ജിദ്ദ: സ്കൂള്‍ അവധിക്കാലത്ത് ജിദ്ദ ഗവര്‍ണറേറ്റിന്‍െറ മേല്‍നോട്ടത്തില്‍ നടത്തുന്ന ‘കുന്നാ കിദാ’ പൈതൃകോത്സവത്തിന് ചരിത്രനഗരമായ ബലദില്‍ വര്‍ണശബളമായ ചടങ്ങുകളോടെ കൊടിയുയര്‍ന്നു. ജിദ്ദ ഗവര്‍ണറും പൈതൃകമേള സംഘാടക ഉന്നതാധികാര സമിതി അധ്യക്ഷനുമായ അമീര്‍ മിശ്അല്‍ ബിന്‍ മാജിദ് മേള ഉദ്ഘാടനം ചെയ്തു. മേഖലയിലെ സാംസ്കാരിക പൈതൃക സ്വത്തുക്കള്‍ വരുംതലമുറക്ക് ഉപകാരപ്പെടും വിധത്തില്‍ സംരക്ഷിക്കണമെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ അദ്ദേഹം ഓര്‍മിപ്പിച്ചു. പ്രദേശത്തെ പുരാതനമന്ദിരങ്ങള്‍ കാലതാമസം കൂടാതെ അറ്റകുറ്റപ്പണി നടത്താന്‍ ഉടമകള്‍ ശ്രദ്ധിക്കണം. വീടുകള്‍ നിലംപൊത്താതെ നിലനിര്‍ത്തണമെന്നും ഗവര്‍ണര്‍ പറഞ്ഞു. ജിദ്ദയിലെ സാംസ്കാരിക, പൈതൃക മേഖല കാണാനത്തെുന്നവരുടെ എണ്ണം കൂടിവരികയാണ്. ടൂറിസം മേഖലയില്‍ ഇത് അടയാളപ്പെട്ടുകഴിഞ്ഞു. കാലം പിന്നിടുന്തോറും ജിദ്ദയുടെ പ്രാധാന്യം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. പൂര്‍വികരുടെ ചരിത്രവും പുരാതന ജിദ്ദ പട്ടണത്തിന്‍െറ സാംസ്കാരികവും സാമ്പത്തികവുമായ അവസ്ഥകളും തുറന്നുകാട്ടുന്ന പുസ്തകമാണ് പൈതൃകമേഖലയെന്നും അമീര്‍ മിശ്അല്‍ ബിന്‍ മാജിദ് പറഞ്ഞു.
ജിദ്ദ നഗരസഭ, ടൂറിസം വകുപ്പ്, സുരക്ഷ വിഭാഗം, ബന്ധപ്പെട്ട വകുപ്പുകള്‍, പ്രദേശവാസികള്‍ എന്നിവര്‍ക്ക് ഗവര്‍ണര്‍ നന്ദി രേഖപ്പെടുത്തി. വിവിധ പ്രദര്‍ശനങ്ങള്‍ അദ്ദേഹം ചുറ്റിക്കണ്ടു. ഉദ്ഘാടനത്തിന്‍െറ ഭാഗമായി കലാപരിപാടികളും സംഘടിപ്പിച്ചിരുന്നു. ജിദ്ദ ചേംബര്‍ വൈസ് പ്രസിഡന്‍റ് മാസിന്‍ ബാതര്‍ജി, മേഖല ടൂറിസം വകുപ്പ് മേധാവി മുഹമ്മദ് ബിന്‍ അബ്ദുല്ല അല്‍അംറി തുടങ്ങിയവര്‍ സംസാരിച്ചു. പത്തുദിവസം നീണ്ടുനില്‍ക്കുന്ന മേളയില്‍ വൈവിധ്യമാര്‍ന്ന 67 ഓളം പരിപാടികളും പ്രദര്‍ശനങ്ങളുമാണ് ഒരുക്കിയിരിക്കുന്നത്. നാടന്‍ കലാപ്രകടനങ്ങള്‍, ഹാസ്യപരിപാടികള്‍, നാടകം, ചരിത്ര പ്രദര്‍ശനം, ഫോട്ടോ പ്രദര്‍ശനം, കരകൗശല വസ്തുക്കളുടെയും ഹിജാസി വസ്ത്രങ്ങളുടെയും ശില്‍പങ്ങളുടെയും പ്രദര്‍ശനം, ഓപണ്‍ മ്യൂസിയം, കാര്‍ പ്രദര്‍ശനം എന്നിവ നടക്കും.
വ്യാഴാഴ്ച വൈകിട്ട് സൗദി ടൂറിസം ആന്‍ഡ് ആന്‍റിക്വിറ്റീസ് കമീഷന്‍ ചെയര്‍മാന്‍ അമീര്‍ സുല്‍ത്താന്‍ ബിന്‍ സല്‍മാന്‍ പൈതൃകോത്സവ നഗരി സന്ദര്‍ശിച്ചു.
മുഴുവന്‍ സ്റ്റാളുകളും ചുറ്റി നടന്നു കണ്ട അദ്ദേഹം പാരമ്പര്യം തിരിച്ചുപിടിക്കാന്‍ ജിദ്ദക്കാര്‍ കാണിക്കുന്ന താല്‍പര്യത്തില്‍ അതീവസന്തുഷ്ടി പ്രകടിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.