നവം. ഒന്നു മുതല്‍ ജിദ്ദയില്‍ നിന്ന് കോഴിക്കോട്ടേക്ക് എയര്‍ ഇന്ത്യ വിമാനം

ജിദ്ദ: കോഴിക്കോട് വിമാനത്താവളത്തിലെ അറ്റകുറ്റപ്പണിയോടനുബന്ധിച്ച് വിമാനസര്‍വീസ് മുടങ്ങിയതിനാല്‍ പ്രയാസമനുഭവിക്കുന്ന ജിദ്ദ പ്രവാസികള്‍ക്ക് എയര്‍ ഇന്ത്യയുടെ സന്തോഷവാര്‍ത്ത. നവംബര്‍ ഒന്നു മുതല്‍ ജിദ്ദയില്‍ നിന്ന് ആഴ്ചയില്‍ നാലു ദിനങ്ങളില്‍ മുംബൈ വഴി കോഴിക്കോട്ടേക്ക് എയര്‍ ഇന്ത്യ എ - 320 വിമാനങ്ങളുപയോഗിച്ച് സര്‍വീസ് തുടങ്ങുന്നു. ഞായര്‍, ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളില്‍ ജിദ്ദയില്‍ നിന്ന് കോഴിക്കോട്ടേക്കും ഞായര്‍, തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ തിരിച്ചും എയര്‍ ഇന്ത്യ സര്‍വീസ് നടത്തും. 
ജിദ്ദയില്‍ നിന്നു രാത്രി 9.15ന് പുറപ്പെടുന്ന വിമാനം പിറ്റേന്ന് പുലര്‍ച്ചെ 4.20 മുംബൈയില്‍ എത്തിച്ചേരും. അവിടെ നിന്നു രാവിലെ 6.25ന് പുറപ്പെടുന്ന വിമാനം 8.45 ന് കോഴിക്കോട് എത്തും. കോഴിക്കോട്ട് നിന്ന് രാവിലെ 9.25ന് പുറപ്പെടുന്ന ജിദ്ദ വിമാനം 11.25ന് മുംബൈയില്‍ ഇറങ്ങും. അവിടെ നിന്ന് വൈകിട്ട് 4.50 ന് പുറപ്പെട്ട് 7.45ന് ജിദ്ദയില്‍ എത്തും. എമിഗ്രേഷന്‍, കസ്റ്റംസ് ക്ളിയറന്‍സും മറ്റും കോഴിക്കോട് വിമാനത്താവളത്തിലായിരിക്കുമെന്ന് എയര്‍ ഇന്ത്യയില്‍ നിന്ന് ട്രാവല്‍ ഏജന്‍സികള്‍ക്ക് ലഭിച്ച വിവരം.  

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.