മിനാ ദുരന്തം: രക്ഷാപ്രവര്‍ത്തനത്തിനിടെ പരിക്കേറ്റ അസ്ലമിന് സ്വീകരണം നല്‍കി

ജീസാന്‍: ഉപ്പയുടെ പാത പിന്തുടര്‍ന്ന് ഹാജിമാരെ സേവിക്കാന്‍ ജിസാനില്‍ നിന്നും പോയി മിനാ ദുരന്തത്തില്‍ പെട്ടവരെ രക്ഷിക്കുന്നതിനിടെ പരിക്കേറ്റ മലപ്പുറം പെരിന്തല്‍മണ്ണ താഴേക്കാട്ട് സ്വദേശി അസ്ലമിന് ജിസാനിലെ പ്രവാസി സമൂഹം സ്വീകരണം നല്‍കി. ജീസാന്‍ യൂണിവേഴ്സിറ്റി പ്രൊഫസറായ ഫിറോസ് മന്‍സൂര്‍  ഐഷ ജസ്നി ദമ്പതികളുടെ മൂത്ത പുത്രനാണ് പ്ളസ് ടു വിദ്യാര്‍ഥിയായ അസ്ലം(17). ജീസാനില്‍ നിന്ന, ഹജ്ജ് സേവനത്തിനായി പോയ വിവിധ സംഘടന പ്രതിനിധികളെ ആദരിക്കുന്നതിന് തനിമ സംഘടിപ്പിച്ച ചടങ്ങില്‍ വെച്ചാണ് അസ്ലമിനെ ആദരിച്ചത്.
കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലായി ഹജ്ജ് സേവനത്തിനായി പോകുമായിരുന്ന ഉപ്പയായിരുന്നു അസ്ലമിന്‍െറ പ്രചോദനം. പിതാവ് തിരികെ വീട്ടില്‍ വന്ന് അനുഭവങ്ങള്‍ പങ്കുവെക്കുമ്പോള്‍ അടുത്ത തവണ തനിക്കും ഹാജിമാരെ സഹായിക്കാന്‍ പോകണമെന്ന ആഗ്രഹമാണ് അസ്ലമിനെ ഇത്തവണ ഹജ്ജ് സേവനത്തിനത്തെിച്ചത്. നാട്ടില്‍ പ്ളസ് ടുവിന് പഠിക്കുകയായിരുന്ന അസ്ലം അതിനായി കഴിഞ്ഞ വര്‍ഷം ഒരു ശ്രമം നടത്തിയെങ്കിലും നാട്ടില്‍ നിന്നും വരാന്‍ കഴിഞ്ഞില്ല. ഇക്കൊല്ലം ജീസാനില്‍ നിന്നും പോയ കെ.എം.സി.സി ഗ്രൂപ്പിലാണ് ആദ്യമായി അസ്ലം പുണ്യഭൂമിയില്‍ എത്തുന്നത്.
