സ്വകാര്യ തൊഴില്‍ ഉപേക്ഷിക്കുന്ന സ്വദേശികളുടെ എണ്ണം കുറഞ്ഞു

ജിദ്ദ: സ്വകാര്യ തൊഴില്‍ മേഖലയില്‍നിന്നു ഒഴിഞ്ഞുപോകുന്ന സ്വദേശി ജീവനക്കാരുടെ എണ്ണം 10 ശതമാനമായി കുറഞ്ഞതായി മാനവ വിഭവശേഷി വകുപ്പ് (ഹദഫ്) തൊഴില്‍ദാന പദ്ധതി ഡയറക്ടര്‍ ജനറല്‍ ഡോ. മന്‍സൂര്‍ അല്‍ മന്‍സൂര്‍ വ്യക്തമാക്കി. 2015 വര്‍ഷത്തെ ആദ്യ മൂന്ന് മാസത്തിനിടെ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ നടത്തിയ വിലയിരുത്തലില്‍ ഇവരുടെ എണ്ണം 15 ശതമാനമായി കണ്ടത്തെിയിരുന്നു. 
സ്വദേശികളെ തൊഴില്‍ മേഖലയില്‍നിന്നു പിന്തിരിപ്പിക്കുന്ന സാഹചര്യങ്ങള്‍ നീങ്ങിവരികയാണെന്നു അദ്ദേഹം അഭിപ്രായപ്പെട്ടു. ജിദ്ദ ചേംബറില്‍ നടക്കുന്ന ഏഴാമത് മാനവ വിഭവ ശേഷി വകുപ്പിന്‍െറ ഫോറത്തില്‍ പങ്കെടുക്കാനത്തെിയ അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.
കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ 7,20,000 തൊഴില്‍ അവസരങ്ങള്‍ ഹദഫ് വഴി സ്വദേശികള്‍ക്ക് നല്‍കിയിട്ടുണ്ട്. എന്നാല്‍ സാമ്പത്തിക രംഗത്തുണ്ടായ മാറ്റങ്ങള്‍ അടുത്ത വര്‍ഷത്തെ തൊഴിലവസരങ്ങളെ ബാധിക്കാനിടയുള്ളതിനാല്‍ എത്ര അവസരങ്ങള്‍ സ്വദേശികള്‍ക്ക് നീക്കിവെക്കുമെന്ന് ഇപ്പോള്‍ പറയാനാവില്ളെന്ന് അദ്ദേഹം പറഞ്ഞു. വിദൂര തൊഴിലവസരങ്ങളുടെ വികസനാര്‍ഥം പുതിയ പദ്ധതികള്‍ ആവിഷ്കരിക്കാന്‍ മാനവ വിഭവശേഷി വകുപ്പ് തയാറെടുത്തു വരികയാണ്. വരുന്ന ഏതാനും നാളുകള്‍ക്കുള്ളില്‍ ഇത് യാഥാര്‍ഥ്യമാകും. 
ഇതിന്‍െറ ഭാഗമായി തൊഴിലുടമയെയും വിദൂര തൊഴിലുകളിലേര്‍പ്പെടുന്ന സ്വദേശികളെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ഇലക്ട്രോണിക് നെറ്റ്വര്‍ക്ക് പരിഷ്കരിക്കും. ജീവനക്കാര്‍ ഇതുവഴി പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യും. ജീവനക്കാരുടെ യോഗ്യതകളടക്കമുള്ള വിശദവിവരങ്ങളും ഇതിലൂടെ തൊഴില്‍ ദാതാവിന് ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു. 
നിലവില്‍ തൊഴില്‍ കമ്പോളം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി സ്ത്രീ തൊഴിലാളികളുമായി ബന്ധപ്പെട്ടതാണ്. സ്ത്രീ തൊഴിലാളികള്‍ക്ക് സ്വീകാര്യത ലഭിക്കുന്ന സാഹചര്യം കമ്പോളത്തില്‍ സാധ്യമാക്കാനായി മന്ത്രാലയം തൊഴില്‍ ദാതാക്കളുമായി സഹകരിച്ച് സ്ത്രീതൊഴിലാളികളുടെ തൊഴില്‍ സാഹചര്യം മെച്ചപ്പെടുത്തുന്നതിനുള്ള പരിപാടികള്‍ ആവിഷ്കരിച്ചു വരികയാണ്. തൊഴില്‍ കമ്പോളത്തില്‍ അവര്‍ക്ക് നിരവധി അവസരങ്ങളുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.