തൊഴില്‍ വകുപ്പും എസ്.ടി.സിയും കൈകോര്‍ക്കുന്നു

റിയാദ്: തൊഴില്‍ വകുപ്പിന്‍െറ മാര്‍ഗ നിര്‍ദേശങ്ങള്‍ സംബന്ധിച്ച് പ്രവാസികളെ ബോധവത്കരിക്കുന്നതിനും വിവരങ്ങള്‍ കൈമാറുന്നതിനും എസ്.എം.എസ് സേവനം തുടങ്ങാന്‍ സൗദി ടെലികോം കമ്പനിയുമായി (എസ്.ടി.സി) തൊഴില്‍ വകുപ്പ് ധാരണയിലത്തെി. ബുധനാഴ്ച തൊഴില്‍ മന്ത്രി ഡോ. മുഫര്‍റജ് ഹഖബാനിയുടെ ഓഫിസില്‍ നടന്ന ചര്‍ച്ചയില്‍ തൊഴില്‍ വകുപ്പ് അണ്ടര്‍ സെക്രട്ടറി സിയാദ് സായിഗും എസ്.ടി.സി സി.ഇ.ഒ ഡോ. ഖാലിദ് അല്‍ബയാരിയും ധാരണപത്രത്തില്‍ ഒപ്പുവെച്ചു. ഇതനുസരിച്ച് വിദേശികള്‍ക്ക് തൊഴില്‍ വകുപ്പിന്‍െറ നിര്‍ദേശങ്ങളും നിയമാവലികളും ഏതു സമയവും അവരുടെ ഫോണില്‍ ലഭ്യമാകുന്നതിനുള്ള സേവനം എസ്.ടി.സി നല്‍കും. നിരവധി ഭാഷകളില്‍ ഈ സേവനം ലഭ്യമാകും. ഓരോ തൊഴിലാളിക്കും നിയമപരമായ അവന്‍െറ അവകാശങ്ങള്‍ സംബന്ധിച്ച അറിയിപ്പുകള്‍ എസ്.എം.എസ് നല്‍കുന്നതിന് പുറമെ നിയമസഹായത്തെ കുറിച്ചുള്ള വിവരങ്ങളും അറിയാനാവും. തൊഴിലാളികള്‍ക്ക് ആവശ്യമായ വിവരങ്ങള്‍ നല്‍കി അവരുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനും തൊഴിലുടമകളുമായി നല്ല ബന്ധം നിലനിര്‍ത്തുന്നതിനും ഇത് സഹായകരമാകുമെന്ന് തൊഴില്‍ മന്ത്രി പ്രസ്താവനയില്‍ അറിയിച്ചു. മികച്ച തൊഴില്‍ സാഹചര്യമുണ്ടായാല്‍ തൊഴിലാളിയുടെ കാര്യക്ഷമത വര്‍ധിപ്പിക്കുമെന്നും അതുവഴി തൊഴിലുടമക്ക് നേട്ടമുണ്ടാകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. മന്ത്രാലയവുമായി ബന്ധപ്പെട്ട പരാതികള്‍ നല്‍കുന്നതിനും സേവനങ്ങളെ കുറിച്ച് അറിയാനും സ്മാര്‍ട്ട് ഫോണില്‍ വീഡിയോ കോളിങ് സംവിധാനം ഏര്‍പ്പെടുത്തിയതിന് പുറമെയാണ് അധികൃതര്‍ എസ്.ടി.സിയുമായി ചേര്‍ന്ന് എസ്.എം.എസ് പദ്ധതിയക്ക് തുടക്കമിടുന്നത്. വീഡിയോ കോളിങ് സൗകര്യം രാജ്യത്തെ പ്രധാന തൊഴില്‍ വകുപ്പ് ഓഫിസുകളിലെല്ലാം ഏര്‍പ്പെടുത്തിയിട്ടുണ്ട്. എസ്.എം.എസ് പദ്ധതി കൂടി നടപ്പില്‍ വരുന്നതോടെ വിദൂര ദേശങ്ങളിലുള്ളവര്‍ക്ക് പോലും തൊഴില്‍ വകുപ്പിന്‍െറ സേവനം എളുപ്പത്തില്‍ ലഭ്യമാകും.  

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.