ഐ.ഡി.ബി നാലര ലക്ഷം കൂപ്പണ്‍ വിറ്റു; ബലിക്ക് ദശലക്ഷം ഉരുക്കള്‍

ജിദ്ദ: ഈ വര്‍ഷത്തെ ഹജ്ജിനുള്ള ബലികര്‍മത്തിനായി ഇതുവരെ നാലര ലക്ഷം കൂപ്പണുകള്‍ വിറ്റഴിഞ്ഞതായും ആകെ ദശലക്ഷം ഉരുക്കളെ ബലിയറുക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഇസ്ലാമിക് ഡവലപ്മെന്‍റ് ബാങ്ക് അറിയിച്ചു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഈ വര്‍ഷം 15 റിയാല്‍ കൂപ്പണിന് വില വര്‍ധിപ്പിച്ചിട്ടുണ്ടെന്നും ഇത് വ്യാപാരികളുടെ ഭാഗത്തു നിന്നുള്ള ആവശ്യത്തത്തെുടര്‍ന്നാണെന്നും പ്രസിഡന്‍റ് ഡോ. അഹ്മദ് മുഹമ്മദ് അലി ബാങ്ക് ആസ്ഥാനത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. ബലിമാംസത്തിന്‍െറ ഗുണഭോക്താക്കള്‍ സൗദിയിലും മറ്റു 24 രാജ്യങ്ങളിലുമായി വ്യാപിച്ചു കിടക്കുകയാണെന്നും വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ആവശ്യത്തിന്‍െറ അടിസ്ഥാനത്തിലാണ് മാംസം വിതരണം ചെയ്യുന്നതെന്നും അദ്ദേഹം വിശദീകരിച്ചു. സൗദി ടെലകോം കമ്പനി, മൊബൈലി, സൗദി പോസ്റ്റ് ഓഫിസുകള്‍, അല്‍റാജ്ഹി, അല്‍അമൂദി ബാങ്കുകള്‍ എന്നിവയിലൂടെയും ഐ.ഡി.ബി നേരിട്ടും വിതരണം ചെയ്യുന്നുണ്ട്. ഓണ്‍ലൈന്‍ വഴി കൂപ്പണ്‍ സ്വന്തമാക്കാം. എന്നിരിക്കെ, വ്യാജരും അജ്ഞാതരുമായ ഏജന്‍സികളുടെ തട്ടിപ്പിന് ഇരയാകാതെ ഹാജിമാര്‍ ശ്രദ്ധിക്കണമെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു. 
ശരീഅത്ത്, ആരോഗ്യ നിയമമനുസരിച്ച് ബലിയും മാംസശേഖരണവും വിതരണവും നടത്താനും ഹജ്ജ് ചടങ്ങുകള്‍ നടക്കുന്ന പുണ്യസ്ഥലങ്ങള്‍ സംശുദ്ധമായി സൂക്ഷിക്കുന്നതിനുമാണ് ഈ ദൗത്യം ഇസ്ലാമിക് ഡവലപ്മെന്‍റ് ബാങ്കിനെ ഏല്‍പിച്ചതെന്നും 1983 മുതല്‍ സൗദി ഹജ്ജ് ബലിമാംസ ഉപഭോഗ പദ്ധതി ആരംഭിച്ച ശേഷം 18 ദശലക്ഷം കാലികളുടെ മാംസങ്ങള്‍ ലോകത്തെ വിവിധ രാജ്യങ്ങളിലെ ആവശ്യക്കാര്‍ക്ക് എത്തിച്ചെന്നും ഡോ. അഹ്മദ് മുഹമ്മദ് അലി പറഞ്ഞു. 
ഐ.ഡി.ബി പദ്ധതി ഏറ്റെടുത്ത ശേഷം നിശ്ചയിച്ച കൂപ്പണ്‍ സമ്പ്രദായത്തിലൂടെ ഹാജിമാര്‍ക്ക് ബലി കൂടുതല്‍ എളുപ്പമായിത്തീര്‍ന്നു. 
ആവശ്യക്കാര്‍ക്ക് മാംസം ഇവിടെ ലഭ്യമാക്കിയും അവശേഷിക്കുന്നത് വൃത്തിയായും സുരക്ഷിതമായും അര്‍ഹരായ അവകാശികള്‍ക്ക് എത്തിച്ചുകൊടുത്തും ഹാജിമാര്‍ക്ക് വലിയ സേവനമാണ് ബാങ്ക് ചെയ്തു വരുന്നത്. ബലിക്കു വേണ്ടി ആള്‍ത്തിരക്കുള്ള സന്ദര്‍ഭങ്ങളില്‍ മുഅയ്സിമിലെ അറവുശാലയിലേക്കുള്ള യാത്ര പരമാവധി ഒഴിവാക്കണമെന്ന് അദ്ദേഹം തീര്‍ഥാടകരോട് അഭ്യര്‍ഥിച്ചു. 
സൗദി അറേബ്യയുടെ നേതൃത്വത്തില്‍ പരിമിതമായ എണ്ണം രാജ്യങ്ങള്‍ ചേര്‍ന്ന് ആരംഭിച്ച ഇസ്ലാമിക വികസനബാങ്ക് ഇന്ന് 56 അംഗരാജ്യങ്ങളും 150 ബില്യണ്‍ അമേരിക്കന്‍ ഡോളര്‍ മൂലധനവുമുള്ള വന്‍സംരംഭമായി മാറിയിരിക്കുന്നു. അംഗരാജ്യങ്ങളിലും അംഗങ്ങളില്ലാത്ത രാജ്യങ്ങളിലെ മുസ്ലിം ജനവിഭാഗങ്ങളിലും നിരവധി വികസനപ്രവര്‍ത്തനങ്ങള്‍ക്ക് ബാങ്ക് മേല്‍നോട്ടം വഹിക്കുന്നുണ്ട്. ശരീഅത്ത് അനുസൃത സാമ്പത്തിക പദ്ധതികള്‍, വിവിധ ഐ.ഡി.ബി പദ്ധതികള്‍, സ്ഥാപനങ്ങള്‍ എല്ലാം ചേര്‍ന്ന് ഐ.ഡി.ബി ഗ്രൂപ്പായി ഇന്ന് സ്ഥാപനം മാറിയതായി അദ്ദേഹം പറഞ്ഞു.  

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.