നാല് മേഖലകളില്‍ നൂറുശതമാനം വിദേശ നിക്ഷേപത്തിന് ആലോചന 

ജിദ്ദ: സൗദിയില്‍ പുതിയ നാല് മേഖലകളില്‍ നൂറു ശതമാനം വിദേശ നിക്ഷേപം അനുവദിക്കുന്ന കാര്യത്തില്‍ പഠനം നടക്കുന്നതായി ഇക്കണോമിക് സിറ്റീസ് അതോറിറ്റി സെക്രട്ടറി ജനറല്‍ മുഹന്നദ് ഹിലാല്‍. ഇതോടൊപ്പം തൊഴില്‍ വിസകളും സന്ദര്‍ശക വിസകളും നല്‍കുന്ന പ്രക്രിയ എളുപ്പത്തിലാക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാനും ആലോചനയുണ്ട്. വിദേശ നിക്ഷേപം ആകര്‍ഷിക്കുന്നതിലൂടെ ഉല്‍പാദന രംഗത്ത് വൈവിധ്യം നിലനിര്‍ത്തി പ്രെട്രോള്‍ വില ഇടിഞ്ഞതുമൂലമുണ്ടാകാവുന്ന പ്രത്യാഘാതങ്ങളെ നേരിടുന്നതിന്‍െറ ഭാഗമാണിതെന്നും അദ്ദേഹം പറഞ്ഞു. ബ്ളൂംബര്‍ഗ് ബിസിനസ് മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. എന്നാല്‍ ‘സാജിയ’യാണ് നൂറുശതമാനം നിക്ഷേപം സ്വീകരിക്കുന്ന വാണിജ്യ മേഖലകള്‍ ഏതാണെന്ന് നിശ്ചയിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഇതു സംബന്ധിച്ച് വിദേശ നിക്ഷേപകരുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും സാജിയ ഗവര്‍ണര്‍ അബ്ദുല്ലത്തീഫ് അല്‍ ഉസ്മാന്‍ സ്വാഗതം ചെയ്തു. നിക്ഷേപം വര്‍ധിപ്പിക്കുന്നതിന് ഫലപ്രദമായ സംവിധാനങ്ങള്‍ ഒരുക്കും.  ഇതുവരെ 75 ശതമാനം മാത്രം അനുവദിച്ചിരുന്ന ചില്ലറ, മൊത്ത വ്യാപാര മേഖലകളില്‍ നൂറുശതമാനം ഉടമസ്ഥത അനുവദിക്കുന്നതുമായി ബന്ധപ്പെട്ട വ്യവസ്ഥകള്‍ തയാറായി വരുന്നതായും അദ്ദേഹം പറഞ്ഞു. രാജ്യത്ത് വിദേശ നിക്ഷേപം ഇരട്ടിപ്പിക്കുന്നതിന്‍െറ ഭാഗമായി ഈരംഗത്ത് നിലനില്‍ക്കുന്ന നിബന്ധനകള്‍ ലഘൂകരിക്കുന്നതിന് ശ്രമം നടക്കുന്നുണ്ട്. ഏഴുവര്‍ഷം മുമ്പ് 3,000 കോടി ഡോളര്‍വരെ എത്തിയ വിദേശ നിക്ഷേപം കഴിഞ്ഞ വര്‍ഷം 7,600 കോടിയാണ്. ഈ മേഖലയില്‍ ക്രമാനുഗതമായ വളര്‍ച്ച രേഖപ്പെടുത്താത്തത് പരിഗണിച്ചാണ് നിബന്ധനകള്‍ ഇളവുചെയ്യുന്നത്. ലാഭത്തിന്‍മേലുള്ള പ്രത്യക്ഷ നികുതി ഇരുപത് ശതമാനം വരെ കുറച്ചും നഷ്ടം അടുത്ത വര്‍ഷങ്ങളിലേക്ക് നീക്കാന്‍ അനുവദിക്കുന്നതുമടക്കമുള്ള ആനുകൂല്യങ്ങള്‍ നിലവില്‍ വിദേശ നിക്ഷേപകര്‍ക്ക് നല്‍കുന്നുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.