ആരോഗ്യ മേഖലയില്‍ സ്വദേശികളേക്കാള്‍ ഇരട്ടിയലധികം വിദേശികള്‍

ദമ്മാം: ആരോഗ്യ മേഖലയില്‍ സ്വദേശികളേക്കാള്‍ വിദേശികള്‍ ജോലി ചെയ്യുന്നതായി റിപ്പോര്‍ട്ട്. ആരോഗ്യ മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങളാണ് ഇത് സംബന്ധിച്ച കണക്കുകള്‍ പുറത്തു വിട്ടത്. 3,17,000 വിദേശികളാണ് സൗദിയില്‍ വിവിധ ആശുപത്രികളില്‍ ജോലി ചെയ്യുന്നത്. ഡോക്ടര്‍മാര്‍, നഴ്സുമാര്‍, ലാബ് ടെക്നീഷ്യന്മാര്‍, ഫാര്‍മസിസ്റ്റുകള്‍ തുടങ്ങിയവരുടെ കണക്കാണിത്. അതേസമയം, 1,39,000 പേര്‍ മാത്രമാണ് സ്വദേശികളില്‍ നിന്ന് ആരോഗ്യ മേഖലയില്‍ ജോലി ചെയ്യുന്നത്. 102000 വിദേശി ഡോക്ടര്‍മാരാണ് സൗദിയിലുള്ളത്. എന്നാല്‍, സ്വദേശി ഡോക്ടര്‍മാരുടെ എണ്ണം 25,800 ആണ്. 39000 വിദേശ ഫാര്‍മസിസ്റ്റുകള്‍ ജോലി ചെയ്യുമ്പോള്‍ ഈ മേഖലയിലുള്ള സൗദി പൗരന്മാരുടെ എണ്ണം 7000. വിദേശി നഴ്സുമാരുടെ എണ്ണം 1,37,000 ആണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 
എന്നാല്‍, സൗദി നഴ്സുമാര്‍ 72000 ആണ്. സര്‍ക്കാര്‍ മേഖലയില്‍ സ്പെഷലിസ്റ്റ് ഡോക്ടര്‍മാരുടെ എണ്ണത്തില്‍ മാത്രമാണ് വിദേശികളെക്കാള്‍ സൗദി പൗരന്മാര്‍ കൂടുതലുള്ളത്. 33000 സ്വദേശി സ്പെഷലിസ്റ്റ് ഡോക്ടര്‍മാരാണ് രാജ്യത്തുള്ളത്. ഈ മേഖലയില്‍ വിദേശികള്‍ 8000 പേര്‍ മാത്രമാണുള്ളത്. ആരോഗ്യ മേഖലയിലുള്ള വിദേശികളുടെ എണ്ണം കുറച്ചുകൊണ്ടുവരുന്നതിന് മന്ത്രാലയം നടപടികള്‍ സ്വീകരിച്ചു വരികയാണ്. 
മെഡിക്കല്‍ ബിരുദമുണ്ടായിട്ടും അഡ്മിനിസ്ട്രേറ്റീവ് തസ്തികകളില്‍ ജോലി ചെയ്യുന്ന സ്വദേശികളുടെ കരാര്‍ പുതുക്കാതെ അവര്‍ക്ക് ഡോക്ടര്‍മാരായി ജോലിചെയ്യാന്‍ അവസരമൊരുക്കുകയാണ് ആദ്യപടിയായി അധികൃതര്‍ ആലോചിക്കുന്നത്. ഇത് നടപ്പായാല്‍ വിദേശി ഡോക്ടര്‍മാരുടെ എണ്ണം ക്രമേണ കുറച്ചുകൊണ്ടുവരാനാവും. നഴ്സിങ്, ഫാര്‍മസി, ലാബ് ടെക്നീഷ്യന്‍ തുടങ്ങിയ മേഖലയിലും സ്വദേശി വത്കരണം ത്വരിതപ്പെടുത്താനാണ് ആരോഗ്യ മന്ത്രാലയം തീരുമാനിച്ചിരിക്കുന്നത്. നിലവിലുള്ള അനുപാതം കുറച്ചുകൊണ്ടുവന്ന് പൂര്‍ണമായി സ്വദേശി വത്കരിക്കുക എന്നതാണ് അധികൃതര്‍ ലക്ഷ്യമിടുന്നത്. 
സ്വദേശി വത്കരണ നടപടികള്‍ ശക്തമായാല്‍ ആരോഗ്യ മേഖലയില്‍ ജോലി ചെയ്യുന്ന മലയാളികളുള്‍പ്പെടെ നിരവധി വിദേശികള്‍ക്ക് മറ്റു മാര്‍ഗങ്ങള്‍ തേടേണ്ടി വരും. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.