ഖമീസ് മുശൈത്: കഴിഞ്ഞ ഏതാനും ആഴ്ചകളില്‍ അസീര്‍ മേഖലയില്‍ വാഹനാപകടങ്ങള്‍ വര്‍ധിച്ച തോതില്‍ ഉയര്‍ന്നതായി കണക്കുകള്‍. അബഹ - ശുഖൈഖ് പാതയിലാണ് കൂടുതല്‍ വാഹനാപകടങ്ങളും സംഭവിച്ചത്. അബഹയില്‍ ശൈത്യകാലമായതിനാല്‍ ആളുകള്‍ താരതമ്യേന തണുപ്പ് കുറഞ്ഞ ദര്‍ബിലേക്കും ശുഖൈഖിലേക്കും യാത്ര ചെയ്യുന്നത് നിരത്തിലെ തിരക്ക് വര്‍ധിക്കാന്‍ കാരണമായിട്ടുണ്ട്. അര്‍ധവാര്‍ഷികാവധിക്കായി വിദ്യാലയങ്ങള്‍ പൂട്ടിയതോടെ സ്വദേശികള്‍ ധാരാളമായി ശുഖൈഖിലേക്ക് യാത്ര തിരിക്കുന്നുണ്ട്. അസീറിലെ പല റോഡുകളിലും മറ്റിടങ്ങളില്‍ നിന്ന് വ്യത്യസ്തമായി വളവും തിരിവും ഇറക്കവും കയറ്റവും കൂടുതലാണ്. പോരാത്തതിന് കനത്ത മഞ്ഞ് വീഴ്ചയും മഴയും അപകടങ്ങള്‍ക്ക് കാരണമാകുന്നതായി ചൂണ്ടിക്കാട്ടപ്പെടുന്നു.
ദിവസേന അഞ്ചും ആറും അപകടങ്ങള്‍ ഈ ഭാഗങ്ങളില്‍ കാണാറുണ്ടെന്ന് സ്ഥിരമായി ഈവഴി യാത്ര ചെയ്യുന്നവര്‍ പറയുന്നു. വ്യാഴാഴ്ച അബഹ മാളിന് സമീപം പാലത്തിന് മുകളില്‍ നിന്നും ഒരു ട്രെയിലര്‍ താഴേക്ക് വീണു.
കഴിഞ്ഞ ഞായറാഴ്ച ഈ ഭാഗത്ത് ഉണ്ടായ മറ്റൊരു അപകടത്തില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ മൂന്ന് പേരാണ് മരിച്ചത്. അല്‍ മന്‍സഖില്‍ മഴ പെയ്തതിനെ തുടര്‍ന്ന് ഒരു വാഹനം പ്രധാന പാതയില്‍ നിന്നും തെന്നി വഴിവക്കിലുള്ള ഇലക്ട്രിക് പോസ്റ്റില്‍ ഇടിച്ച് ഡ്രൈവര്‍ക്ക് ഗുരുതര പരിക്ക് സംഭവിച്ചു.
അമിതവേഗമാണ് മിക്ക അപകടങ്ങള്‍ക്കും കാരണമായി പൊലീസ് ചൂണ്ടിക്കാട്ടുന്നത്.
അബഹ - ദര്‍ബ് പാതയില്‍ പതിമൂന്ന് കാമറകള്‍ നിലവില്‍ ഉണ്ട്. ചില നേരങ്ങളില്‍ കാമറ ഘടിപ്പിച്ച വണ്ടികളും നിരീക്ഷണത്തിനിറക്കാറുണ്ട്.
ഇതിന് പുറമെ അപകടം കൂടുന്നത് പരിഗണിച്ച് ഇപ്പോള്‍ ഓരോ അഞ്ച് കിലോമീറ്ററിലും ട്രാഫിക് പൊലീസ് തമ്പടിച്ചിട്ടുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.