തന്നെ ഏല്‍പ്പിച്ച ദൗത്യത്തിനിടയില്‍ മിനയുടെ വഴിയില്‍ തലകറങ്ങി അവശതയില്‍ ഇരിക്കുകയായിരുന്ന ഒരു പാകിസ്താനി വനിതയെ ആംബുലന്‍സില്‍ ആശുപത്രിയില്‍ ആക്കി മടങ്ങുന്ന വഴിയിലാണ് മിനായില്‍ ദുരന്തമുണ്ടായ വിവരം ഡ്രൈവര്‍ക്ക് ലഭിക്കുന്നതും ഇതേ വണ്ടിയില്‍ തന്നെ സംഭവ സ്ഥലത്തേക്ക് പോകേണ്ടി വന്നതും. അവിടെ ചെന്ന് കണ്ട കാഴ്ച കണ്ട് അസ്ലം എന്ത് ചെയ്യണമെന്നറിയാതെ ആദ്യം അല്‍പസമയം ഒഴിഞ്ഞുമാറി നിന്നു. ആളുകള്‍ ഒന്നിന് മേലെ ഒന്നായി കിടന്ന് ജീവന് വേണ്ടി അപേക്ഷിക്കുന്നത് നേരില്‍ കണ്ട അസ്ലമിന് പിന്നെ ഒന്നും ആലോചിക്കേണ്ടി വന്നില്ല. ഒരു പൊലീസുകാരനോടൊപ്പം അസ്ലമും ഹാജിമാരുടെ ജീവന്‍ രക്ഷിക്കുന്നതിനായി രംഗത്തിറങ്ങി. കൂടിക്കിടക്കുന്ന ആളുകളില്‍ നിന്നും ജീവന്‍ ബാക്കിയുള്ളവരെ തെരഞ്ഞെടുത്ത് എത്രയും വേഗം ആശുപത്രിയിലേക്ക് മാറ്റുന്നതിനുള്ള ശ്രമത്തില്‍ ഇദ്ദേഹവും അവരെ സഹായിച്ചു. ഒരുപാട് ആളുകളുടെ താഴെ കിടന്ന് ഒരാള്‍ രക്ഷക്കായി അപേക്ഷിച്ചപ്പോള്‍ അദ്ദേഹത്തെ രക്ഷിക്കുന്നതിനിടയില്‍ മുകളില്‍ ഉണ്ടായിരുന്ന മറ്റ് ആളുകള്‍ വന്ന് അസ്ലമിന്‍െറ ശരീരത്തിലേക്ക് പതിക്കുകയും കൈക്കും കാലിനും പരിക്ക് പറ്റുകയുമായിരുന്നു. ഇത് കണ്ട പോലീസുകാരനാണ് അസ്ലമിനെ അവിടെ നിന്നും ആശുപത്രിയില്‍ എത്തിക്കാന്‍ സഹായിച്ചത്. അന്ന് തന്നെ ആശുപത്രിവിട്ട അസ്ലം അടുത്ത ദിവസവും ഉച്ചയോടെ പ്ളാസ്റ്ററിട്ട കൈയും കാലുമായി വീണ്ടും മിനായില്‍ ഹാജിമാരെ സഹായിക്കുന്നതിനായി എത്തി. ദുല്‍ഹജ്ജ് 13 ന് ഹജ്ജ് കര്‍മ്മങ്ങള്‍ അവസാനിച്ച ശേഷമാണ് അസ്ലം മിന വിട്ട് ജീസാനില്‍ എത്തിയത്. മുന്‍ വിദ്യാഭ്യാസ മന്ത്രി നാലകത്ത് സൂപ്പിയുടെ സഹോദര പുത്രനാണ് അസ്ലമിന്‍െറ പിതാവ് മന്‍സൂര്‍.
തനിമ ജീസാന്‍ ഏരിയാ പ്രസിഡന്‍റ് ഇസ്മാഈല്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ഡോ. അമീര്‍ അഹ്സന്‍ ആമുഖ പ്രഭാഷണം നടത്തി. കെ.എം.സി.സി പ്രതിനിധികളായ ഷംസു പൂക്കോട്ടൂര്‍, മുഹമ്മദ് വിളക്കോട്, സാദിഖ് മാഷ്, സലീം, പ്രവാസി സാംസ്കാരിക വേദി പ്രതിനിധി അഷ്റഫ്, ജല പ്രതിനിധി താഹ, തനിമ പ്രതിനിധി നൗഷാദ് എന്നിവര്‍ സംസാരിച്ചു. തനിമ അസീര്‍ സോണ്‍ പ്രസിഡന്‍റ് അഹമ്മദ് ശരീഫ്  സമാപന പ്രസംഗം നടത്തി.  ഷാഹിന്‍ സ്വാഗതവും സൈതലവി നന്ദിയും പറഞ്ഞു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.