ട്രാഫിക് നിയമലംഘനം തടയാന്‍  ‘വിട്രോണിക് ലേസര്‍’ സംവിധാനം വരുന്നു

ജിദ്ദ: ട്രാഫിക് നിയമ ലംഘനങ്ങള്‍ പരിശോധിക്കാന്‍ കൂടുതല്‍ സാങ്കേതിക മികവുള്ള ‘വിട്രോണിക് ലേസര്‍’ രാജ്യത്ത് നടപ്പാക്കാനുള്ള ഒരുക്കങ്ങള്‍ അവസാനഘട്ടത്തില്‍. റോഡ് സുരക്ഷ വിഭാഗമായ സൗദി ടെക്നോളജി ആന്‍ഡ് സെക്യൂരിറ്റി കോംപ്രിഹെന്‍സീവ് കണ്‍ട്രോള്‍ കോര്‍പറേഷന്‍െറ കാര്‍മികത്വത്തിലാണ് യൂറോപ്യന്‍ നിലവാരത്തിലുള്ള ഈ നിരീക്ഷണ കാമറകള്‍ സ്ഥാപിക്കുന്നത്. നിലവിലുള്ള ‘സാഹിറി’ന്‍െറ പരിഷ്ക്കരിച്ച രൂപമാണിത്. നിരവധി റോഡ് സുരക്ഷ സംവിധാനങ്ങളോടെയാണ് ജര്‍മന്‍ നിര്‍മിതമായ ‘വിട്രോണിക് ലേസര്‍’ സംവിധാനം രൂപകല്‍പന ചെയ്തിരിക്കുന്നത്. മികച്ച സാങ്കേതിക വിദ്യകളോടെ ട്രാഫിക് നിയമ ലംഘനങ്ങള്‍ അതിസൂക്ഷ്മമായി നിരീക്ഷിക്കാനും കണ്ടത്തൊനും കഴിവുള്ള സംവിധാനമാണ് ഇതെന്ന് റോഡ് സുരക്ഷ വിഭാഗം വ്യക്തമാക്കി. നിലവിലുള്ള ‘സാഹിറി’ല്‍ ഉപയോഗിച്ചിരുന്ന ഒരു കാമറക്ക് പകരം രണ്ടു കാമറകള്‍ ഉപയോഗിച്ച്  ട്രാഫിക് ലംഘനങ്ങള്‍ നിരീക്ഷിക്കാമെന്നതാണ് പുതിയ സംവിധാനത്തിന്‍െറ പ്രധാന പ്രത്യേകത. അമിത വേഗത, രണ്ടുവാഹനങ്ങള്‍ക്കുമിടയില്‍ കുറഞ്ഞ ദൂരപരിധിയായ അകലം പാലിക്കാതിരിക്കുക, സുരക്ഷ ബെല്‍റ്റ് ധരിക്കാതിരിക്കുക, വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഉപയോഗിക്കുക, ട്രക്കുകളും ലോറികളുമടക്കമുള്ള വലിയ വാഹനങ്ങള്‍ വിലക്കുള്ള സമയങ്ങളില്‍ നിരത്തിലിറങ്ങുകയും ട്രാക് മാറി ഓടുകയും ചെയ്യുക തുടങ്ങിയ നിയമ ലംഘനങ്ങളും പിടിക്കപ്പെടും. നിയമം ലംഘിക്കുന്ന വാഹനങ്ങളുടെ ഫോട്ടോ മാത്രമല്ല വീഡിയോയും ലഭ്യമാകും. ‘വിട്രോണിക് ലേസര്‍’ സംവിധാനം പ്രവര്‍ത്തിപ്പിക്കുന്നതിനാവശ്യമായ പരിശീലനം നടന്നുവരുന്നുവെന്നും വരും നാളുകളില്‍ പൂര്‍ണമായി പ്രവര്‍ത്തന സജ്ജമാകുമെന്നും കമ്പനി അധികൃതര്‍ അറിയിച്ചു. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.