താല്‍ക്കാലിക, സീസണ്‍ വിസ നിയമാവലിക്ക് മന്ത്രിസഭയുടെ അംഗീകാരം

റിയാദ്: സൗദി തൊഴില്‍ വിപണിക്ക് ആവശ്യമായ താല്‍ക്കാലിക വിസയും സീസണ്‍ വിസയും അനുവദിക്കാനുള്ള പുതിയ നിയമാവലിക്ക് മന്ത്രിസഭ അംഗീകാരം നല്‍കി. തൊഴില്‍ മന്ത്രി ഡോ. മുഫ്രിജ് ബിന്‍ സഅദ് അല്‍ഹഖബാനി സമര്‍പ്പിച്ച കരടിന് കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ നായിഫിന്‍െറ അധ്യക്ഷതയില്‍ തിങ്കളാഴ്ച ചേര്‍ന്ന മന്ത്രിസഭ യോഗമാണ് അംഗീകാരം നല്‍കിയത്.  മാധ്യമ മന്ത്രിയുടെ ചുമതല വഹിക്കുന്ന ഡോ. മാജിദ് ബിന്‍ അബ്ദുല്ല അല്‍ഖുസൈബി പറഞ്ഞു.
ജനുവരി 12ന് സൗദി ശൂറ കൗണ്‍സില്‍ അംഗീകരിച്ച നിയമാവലിക്കാണ് മന്ത്രിസഭ അന്തിമ അംഗീകാരം നല്‍കിയത്. തൊഴില്‍ വിപണിയുടെ ആവശ്യം പരിഗണിച്ച് താല്‍ക്കാലിക കാലത്തേക്ക് വിദേശികളെ റിക്രൂട്ട് ചെയ്യാനും ഹ്രസ്വകാല പദ്ധതികള്‍ പൂര്‍ത്തീകരിക്കാനും ഇതിലൂടെ സാധിക്കുമെന്നാണ് തൊഴില്‍ മന്ത്രാലയം പ്രതീക്ഷിക്കുന്നത്. സര്‍ക്കാര്‍, സ്വകാര്യ മേഖലയിലെ പദ്ധതികള്‍ കരാറെടുക്കുന്ന കമ്പനികള്‍ക്കാണ് താല്‍ക്കാലിക വിസ ഏറെ അനുഗ്രഹമാവുക.
ഹജ്ജ്്, ഉംറ, സിയാറ പോലുള്ള സീസണില്‍ തീര്‍ഥാടകര്‍ക്കും സന്ദര്‍ശകര്‍ക്കും സേവനം ചെയ്യാന്‍ ആവശ്യമായ വിസ ലഭിക്കാന്‍ സീസണ്‍ വിസ നിയമാവലി വഴിതുറക്കും. സീസണ്‍ വിസ ദുരുപയോഗപ്പെടുത്തുന്നതായി അധികൃതരുടെ ശ്രദ്ധയില്‍പെട്ട സാഹചര്യത്തിലാണ് തൊഴില്‍ മന്ത്രാലയത്തിന്‍െറ ശിപാര്‍ശയനുസരിച്ച് ശൂറ കൗണ്‍സില്‍ പുതിയ നിയമാവലിക്ക് രൂപം നല്‍കിയത്. താല്‍ക്കാലിക, സീസണ്‍ വിസ അനുവദിക്കുന്നത് കൂടുതല്‍ വ്യവസ്ഥാപിതമാക്കാനും പ്രത്യേക ജോലിക്കും, കാലത്തും ആവശ്യമായ ജോലിക്കാരെ ലഭിക്കാത്ത പ്രതിസന്ധി മറികടക്കാനും പുതിയ നിയമാവലിയിലൂടെ സാധ്യമാവും. താല്‍ക്കാലിക വിസ സ്ഥിരം വിസയിലേക്ക് മാറ്റുന്നതിന് വിലക്ക് ഏര്‍പ്പെടുത്താന്‍ കൂടി ഉദ്ദേശിച്ചാണ് പുതിയ നിയമാവലി കൊണ്ടുവരുന്നത്. 
യമന്‍ പ്രസിഡന്‍റ് അബ്ദുറബ്ബ് ഹാദി മന്‍സൂര്‍ സല്‍മാന്‍ രാജാവുമായി നടത്തിയ സംഭാഷണവും അഞ്ച് ലക്ഷത്തോളം യമന്‍ പൗരന്മാരുടെ രേഖകള്‍ ഇളവുകാലത്ത് ശരിപ്പെടുത്തിയതും മന്ത്രിസഭ വിലയിരുത്തി. ബഹ്റൈനിലെ കറാനയിലുണ്ടായ സ്ഫോടനത്തെ മന്ത്രിസഭ അപലപിച്ചു. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.