യുന്നു. എന്നിട്ട് ചിരിച്ചുകൊണ്ട് പറഞ്ഞു-
 ‘ഈ പുസ്തകം ഇഷ്ടപ്പെട്ടില്ളെങ്കില്‍ മാത്രം ഇനി വരുമ്പോള്‍ 18 രൂപ എനിക്ക് തിരിച്ചുതന്നാല്‍ മതി’. നോവല്‍ വായിച്ച താന്‍ ആ വില്‍പനക്കാരനെ നന്ദിയോടെ ഓര്‍ക്കുകയാണെന്ന് ഇന്ദു കത്തില്‍ കുറിക്കുന്നു. 
ഇന്ദുവിന്‍െറ എഴുത്തിനോടൊപ്പം തന്നെ മറ്റു പല വായനാനുഭവ കത്തുകളും ഷെമിക്ക് പ്രിയപ്പെട്ടതാണ്. കഴിഞ്ഞ വര്‍ഷം ആറാം ക്ളാസിലായിരുന്ന ഷെമിയുടെ മകള്‍ ഇഷ ഒരു എഴുത്തുമായാണ് സ്കൂള്‍ വിട്ട് വന്നത്.
 ‘നടവഴിയിലെ നേരുകള്‍’ വായിച്ച ഇഷയുടെ അധ്യാപിക ഷെമിക്ക് നല്‍കാന്‍ കൊടുത്തുവിട്ടതായിരുന്നു ആ എഴുത്ത്. ഇത്തരത്തില്‍ ‘നടവഴിയിലെ നേരുകള്‍’ തനിക്ക് നല്‍കിയ ബന്ധങ്ങളോരുന്നും വിലമതിക്കാനാവാത്തതാണെന്ന് ഷെമി പറയുന്നു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.