???????? ?????? ??????????? ??????

അവരുടെ പെരുന്നാള്‍ ലേബര്‍  ക്യാമ്പിലെ അടച്ചിട്ട മുറികളില്‍

ജിദ്ദ: അവരുടെ പെരുന്നാള്‍ ലേബര്‍ ക്യാമ്പിലെ അടച്ചിട്ട മുറികളില്‍ തന്നെ കഴിച്ചു കുട്ടുകയല്ലാതെ നിവൃത്തിയില്ല. കൈയില്‍ ഒന്നുമില്ല. പെരുന്നാളായിട്ടുപോലും ചില്ലിക്കാശ് നാട്ടിലേക്കയക്കാന്‍ സാധിച്ചിട്ടില്ല. അഞ്ചു മാസത്തെ ശമ്പളം കിട്ടാനുണ്ട്. അതെന്ന് കിട്ടുമെന്ന് ഒരു നിശ്ചയവുമില്ല. ശമ്പളം ചോദിച്ച്  സ്ഥിരമായി ബഹളമുണ്ടാക്കിയതോടെ പത്ത് ദിവസം മുമ്പ്  കമ്പനി ഓഫിസ് തന്നെ തല്‍ക്കാലം പൂട്ടി. ഇനി പെരുന്നാളും അവധിയുമെല്ലാം കഴിഞ്ഞ് തുറക്കും. താമസസ്ഥലത്ത് കുടിവെള്ളമില്ലാതായിട്ട് നാല് ദിവസമായി. സന്നദ്ധ സംഘടനകള്‍ ഭക്ഷണക്കിറ്റുകള്‍ എത്തിച്ചു തന്നിട്ടുണ്ട്. അത് പാചകം ചെയ്യാന്‍ വെള്ളമില്ല. റമദാനില്‍ പള്ളിയിലെ ഇഫ്താറാണ് ഏക ആശ്വാസം.

തൊട്ടടുത്തുള്ള ബഖാലക്കാരന്‍ അത്യാവശ്യ ഭക്ഷണസാധനങ്ങള്‍ കടം നല്‍കുന്നുണ്ട്. എന്നാണോ ശമ്പളം കിട്ടുന്നത് അന്ന് കടം വീട്ടിയാല്‍ മതി എന്നാണ് മലയാളി കച്ചവടക്കാരന്‍ തൊഴിലാളികളോട ്പറഞ്ഞിരിക്കുന്നത്. പട്ടിണി കിടക്കരുതെന്ന് ആ മലപ്പുറത്തുകാരനുണര്‍ത്തുമ്പോള്‍ പ്രതിസന്ധികള്‍ക്കിടയിലും മാനവികതയുടെ സാന്ത്വനം തൊഴിലാളികള്‍ അനുഭവിക്കുന്നു. ജിദ്ദയില്‍ നിന്ന് 45 കിലോമീറ്റര്‍ അകലെ ബഹ്റയില്‍ മലയാളികളുള്‍പെടെ താമസിക്കുന്ന ലേബര്‍ക്യാമ്പിലെ വിശേഷങ്ങളാണിത്. വിവിധ രാജ്യക്കാരുള്‍പെടെ 800 ഓളം തൊഴിലാളികള്‍ പണിയെടുക്കുന്ന കമ്പനിക്ക് അടുത്ത കാലത്തുണ്ടായ സാമ്പത്തിക പ്രതിസന്ധിയാണ് തൊഴിലാളികളെ അനിശ്ചിതത്വത്തിന്‍െറ മരഭൂവില്‍ ഒറ്റപ്പെടുത്തിയിരിക്കുന്നത്.  

ഇന്ത്യയില്‍ നിന്നും പാക്കിസ്ഥാനില്‍ നിന്നുമുള്ളവരാണ് തൊഴിലാളികളിലേറെയും. ഒരുപാട് പേര്‍ നാട്ടിലേക്ക് തിരിച്ചു. അവശേഷിക്കുന്നവരില്‍ 18  മലയാളികളുണ്ട്. ഏറെയും മലപ്പുറം ജില്ലയില്‍ നിന്നുള്ളവര്‍. തൊഴിലാളികളുടെ പ്രശ്നങ്ങളിലിടപെടാന്‍ എംബസിയോ കോണ്‍സുലേറ്റോ എത്തിയിട്ടില്ല. അതേ സമയം ഇതേ കമ്പനിയില്‍ ജോലി ചെയ്ത നൂറോളം ഫിലിപ്പീനികളുടെ കാര്യത്തില്‍ അവരുടെ എംബസി ഇടപെട്ടതിനാല്‍ എല്ലാവരും ആനുകൂല്യങ്ങള്‍ വാങ്ങി നാട്ടിലേക്ക് തിരിച്ചു. മംഗലാപുരത്ത് നിന്നുള്ള ഫാറുഖ് അഞ്ച് വര്‍ഷമായി നാട്ടില്‍ പോയിട്ടില്ല. 

നിക്കാഹിനായി നാട്ടില്‍ പോകാമെന്ന് കരുതിയതാണ്. കമ്പനിയില്‍ നിന്ന് ആനുകൂല്യങ്ങള്‍ കിട്ടാനുണ്ട്. ശമ്പളക്കുടിശ്ശികയും. ഈ പെരുന്നാളിന് എന്തായാലും നാട്ടില്‍ പോകണമെന്ന് കരുതിയതായിരുന്നു. എല്ലാം ഇട്ടേച്ച് പോവാനാവില്ല. വല്ലാത്ത നിസ്സഹായതയാണ് ഈ യുവാവ് പ്രകടിപ്പിക്കുന്നത്. രാജസ്ഥാനില്‍ നിന്നുള്ള സാക്കിര്‍ അന്നാട്ടുകാരുടെ തൊഴിലാളി നേതാവ് കൂടിയാണ്. അവരുടെ പ്രശ്നങ്ങള്‍ മാനേജ്മെന്‍റിനെ അറിയിക്കുന്നതും ഇടപെടുന്നതുമൊക്കെ സാക്കിറാണ്. 
ബന്ധപ്പെട്ടവരെ കാര്യങ്ങളറിയിക്കാന്‍ പോകാന്‍ പോലും കാശില്ളെന്നാണ് അയാള്‍ പറയുന്നത്. വീട്ടിലെ പെരുന്നാള്‍ നിറം മങ്ങിപ്പോയതിന്‍െറ വിങ്ങലിലാണ് മലയാളികള്‍. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.