മയക്കു മരുന്ന് വേട്ട: ഉദ്യോഗസ്ഥര്‍ക്ക് മന്ത്രിസഭയുടെ അനുമോദനം 

ജിദ്ദ: മയക്കു മരുന്ന് കടത്ത് പിടികൂടുന്നതില്‍ ജാഗ്രത കാണിക്കുകയും കഴിഞ്ഞ ആറു മാസത്തില്‍ വന്‍ വേട്ട നടത്തുകയും ചെയ്ത സുരക്ഷ ഉദ്യോഗസ്ഥരെ മന്ത്രിസഭ അഭിനന്ദിച്ചു. 
രാജ്യത്തിന്‍െറ സുരക്ഷ കാത്തു സൂക്ഷിക്കുന്നതില്‍ പ്രതിജ്ഞാബദ്ധരായ സൈനികരാണ് രാജ്യത്തിന്‍െറ സമ്പത്തെന്നും യോഗം വിലയിരുത്തി. സമാധാന ആവശ്യത്തിന് ഹങ്കറിയുമായി ആണവ കരാര്‍ ഒപ്പുവെക്കാന്‍ സൗദി മന്ത്രിസഭ അംഗീകാരം നല്‍കി. 
സല്‍മാന്‍ രാജാവിന്‍െറ അധ്യക്ഷതയില്‍ ജിദ്ദയിലെ അല്‍സലാം കൊട്ടാരത്തില്‍ തിങ്കളാഴ്ച ചേര്‍ന്ന മന്ത്രിസഭ യോഗമാണ് രാജ്യത്തിന്‍െറ ഊര്‍ജ ആവശ്യം ഉള്‍പ്പെടെയുള്ള കാര്യത്തിന് ആണവശക്തിയെ അവലംബിക്കാന്‍ അംഗീകാരം നല്‍കിയത്. 
ജപ്പാന്‍, ബ്രിട്ടന്‍, സ്വിറ്റ്സര്‍ലാന്‍റ് എന്നീ രാജ്യങ്ങളുമായി സമാന കരാര്‍ സൗദി മുമ്പ് ഒപ്പുവെച്ചിരുന്നു. വര്‍ധിച്ചുവരുന്ന ഊര്‍ജ ആവശ്യങ്ങള്‍ നേരിടാന്‍ പെട്രോളിയം ഉല്‍പന്നങ്ങളെ മാത്രം അവലംബിക്കാനാവില്ളെന്ന തീരുമാനത്തിന്‍െറ അടിസ്ഥാനത്തിലാണ് പ്രമുഖ രാജ്യങ്ങളുമായി ആണവകരാര്‍ ഒപ്പുവെക്കാന്‍ സൗദി അറേബ്യ തീരുമാനിച്ചത്. സൗദിയുടെ കിഴക്കന്‍ പ്രവിശ്യയിലെ ഖതീഫ് പള്ളിയിലും റസ്റ്റോറന്‍റിലും ചാവേര്‍ ആക്രമണത്തിന് പദ്ധതിയിട്ടവരെ പിടികൂടാനും ആക്രമണത്തെ ചെറുക്കാനും സാധിച്ച സുരക്ഷ വകുപ്പിന്‍െറ നീക്കങ്ങളെ മന്ത്രിസഭ പ്രകീര്‍ത്തിക്കുകയും സുരക്ഷ ഭടന്മാര്‍ക്ക് ആദരം അറിയിക്കുകയും ചെയ്തു. കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ നായിഫും യോഗത്തില്‍ പങ്കെടുത്തു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.