മൊബൈല്‍ കടകളിലെ സൗദിവത്കരണം: സ്വദേശി ഉദ്യോഗാര്‍ഥികള്‍ക്ക്  ഇന്ന് മുതല്‍ അഭിമുഖം 

റിയാദ്: മൊബൈല്‍ ഫോണ്‍ വില്‍പന, അറ്റകുറ്റപ്പണി മേഖലയില്‍ സെപ്റ്റംബറിനുള്ളില്‍ സൗദിവത്കരണം ഏര്‍പ്പെടുത്തുന്നതിന് മുന്നോടിയായി സ്വദേശി ഉദ്യോഗാര്‍ഥികള്‍ക്ക് ജോലി നല്‍കുന്നതിനുള്ള അഭിമുഖം ഞായറാഴ്ച മുതല്‍ തുടങ്ങും.
 ജിദ്ദ, മക്ക, അല്‍ഖസീം, ഹാഇല്‍ എന്നിവിടങ്ങളിലാണ് വിവിധ തസ്തികകളിലേക്കുള്ള അഭിമുഖം നടക്കുന്നത്. റിയാദ്, അല്‍ജൗഫ് എന്നീ പ്രവിശ്യകളില്‍ തിങ്കളാഴ്ചയും ജീസാനില്‍ ചൊവ്വാഴ്ചയുമാണ് അഭിമുഖം നടക്കുക. മാനവ വിഭവ ശേഷി വകുപ്പ്, തൊഴിലധിഷ്ടിത വിദ്യാഭ്യാസ വകുപ്പ്, ചേംബര്‍ ഓഫ് കോമേഴ്സ് എന്നിവ സംയുക്തമായാണ് അഭിമുഖം നടത്തുന്നത്. 
അതത് പ്രിവശ്യകളിലെ ചേംബര്‍ ഹാളുകളിലാണ് ഉദ്യോഗാര്‍ഥികളെത്തേണ്ടത്. അല്‍അഹ്സ, ദമ്മാം, നജ്റാന്‍, മദീന, തബൂക്ക്, അബഹ എന്നിവിടങ്ങളിലും വരും ദിവസങ്ങളില്‍ വ്യത്യസ്ത കേന്ദ്രങ്ങളില്‍ അഭിമുഖം നടക്കും. മാനവ വിഭവ ശേഷി വകുപ്പിന്‍െറ പ്രാഥമിക പരിശീലനം പൂര്‍ത്തിയാക്കിയവര്‍ക്കാണ് വിവിധ തസ്തികകളില്‍ നിയമനം ലഭിക്കുക.
 ജോലിയില്‍ പ്രവേശിക്കുന്ന സ്വദേശികള്‍ക്ക് 3000 റിയാല്‍ വരെ മാനവ വിഭവ ശേഷി ഫണ്ടില്‍ നിന്ന് നല്‍കും. രണ്ട് ഘട്ടങ്ങളായാണ് മൊബൈല്‍ അറ്റകുറ്റപ്പണികളിലും വില്‍പനയിലും താല്‍പര്യമുള്ളവര്‍ക്കായി പരിശീലനം നടന്നുകൊണ്ടിരിക്കുന്നത്. 
പ്രാഥമിക വിവരം നല്‍കിയതിന് ശേഷം വിവിധ സ്ഥാപനങ്ങളില്‍ പ്രയോഗികമായി പരിശീലനം നല്‍കുക എന്നതാണ് രണ്ട് ഘട്ടങ്ങള്‍. മലയാളികളുള്‍പ്പെടെ ആയിരങ്ങള്‍ക്ക് ജോലി നഷ്ടമാകുന്ന സൗദിവത്കരണത്തില്‍ നിന്ന് പിന്നോട്ടില്ളെന്ന് അധികൃതര്‍ കഴിഞ്ഞ ദിവസവും വ്യക്തമാക്കിയിരുന്നു.
 ജൂണ്‍ മാസത്തിനുള്ളില്‍ നിലവിലുള്ള മൊബൈല്‍ കടകളില്‍ 50 ശതമാനം ജീവനക്കാരെ മാറ്റി സൗദികളെ നിയമിക്കണം. സെപ്റ്റംബറോടെ മുഴുവന്‍ ജീവനക്കാരും സ്വദേശികളായിരിക്കണമെന്നാണ് തൊഴില്‍ വകുപ്പിന്‍െറ ഉത്തരവ്. ഈ ലക്ഷ്യവുമായി 10 വകുപ്പുകളുടെ സഹകരണത്തോടെ തൊഴില്‍ വകുപ്പ് മുന്നോട്ട് പോവുകയാണ്. മഹാഭൂരിപക്ഷവും വിദേശികള്‍ ജോലി ചെയ്യുന്ന ഈ മേഖലയില്‍ ആവശ്യമായ സ്വദേശികളെ ലഭ്യമാക്കുന്നതിന്‍െറ ഭാഗമായാണ് പരിശീലനവും മറ്റും നല്‍കുന്നത്. സൗദി ടെലികോം കമ്പനിയായ എസ്.ടി.സിയുള്‍പ്പെടെ നിരവധി സ്ഥാപനങ്ങള്‍ ആവശ്യമായ പരിശീലനം നല്‍കാനും അത് പൂര്‍ത്തിയാക്കുന്നവര്‍ക്ക് ജോലി നല്‍കാനും തയാറായി രംഗത്തു വന്നിട്ടുണ്ട്. 
മൊബൈല്‍ വില്‍പന സ്റ്റാളുകളും റിപ്പയറിങ് കേന്ദ്രങ്ങളും തുടങ്ങാനാവശ്യമായ സാമ്പത്തിക സഹായം നല്‍കാനും എസ്.ടി.സി തയാറായിട്ടുണ്ട്. കുറഞ്ഞ സമയത്തിനുള്ളില്‍ വേറെ തൊഴില്‍ കണ്ടെത്തേണ്ട ഗതികേടിലാണ് മലയാളികളുള്‍പ്പെടെ ആയിരക്കണക്കിന് വിദേശികള്‍. സ്വന്തമായി സ്ഥാപനം നടത്തുന്നവര്‍ പലരും അടച്ചു പൂട്ടല്‍ ഭിഷണിയിലാണ്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.