കാലാവസ്ഥ മാറ്റത്തിന്‍െറ സൂചന നല്‍കി പലയിടങ്ങളിലും മഴയും കാറ്റും 

റിയാദ്: കാലാവസ്ഥ പ്രവചനങ്ങള്‍ ശരിവെച്ച് ശക്തമായ പൊടിക്കാറ്റിന് പിറകെ രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ മഴയത്തെി. തിങ്കളാഴ്ച കാറ്റിനും മഴക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നേരത്തേ അറിയിപ്പ് നല്‍കിയിരുന്നു. ഹാഇലിലാണ് ഏറ്റവും ശക്തമായ മഴ ലഭിച്ചത്. ഇടിയോടുകൂടി പെയ്ത മഴയില്‍ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. ചിലയിടങ്ങളില്‍ നിന്ന് ആളുകളെ മാറ്റി പാര്‍പ്പിച്ചു. മദീന പ്രവിശ്യയില്‍ സാമാന്യം ഭേദപ്പെട്ട നിലയില്‍ മഴ ലഭിച്ചു. താഴ്വരകള്‍ പലതും നിറഞ്ഞൊഴുകി. തിങ്കളാഴ്ച രാവിലെ പെയ്ത മഴ മലയോര മേഖലയില്‍ പലയിടങ്ങളിലും ഗതാഗതം തടസ്സപ്പെടുത്തി. യാമ്പുവില്‍ ചിലയിടങ്ങളില്‍ മിതമായും ശക്തമായും മഴ പെയ്തു.

രാവിലെ 7.30 മുതല്‍ 9.30 വരെയാണ് മഴ പെയ്തത്. അപകട സാധ്യതയുള്ള മേഖലകളില്‍ നിന്ന് സിവില്‍ ഡിഫന്‍സ് ജനങ്ങളെ സുരക്ഷിക കേന്ദ്രങ്ങളിലേക്ക് മാറ്റി. കാലാവസ്ഥ കേന്ദ്രത്തിന്‍െറ മുന്നറിയിപ്പ് കണക്കിലെടുത്ത് ആവശ്യമായ സുരക്ഷ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നതായി സിവില്‍ ഡിഫന്‍സ് വക്താവ് കേണല്‍ ഖാലിദ് അല്‍ജുഹാനി അറിയിച്ചു. മക്ക പ്രവിശ്യയുടെ വിവിധ ഭാഗങ്ങളിലും മഴ ലഭിച്ചു. ജിദ്ദ കോര്‍ണീഷില്‍ നേരിയ തോതില്‍ പെയ്ത മഴ പൊടിക്കാറ്റില്‍ നിന്ന് ആശ്വാസം നല്‍കി. ജിദ്ദയുടെ പല ഭാഗങ്ങളിലും നേരിയ രീതിയില്‍ മഴ ലഭിച്ചതായി അധികൃതര്‍ അറിയിച്ചു. ശക്തമായ പൊടിക്കാറ്റിനെ തുടര്‍ന്ന് ജിദ്ദ ഇസ്ലാമിക് തുറമുഖത്ത് അല്‍പ സമയം ഗതാഗതം നിര്‍ത്തിവെച്ചു. റിയാദ് നഗരത്തിലും പരിസര പ്രദേശങ്ങളിലും തിങ്കളാഴ്ച പുലര്‍ച്ചെ മുതല്‍ ശക്തമായ പൊടിക്കാറ്റ് അനുഭവപ്പെട്ടു. പലയിടങ്ങളിലും അന്തരീക്ഷം മേഘാവൃതമായിരുന്നു. കിഴക്കന്‍ പ്രവിശ്യ, വടക്കന്‍ അതിര്‍ത്തി മേഖല, ഖസീം, മക്ക, മദീന തുടങ്ങിയ പ്രദേശങ്ങളില്‍ ചൊവ്വാഴ്ചയും നേരിയ തോതില്‍ മഴ ലഭിക്കുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.